airhostess (4)

എയർ ഹോസ്റ്റസ്

ഡിഗ്രി കഴിഞ്ഞു .ഇനിയങ്ങോട്ട് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്യ. പിജി ക്കു ചേരാതെ IATA ( ട്രാവൽ & ടൂറിസം) കോഴ്സ് നു ജോയിൻ ചെയ്ത സമയം. ഈ ഷോർട് ട്ടേം കോഴ്സ് കഴിഞ്ഞാൽ ഉടൻ തന്നെ ജോലി ക്കു കേറി ഞാൻ സ്വയം പര്യാപ്തത കൈവരിക്കാൻ പോകാന് എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. കല്യാണ ആലോചന ഒക്കെ മുറക്കി നടന്നോട്ടെ ട്ടാ! അതിൽ ആലസ്യം ഒന്നും കാണിക്കണ്ട. അല്പം കൂടെ ഉത്തരവാദിത്വം ആവാം. കൂട്ടുകാരുടെ കല്യാണസദ്യ ഉണ്ണാൻ തുടങ്ങി കാലം ശ്ശി ആയി. വീട്ടുകാരെ ഞാൻ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. നമ്മടെ സങ്കടം ആരോട് പറയാൻ! എന്തായാലും ഇതിനിടയിൽ IATA പാസ് ആയി.സർട്ടിഫിക്കറ്റ് പെട്ടിയിൽ വച്ച് ഭദ്രമായി പൂട്ടി.

ഒരു വെളുപ്പാൻ കാലത്തു “മാതൃഭൂമി” ഇലെ പരസ്യങ്ങളും ചരമ കോളവും അരിച്ചു പെറുക്കുമ്പോ ആണ് ആ പരസ്യം കണ്ണിൽ പെട്ടത്.എയർ ഇന്ത്യ ക്യാബിൻക്രൂനെ എടുക്കുന്നു. ഇന്റർവ്യൂ കോഴിക്കോട് ഉള്ള ഒരു 4 സ്റ്റാർ ഹോട്ടലിൽ വച്ചിരിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം കഴിഞ്ഞു ജോലി ഒന്നും സെറ്റ് ആവാത്ത സ്ഥിതിക്ക് ഇതൊന്നു അപ്ലൈ ചെയ്തു നോക്കാം. ഈ പേരും പറഞ്ഞു പിജി ക്കു ചേരാതെ രക്ഷപെടാം.  അതായിരുന്നു പ്ലാൻ. അത് വരെ ആകാശത്തൂടെ മാത്രം പ്ലെയിൻ പോണത് കണ്ട എനിക്ക് കാര്യമായ കോൺഫിഡൻസ്  ഇല്ലെങ്കിലും വീട്ടിലെ കോൺഫിഡൻസ്  ബൂസ്റ്റർ  ആയ അമ്മയോട് കൺസൾട് ചെയ്യാൻ ന്യൂസ് പേപ്പർ എടുത്തു അടുക്കളയിലേക്ക് വിട്ടു. കുറ്റം പറയരുതല്ലോ ഐർഹോസ്റെസ്സ്  അല്ല ഇനി മിസ് വേൾഡ് മത്സരത്തിന്  അപ്ലൈ ചെയ്യണം നു പറഞ്ഞാലും അമ്മയുടെ മോട്ടിവേഷണൽ ടോക്ക് അൽപനേരം ശ്രവിച്ചാൽ മതി.സ്വന്തം മക്കളോട് മാത്രമേ മുഖത്തു നോക്കി പച്ച കള്ളം പറയാൻ പറ്റു എന്ന ഒറ്റ കാരണം കൊണ്ട് എന്റെ അമ്മ ഒരു പബ്ലിക് മോട്ടിവേഷണൽ സ്പീക്കർ ആവാതെ പോയി.

പണ്ട് ഞാൻ അബദ്ധത്തിൽ ഒരു മൂളി പാട്ടു പാടീപ്പോ അമ്മ പറഞ്ഞു,”മോളെ നീ നല്ല അസ്സലായി പാടുന്നുണ്ട് ട്ടാ”. “ഉവ്വോ!”സംശയിച്ചു നിന്ന എന്നോട് പാടാൻ കഴിവുള്ളവരെ  ഉള്ളവരെ കണ്ടാൽ  ഒറ്റ നോട്ടത്തിൽ അറിയാം എന്ന് യാതൊരു ഭാവവ്യത്യാസം ഇല്ലാതെ ആണ് അമ്മ കാച്ചിയത്. എന്നിലെ നർത്തകിയെ അമ്മ തിരിച്ചറിഞ്ഞതും അങ്ങനെ തന്നെ. മണിച്ചിത്രത്താഴിലെ ശോഭന പോലെ ആണ് ഞാൻ ഡാൻസ് ച്ചെയ്യുന്നെ എന്ന് പറയാൻ അമ്മയ്ക്ക്  രണ്ടാമത് ആലോയ്ക്കേണ്ടി വന്നില്യ. മക്കളോട് ഏതൊരമ്മയ്ക്കും ഉള്ള അമിത സ്നേഹത്തിന്റെ പ്രതിഫലനം ആണ് എന്ന് മനസ്സിലാകാതെ “ഒരു മുറൈ വന്ത് പാർത്തയാ” ക്കു സ്റ്റെപ് ഇട്ടും “ഹരിവരാസനം ” സാധകം ചെയ്തും, അത് കേട്ട് പറമ്പിലെ മാക്കാച്ചി തവളകൾ കോറസ്  ആയി കൂടെ പാടീട്ടും സ്വയം തിരിച്ചറിവില്ലാത്ത ഒരു ബാല്യകൗമാര കാലം എനിക്ക് ഉണ്ടായിരുന്നു.ആ മാതിരി പണി തന്ന കക്ഷിടെ മുന്നിലെയാണ് “മാതൃഭൂമി” പിടിച്ചു ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറെടുത്തു നില്കണത് .കാര്യം കേട്ട് കഴിഞ്ഞു” യു വെർ ബോൺ റ്റു ബി ആൻ ഐർഹോസ്റെസ്സ്” എന്ന ഫീൽ ഉണ്ടാക്കാൻ അമ്മക്ക് തികച്ചു അഞ്ചു മിനിറ്റ്  പോലും പണിപ്പെടേണ്ടി വന്നില്യ.

അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുക എന്ന ടാസ്ക് അമ്മക്ക് കൊടുത്തു ഞാൻ അപ്ലിക്കേഷൻ റെഡി ആക്കാൻ പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്റർവ്യൂ നു വിളി വന്നു . ഗ്രൂപ്പ് ഡിസ്കഷൻ ഉം പേർസണൽ ഇന്റർവ്യൂ ഒരു ദിവസം തന്നെ.ഒരു കൈ നോക്കി കളയാം. അമ്മയുടെ ഒരു സാരി എടുത്തുടുത്തു അച്ഛന്റെ കൂടെ കോഴിക്കോട് പോയി . ലൈഫ് ലെ ആദ്യത്തെ ഇന്റർവ്യൂ.ഹോട്ടൽ ലോബിയുടെ   ഊഷ്മളതയിൽ ഒരു കോർണർ സോഫ  കണ്ടു പിടിച്ചു ഞാനും അച്ഛനും ഇരുപ്പുറപ്പിച്ചു. പതിയെ ഉദ്യോഗാർഥികൾ ഓരോരുത്തരായി രംഗപ്രവേശം ചെയ്തു തുടങ്ങി. എല്ലാം പച്ച പരിഷ്കാരികൾ.അവരുടെ മട്ടും ഭാവവും കണ്ടു മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിനു വന്ന ഗ്രാമീണ യുവതിയുടെ ചങ്കിടിച്ചു .അമ്മയുടെ മോട്ടിവേഷൻ ഇവിടെയും പണി തരുമോ? കുറച്ചു കഴിഞ്ഞു ഒരു ബോളിവുഡ് നടിയുടെ ശേലുള്ള ഒരു പെൺകൊടി അവിടെ വന്നിറങ്ങി. പിന്നെയങ്ങോട്ട് അവടെ ഇരിക്കുന്ന മൊത്തം യുവകോമളന്മാരുടെ കഴുത്തിന്റെ ചലനം  സുന്ദരിയുടെ പാദചലനത്തിൽ അതിഷ്‌ഠിതമായിരുന്നു . ഇതൊക്കെ കണ്ടു ഞാനൊരു ദീർഘനിശ്വാസം വിട്ടു അച്ഛനോട് ചോദിച്ചു. “നമക്ക് തിരിച്ചു പോയാലോ?”

വിഷണ്ണയായ ഞാൻ കുറച്ചു അപ്പ്രത് മാറി ഇരിക്കുന്ന നടൻ സുനിൽ നരെയ്ന്റെ  ഛായയുള്ള ഒരു പയ്യനെ കണ്ടു. ഗ്ലാമറിന്റെ കാര്യത്തിൽ തുല്യ ദുഃഖിതരായ ഞങ്ങൾ പരസ്പരം നോക്കി തലയാട്ടി. വഴിയേ നിർദ്ദേശങ്ങളുമായി ഒരു ഹിന്ദിക്കാരൻ എത്തി.ആദ്യം പേർസണൽ ഇന്റർവ്യൂ അത് കഴിഞ്ഞു ഗ്രൂപ്പ് ഡിസ്കഷൻ.പേർസണൽ ഇന്റർവ്യൂ നു എന്റെ പേര് വിളിച്ചു : രജിത എൻ. വിളി വന്നതും ഞാൻ അലേർട്ട് ആയി . “ബ്രീത്  ഇൻ, ബ്രീത് ഔട്ട് , ചിൻ അപ്പ്  ചെയ്തു ആറ്റിട്യൂട് ഓൺ ആക്കി. എന്നിട്ടു ‘ടക്, ടക്, ടക്’ ശബ്ദം ബാക്ഗ്രൗണ്ട്  സ്കോർ ഇട്ടു റാമ്പ്  വാക്  നടത്തി ഇന്റർവ്യൂ  റൂം ലക്ഷ്യമാക്കി നീങ്ങി. പരിചയമില്ലാത്ത ഹീൽസ് ഇട്ടു എന്റെ ബാലൻസ് കേരളത്തിലെ പവർ കട്ട് പോലെ വന്നും പോയും ഇരുന്നു. ലക്കും ലഗാനുമില്ലാതെ എന്റെ ആ വരവ് കണ്ടു ഷഷ്ടിയോടു അടുക്കാറായ നാലംഗ പാനൽ അവരുടെ മുന്നിൽ ഇട്ടിരിക്കുന്ന കസേരയിൽ  ഞാൻ ഇരിക്കുന്ന വരെ ഇരിക്കാൻ കൂട്ടാക്കാതെ എണിറ്റു നിന്നു ബഹുമാനം രേഖപ്പെടുത്തി . ആസനസ്ഥയായ ഞാൻ ഫയൽ തുറന്നു ഇന്റര്നാഷനലി  ആക്റക്രെഡിറ്റഡ്  IATA സർട്ടിഫിക്കറ്റ്  പുറത്തെടുത്തു അവർക്കു നേരെ നീട്ടി കൊണ്ട് പറഞ്ഞു, Namashhhkaar!

ഇന്റർവ്യൂനു ഒടുവിൽ അടുത്ത റൌണ്ട് ആയ ഗ്രൂപ്പ് ഡിസ്കഷനിലേക്കു എനിക്ക് ചാൻസ് തന്നു അവർ റിസ്ക് എടുത്തു .മൊബൈൽ ഫോണിന്റെ നല്ല വശവും ദൂഷ്യ വശവും ആയിരുന്നു ടോപ്പിക്ക്. ആ കാലത്തു നല്ല ഭർത്താവിനെ കിട്ടാൻ ആഴ്ചതോറും  അനുഷ്‌ഠിച്ചു വരുന്ന മൗനവൃതം ഈ ടോപ്പിക്ക് കേട്ടതോടെ ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു. ഗ്രൂപ്പ് ഡിസ്കഷൻ പുരോഗമിച്ചു. കടലിൽ മീൻ പിടിക്കാൻ പോയോർക്കു കിട്ടിയ ചാകര അയില ആണോ ചാള ആണോ എന്ന് കരയിൽ ഉള്ളോരോട് സംവദിക്കാൻ  മൊബൈൽ ഉപകാരം ആണെന്ന്   ഒരു ഭാവി ക്യാബിൻ ക്രൂ പ്രതിപാദിച്ചത് കേട്ട് പാനലിലെ ഹിന്ദിക്കാരുടെ കിളി ജനൽ വഴി മുംബൈ ക്ക് പോയി. ഞാൻ സമയം പാഴാക്കാതെ വിരല് ഞൊടിച്ചു “ട്ടും ട്ടും ” ശബ്ദം ഉണ്ടാക്കി നേരമ്പോക്കി. ലിസ്റ്റ് വന്നപ്പോ ഹിന്ദിക്കാർ എന്നെ വീണ്ടും തോപ്പിച്ചു. ഞാൻ വീണ്ടും സെലെക്ടഡ്.

അടുത്തതു മെഡിക്കൽ റൌണ്ട് LF ഹോസ്പിറ്റൽ അങ്കമാലിയിൽ. തിരിച്ചു കോഴിക്കോട് നു വീട്ടിലേക്കുള്ള യാത്രയിൽ അൾട്ടിട്യൂഡ് ലെവൽ  45,000 ഫീറ്റ്  ഇൽ കുറയാത്ത ദിവാ സ്വപ്നങ്ങൾ ഞാൻ കണ്ടു .വീടെത്തിയപ്പോൾ എന്റെ മോട്ടിവേഷൻ ഗുരു TV സീരിയൽ കാണുകയായിരുന്നു. താമസിയാതെ സ്വയം പര്യാപ്തത കൈ വരിക്കാൻ പോകുന്ന ഞാൻ ഫയലും  ബാഗും കോലയിലേക്ക് വലിച്ചെറിച്ചു വീടിന്റെ മുറ്റത്തു നിന്നു ഒരു പ്രഖ്യാപനം നടത്തി. ഉടൻ തന്നെ എന്റെ കല്യാണ ആലോചനകൾ നിർത്തി വെക്കുക. എല്ലാ പ്രതിശ്രുത വരന്മാരെയും അനിശ്‌ചിത കാലത്തേക്ക് വെയ്റ്റിംഗ് ലിസ്റ്റ് ഇൽ ഇടുക. പിജി ക്കു ചേർക്കൽ മറന്നേക്കുക . കാരണം ഇനിയെന്റെ ബ്രേക്ഫാസ്റ് ന്യൂയോർക് യിലും, ലഞ്ച്  ലണ്ടൻ യിലും , ഡിന്നർ പാരീസ് യിലും ആയിരിക്കും. എന്റെ പ്രഹസനം കണ്ടു വീട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു.

ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും കഴിഞ്ഞു കൂടിയ ഞാൻ എയർ ഇന്ത്യ യുടെ ഒരു വിളിക്കായി പോസ്റ്മാനെ പ്രതീക്ഷിച്ചു എന്നും വേലിക്കു കാത്തു നിന്നു.  ചിന്താമണി ഡോക്ടർ വി. എൻ പോറ്റിയുടെ (പിടക്കോഴി കൂവുന്ന നൂറ്റാണ്ടു) പ്രേമലേഖനത്തിനു കാത്തിരുന്ന പോലെ. എന്തായാലും വീട്ടുകാരെ കല്യാണം നോക്കൽ എനിക്ക് സ്റ്റോപ്പ് ചെയ്യാൻ പറ്റിയെങ്കിലും പി ജി കു തൃശൂർ വിമലയില് ചേരേണ്ടി വന്നു.വിമലയിൽ  കേറി എയർ ഇന്ത്യ യിൽ എയർ ഹോസ്റ്റസ് ന്റെ ഇന്റർവ്യൂ കഴിഞ്ഞു ഇരിക്കുന്നവളാണെന്നു വീമ്പടിച്ചു. പക്ഷെ കത്തും വന്നില്യ ഒരു മണ്ണാങ്കട്ടയും വന്നില്യ.നിർത്തി വച്ച കല്യാണാലോചനയും പുനരാരംഭിച്ചു.വര്ഷം വന്നു, വേനൽ വന്നു, എന്റെ പ്രതിശ്രുത വരനും വന്നു.അങ്ങനെ ജർമൻ സ്വപ്നങ്ങൾ ആയി ഇരിക്കുമ്പോഴാണ് ഏകദേശം ഒന്നര വർഷത്തിന് ശേഷം ഫൈനൽ ഇന്റർവ്യൂ കൊച്ചി, Le Méridien യിൽ അറ്റൻഡ് ചെയ്യാൻ ഉള്ള കത്ത് ഞാൻ കൈപ്പറ്റിയത്. പക്ഷെ അപ്പോഴേക്കും എമിരേറ്റ്സ്  ഫ്ലൈറ്റ്  ജർമ്മനിയിലേക്ക് ചാർട് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.