benz (5)

ഒരു കൊറോള-ബെൻസ് പുരാണം

ഒരു സുഹൃത്ത് ഇന്ന് ശ്രി കരുണാകരന്റെ (ലീഡർ ) ഒരു രസികൻ വീഡിയോ വാട്ട്സ്ആപ്പ് ചെയ്തു. അത് കണ്ടപ്പോൾ പണ്ടത്തെ ചില ഓർമ്മകൾ മനസ്സിൽ ഓടിയെത്തി. “ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ." (ഇല്യ നിർത്തി)

ഞാൻ അന്ന് എന്റെ വീട്ടിൽ നിന്നും മാറി തൃശൂർ  ഉള്ള വല്യമ്മയുടെ കൂടെ നിന്ന്  പഠിക്കുന്ന കാലം. വല്യച്ഛൻ എല്ലാ മാസം ഒന്നാം തീയതി ഗുരുവായൂർ ദർശനം പതിവായിരുന്നു . ശ്രി കരുണാകരനെ  പല തവണ ഗുരുവായൂർ അമ്പലത്തിൽ വച്ച് കണ്ടിട്ടുമുണ്ട് . എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ കാണാൻ അദ്ദേഹവും വരുമായിരുന്നല്ലോ! ഒരു ദിവസം വല്യമ്മയുടെയും വല്യച്ഛന്റേം കൂടെ ഞാനും അമ്പലത്തിൽ പോവുകയുണ്ടായി. തിരിച്ചു തൃശ്ശൂരിലേക്ക്  വരുന്ന വഴി ലീഡർ ഒരു നീല കൊറോള യിൽ പോലീസ്എസ്കോർട്ടോടെ കത്തിച്ചു വിടുന്നു. “ഇവരുടെ പിന്നാലെ അങ്ങോട്ട് വച്ച് പിടിച്ചാൽ നമുക്കും പെട്ടന്ന് അങ്ങോട്ട് തൃശൂർ പിടിക്കാം“  വല്യച്ഛന്റെ വെരി ബ്രില്ലിയൻറ് ഐഡിയ.കേട്ട പാതി കേൾക്കാത്ത പാതി ഡ്രൈവർ ആക്സിലറേറ്റർ അമർത്തി ചവിട്ടി. ശ്വാസം പിടിച്ചുള്ള ആ പോക്കിൽ വല്യച്ഛൻ ആത്മഗതം പറയുന്നത്  കേട്ടു : “നീല കൊറോള, രാമനിലയത്തിലേക്കുള്ള പോക്കാണ്, ഭാഗ്യവാൻ“ എന്ന്.  ഇവിടെ കൊറോള ആണോ രാമനിലയം ആണോ ഭാഗ്യഹേതു എന്ന് മനസ്സിലാകാതെ ഞാൻ വലഞ്ഞു, എന്റെ തല പൊകഞ്ഞു. പൊതുവെ  അന്തർമുഖി  ആയിരുന്ന ഞാൻ  മനസ്സിൽ തികട്ടി  വന്ന പല ചോദ്യങ്ങളും ചോദിക്കാതെ കഷ്ടപ്പെട്ട്  കടിച്ചിറക്കി. ഭയഭക്തി ബഹുമാനത്തോട് കൂടെ കാണുന്ന വല്യച്ചനോട്  അങ്ങനെ എന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ ഞാൻ മിനക്കെട്ടർണില്യ.

കുറച്ചു വര്ഷങ്ങള്ക്കു ശേഷം  ജോലിയിൽ ഉന്നത പദവി വഹിച്ചിരുന്ന വല്യച്ചന് കമ്പനി ഒരു ബെൻസ്  കൊടുത്തു. പുത്തൻ  C ക്ലാസ്. അന്ന് ഇന്നത്തെ പോലെ തൃശൂർ നഗരത്തിൽ ബെൻസ് കാറുകൾ  ചറപറ ഓടണില്യ. വിരലിലെണ്ണാവുന്ന മാത്രം. ആദ്യമായി കാർ വീട്ടിൽ വന്ന ദിവസം. അടുക്കളയിൽ എന്തോ ജോലി യിൽ ഏർപ്പെട്ടിരുന്ന  വല്യമ്മയെ വല്യച്ഛൻ പൂമുഖത്തേക്ക് വിളിച്ചു. “ഇതാ കമ്പനി തന്ന പുതിയ കാർ നോക്കൂ! ഏതാണെന്നു മനസ്സിലായോ?”ഏറെ പ്രതീക്ഷയോടെ വല്യച്ഛൻ ചോദിച്ചു.വല്യമ്മ കാർ നു ചുറ്റും ഒന്ന്  വലം വച്ചു, കളർ സിൽവർ ആണെന്നും , നമ്പർ 234  ആണെന്നും കറക്റ്റ് ആയി തന്നെ പറഞ്ഞു. എന്നാൽ പ്രൗഢിയോടെ ആ ഷെഡിൽ  കിടക്കുന്നവൻ ബെൻസ് ആണെന്ന് വല്യമ്മ തിരിച്ചറിഞ്ഞില്യ! കാർ കിട്ടിയ സന്തോഷമെല്ലാം പോയി വല്യച്ഛന്റെ മുഖം മ്ലാനമാവുന്നത് ഞാൻ ഇടംകണ്ണാൽ വീക്ഷിച്ചു. ഇനി ഇവിടെ നില്കുന്നത് അത്ര  പന്തിയല്ല, അടുത്ത ചോദ്യം എന്നോടാണ് എന്ന് ദീർഘവീക്ഷണത്തിൽ കണ്ടെത്തിയ ഞാൻ അകത്തേക്ക്  നൈസ് ആയി വലിഞ്ഞു.  നാട്ടിലെ മാരുതി  അംബാസിഡർ മാത്രം കണ്ട  എനിക്കും ഈ വിദ്വാനെ പരിചയം ഉണ്ടാരുന്നില്യ! 

അവടന്നങ്ങോട്ട് ആ ഹതഭാഗ്യന്റെ  ശനിദശ  ആയിരുന്നു. വല്യച്ചനെ ഓഫീസിൽ കൊണ്ട് പോകാൻ മാത്രമല്ല , എനിക്ക് സ്കൂൾ പോകാനും വല്യമ്മയ്ക്കു  മാർക്കറ്റ് പോകാനും  മീൻ മേടിക്കാനും ഒക്കെ ബെൻസ് ഇല്ലാതെ വയ്യന്നായി.ആ വർഷത്തെ  മഴക്കാലത്തു  ചുറ്റും ഉള്ള  പ്രദേശം എല്ലാം മുങ്ങി കിടക്കുന്ന അവസരത്തിൽ മ്മടെ ആ ഷുമാക്കർ(ഡ്രൈവർ) അരക്കൊപ്പം വെള്ളത്തിൽ പുറത്തിറക്കി ഓടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു.അതോടെ ബെൻസ്ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി .എൻജിൻ  ഔട്ട്  കംപ്ലിറ്റലി. വല്യച്ഛന്റെ കുറെ പൈസ ആ വകയിൽ മാറി കിട്ടി. പൊതുവെ ശാന്ത  ശീലനായിരുന്ന വല്യച്ഛൻ അന്ന് ഭാവം  മാറിയത് നമ്മൾ  കണ്ടു. എന്നാൽ അതിനു ശേഷം ചില കാര്യങ്ങൾക്ക് ഒക്കെ ഒരു  മാറ്റം വന്നു, ബഹുമാനിക്കേണ്ടവരെ  ബഹുമാനിക്കാൻ പഠിച്ചു, കൂടാതെ  ബെൻസ് ആരാണെന്നു നമ്മൾ തിരിച്ചറിഞ്ഞു, അവന്റെ നിലയും വിലയും.