ജർമ്മനിയിൽ വന്നു ആദ്യമായി നാട്ടിൽ പോക്ക് രണ്ടു വര്ഷങ്ങള്ക്കു ശേഷം ആയിരുന്നു. മാളുവിന് ഒരു ആറുമാസം പ്രായം. സാജൂന്റെ വീട്ടിൽ കൊറച്ചൂസം നിന്ന് ഞാൻ എടപ്പാളിലെ എന്റെ വീട്ടിലേക്കു പോയി. അവിടെ നല്ല വാളൻ പുളിയും, ചീനി മുളകും, മുളകുപൊടിയും, കറിവേപ്പിലേം ഒക്കെ ഇട്ടു വച്ച നല്ല ചോന്ന മത്തി കറിയും ചോറും കൂടി ഞാൻ ഒരു പിടി പിടിച്ചു. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് എടപ്പാൾ ദേശം കോലൊളമ്പ് റൂട്ടറിലെ എന്റെ വീട്ടിൽ ഇരുന്ന് ഈ മത്തികറി കഴിക്കുമ്പോ കിട്ടുന്ന ഒരു അനുഭൂതി ആണ് എന്ന് ഞാൻ പറേം. ബൈ ദി ബൈ ഒരു ഇന്റർവ്യൂ ഇൽ നടൻ പ്രിത്വിരാജിനോട് ഇഷ്ടഭക്ഷണത്തെ പറ്റി ചോയ്ച്ചപ്പോ അച്ഛൻ സുകുമാരന്റെ നാടായ എടപ്പാൾ ഭാഗത്തു കണ്ടു വരുന്ന ഈ മത്തി കറി ആണ് എന്നാണ് ലംബോർഗിനി സ്വന്തമായുള്ള അദ്ദേഹം പറഞ്ഞത്.
അങ്ങനെ മെയ്യനങ്ങാതെ സുഖലോലുപ ആയി വസിക്കുമ്പോഴാണ് ഡ്രൈവിംഗ് ഒന്ന് പഠിച്ചാലോ എന്ന് മോഹം ഉദിച്ചത് . നേരം കളയാതെ എടപ്പാൾ ചുങ്കത്തെക്കു വച്ച് പിടിച്ചു ഉമ്മറിക്കാന്റെ “ഫേമസ്” ഡ്രൈവിംഗ് സ്കൂളിൽ പോയി ചേർന്നു. ജർമ്മനിയിൽ നിന്ന് വന്ന ഞാൻ അവിടെ ആളാവാൻ വേണ്ടി ജർമൻ കാറുകളെ പറ്റിയും സാങ്കേതിക മികവിനെ പറ്റിയും വാതോരാതെ പ്രസംഗിച്ചു. വഴിയേ ഞാൻ ഡ്രൈവിംഗ് തിയറി എക്സാം “ഫ്ലയിങ് കളേഴ്സിൽ” പാസ് ആയി .
ശരശയ്യയിൽ കയറിയ മാരുതി 800 നെ ഉന്തി തള്ളി ഉമ്മറിക്ക ഇടയ്ക്കിടെ ഡ്രൈവിംഗ് നു പറഞ്ഞയക്കും. ഞങ്ങള് പാട്യെതാക്കളെ വഹിച്ചു മാരുതി അമ്മൂമ്മ പായാരം പാടി എടപ്പാൾ ചുങ്കത്തുന്നു വടക്കു കുറ്റിപ്പുറോം, കിഴക്കു പട്ടാമ്പിക്കും, തെക്കു തൃശൂർ ക്കും, പടിഞ്ഞാറു പൊന്നാനിക്കും പായും. ദിവസങ്ങള് കഴിഞ്ഞു. തിരിച്ചു പോകേണ്ട സമയമായി. ഡ്രൈവിംഗ് എങ്ങും എത്തീട്ടില്ല. കാരണം ഞാനൊന്നു ക്ലച്ച് ചവിട്ടി , ഗിയര് മാറ്റി, ആക്സിലറേറ്റർ കൊടുക്കുമ്പോഴേക്കും അടുത്ത ആൾടെ ചാൻസ് വന്നു എന്നെ ഡ്രൈവിംഗ് സീറ്റിൽനു തട്ടും . അതാണ് പതിവ് !
അപ്പോഴാണ് ജർമ്മനി നു സാജു വിളിച്ചത് : നീ അവിടെ ഡ്രൈവിംഗ് ആയി നടന്നു എന്റെ വീട്ടിൽ ഇനി പോകുന്നിലെ ? അവർക്കു കുട്ടിനെ കാണണ്ടേ? ; ന്യായമായ ചോദ്യം
പക്ഷെ ആ ചോദ്യം വന്നതും കുശാഗ്രബുദ്ധിക്കാരിയായ ഞാൻ പോളണ്ടിനെ പറ്റിയും , ഘാട്ട് കരാറിനെ പറ്റിയും സംസാരിച്ചു ഡിസ്കഷൻ റൂട്ട് തിരിച്ചു വിട്ടു.
എന്തായാലും ഇനി കാര്യങ്ങൾ ഒന്നുടെ സ്പീഡ് അപ്പ് ആകണം.പിറ്റേ ദിവസം ഞാൻ അല്പം നേരത്തെ ചില “പ്ലാനും പദ്ധതികളും” ഒക്കെ ആയി സ്കൂൾ എത്തി. ഉമ്മറിക്കയോട് കാര്യം അവതരിപ്പിച്ചു.
ആരെ “കൊന്നിട്ടാണേലും” വെണ്ടൂല ഇക്ക എനിക്ക് ഇന്ത്യൻ ലൈസൻസ് കിട്ടാതെ ഇനി ജർമ്മനിയിലേക്ക് ഫ്ലൈറ്റ് കേറാൻ പറ്റില്ല. ഞാൻ കട്ടായം പറഞ്ഞു.
“ജ്ജ് എന്തായിപറേണത് ? “
“ഇത് വരെ “സ്റ്റഡി” ആയിട്ടില്യ. ഞാൻ ‘H’ എടുത്തു പോയി കഴിഞ്ഞ പിന്നെ കുത്തിവെച്ച കമ്പിയെല്ലാം യുദ്ധഭൂമിയിൽ ധീരമൃത്യു വരിച്ച യോദ്ധാക്കളെ പോലെ തലങ്ങും വിലങ്ങും കിടപ്പാണ്. എനിക്ക് ഗദ്ഗദം വന്നു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
“മോള് ബേജാറാകേണ്ട , മ്മള് ശരിയാക്കിത്തരാം അന്റെ ലൈസൻസ്”, എന്റെ സങ്കടം കണ്ടു ഉമ്മറിക്കയുടെ മനസ്സ് കോഴിക്കോടൻ അലുവ പോലെ അലിഞ്ഞു.
അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ദിവസം എത്തി. ഒരു കൂട്ടം വിദ്യാർത്ഥികളെ കൂടി കൊണ്ട് പൊന്നാനി സ്കൂൾ ഗ്രൗണ്ടിലേക്ക് ടെസ്റ്റ് എടുക്കാൻ ഉമ്മറിക്കാന്റെ ശിങ്കിടി മനാഫ് എത്തി. ഉമ്മറിക്ക എന്റെ കാര്യം പ്രത്യേകം പറഞ്ഞു ഏല്പിച്ചു
‘എടാ മനാഫെ, ഈ കുട്ടീടെ ലൈസൻസ് ഒന്ന് ശരിയാക്കി കൊട്. അതിനു “സ്പെയിൻ” യിലേക്ക് പോകേണ്ടതാണ്” ( സ്പെയിൻ അല്ല ജർമ്മനി എന്ന് ഞാൻ തിരുത്താൻ പോയില്യ)
എനിവേ, മനാഫ് എന്റെ കാര്യം ഏറ്റു. ആശ്വാസമായി!
ഉണ്ട കണ്ണുള്ള മനാഫ് എന്റെ അടുത്ത് വന്നു കണ്ണുരുട്ടി ചോതിച്ചു.
“പൈസണ്ട കയ്യിൽ?”
ഞാൻ എന്റെ പേഴ്സ് തുറന്നു : “ഉണ്ട് , രണ്ടായിരം രൂപ ണ്ട്. മതിയാവോ ? ” നിഷ്കളങ്കതയുടെ പര്യായമായ ഞാൻ ചോതിച്ചു
മനാഫ് തല ഒന്ന് ചൊറിഞ്ഞു തലയാട്ടി.
അങ്ങനെ ഞങളെ പഠിപ്പിച്ച അതെ മാരുതിയിൽ മനാഫ് പൊന്നാനിയിലേക്ക് തിരിച്ചു. സ്റ്റീരിയോ ഇൽ പാട്ടു മുഴങ്ങി.
“പറക്കും തളിക ഇത് മനുഷ്യനെ കറക്കും തളിക…..”
ഗ്രൗണ്ട് ഇൽ എത്തിയപ്പോൾ H നു കുത്തി വച്ച കമ്പികൾ എന്നെ നോക്കി പല്ലിളിച്ചു. വിഷണ്ണനായായി നില്കുമ്പോ ആണ് മനാഫിന്റെ ശിങ്കിടി അഷ്‌റഫ് ഇക്ക വന്നു പരിചയപ്പെട്ടത് . ഒരു മുഷിഞ്ഞ ഷർട്ടും മുണ്ടും ഒക്കെ ഉടുത്ത ഏകദേശം അറുപതിനോടടുത്ത ഒരു പാവം മനുഷ്യൻ.
“മോള് കാർ ലൈസൻസ് മാത്രേ ഉള്ളോ അതോ 2 വീലർ ഉണ്ടോ”
“കാര് മാത്രം”.
അതെന്നെ എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയ മതിയായിരുന്നു (ആത്മഗതം)
“2 വീലർ കൂടെ നോക്കിയാലോ?” , അഷ്‌റഫ് ഇക്കാടെ അടുത്ത ചോദ്യം
“അയിന് ഞാൻ ക്ലാസ് എടുത്തിട്ടില്ല”
“സൈക്കിൾ ഓടിക്കാൻ അറിയോ?” ഇക്ക വിടുന്നില്യ
“അതറിയാം”
“മതി , അത് മതി ! മോള് 2 വീലർ കൂടെ എടുക്കു , എനിക്ക് 50 രൂപ കിട്ടണ കേസ് ആണ്”
എന്താണ് സംഭവം എന്ന് പിടി കിട്ടിലേക്കും ഞാനൊരു ‘ലൈസൻസ് ലോബി’ യുടെ പിടിയിലാണ് എന്ന് ബോധ്യായി.
ഇതിനിടെ മനാഫ് വന്നു എന്നെ H ഇടാൻ വിളിച്ചു. തമ്പട്ട് നിന്ന എന്നെ മനാഫ് ധൈര്യപ്പെടുത്തി .
“ധൈര്യമായി പോരെ. മ്മക്ക് H അല്ല W ഇടാം.”
ഞാൻ കാറിൽ കേറി , സ്റ്റിയറിംഗ് വീൽ തൊട്ടു കണ്ണിൽ വച്ചു് , കാര് മുന്നോട്ടു എടുത്തു. മനാഫ് വണ്ടിയുടെ സൈഡ് ഇൽ നിന്ന് എനിക്ക് A-Z ഇൻസ്‌ട്രുക്ഷൻസ് ലൈവ് ആയി തന്നു. അതിൽ ആല്ഫബെറ് “H” കൊറച്ചു കൂടുതൽ പറഞ്ഞു തന്നു . H ഇട്ടു കഴിഞ്ഞതും ആദ്യമായി കമ്പികൾ എല്ലാം പൊസിഷൻ തെറ്റാതെ നില്കുന്നത് കണ്ടു എന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു.
ഇനി RTO യുടെ അപ്പ്രൂവൽ കിട്ടിയ റോഡ് ടെസ്റ്റ് നു പോകാം. RTO യോട് സംസാരിക്കാൻ പോയ മനാഫിനെ വെയിറ്റ് ചെയ്തു നില്കുമ്പോ അഷ്‌റഫ് ഇക്ക വീണ്ടും പഴയ കേസ് കെട്ടായി വന്നത് .
കയ്യിലെ കാശെല്ലാം മനാഫ് കൊണ്ട് പോയി. അല്ലേൽ ഞാൻ കയ്യെന് ഒരു അമ്പതു രൂപ ഈ അഷ്‌റഫ് ഇക്കാക്ക് കൊടുത്തേനെ. ഇതിപ്പോ ടൂ വീലർ ഓടിക്കാൻ അറിയാതെ വണ്ടി എടുത്തു വെറുതെ എല്ലിന്റെ എണ്ണം കൂട്ടണോ. വേണോ ?
ചിന്താകുലയായ എന്നെ അഷ്‌റഫ് ഇക്ക വീണ്ടും മോട്ടിവേറ്റ് ചെയ്തു . ഇബടെ നോക്ക്!! എന്ന് പറഞ്ഞു മൂപര് അവിടെ ഉണ്ടായിരുന്ന സാധാരണ മീൻകാരുടെ കയ്യില് കണ്ടു വന്നിരുന്ന M80 യിൽ കേറി ചെരിഞ്ഞു ഇരുന്നു ദൂരെ വച്ച കമ്പി ലക്ശ്യമാക്കി 8 ഇട്ടു കാണിച്ചു തന്നു . ആ പോക്ക് കണ്ടു എനിക്ക് പാവം തോന്നി. എന്ത് നിഷ്കളങ്കനായ മനുഷ്യൻ!
തിരിച്ചെത്തി എന്നോട് ചോതിച്ചു. “കണ്ടോ എത്ര സിമ്പിൾ ആണ് നോക്ക്?”
എന്റെ മനസ്സ് കാറ്റത്തു ആടുന്ന തെങ്ങോല പോലെ ചാഞ്ചാടി. എന്നെ കൊണ്ട് കഴിയാവുന്ന ഒരു സഹായമല്ലേ! ചെയ്തേക്കാം. ഞാൻ 8 ഇടാൻ റെഡി ആയി . ഞാൻ M80 നെ ഒന്ന് നോക്കി സ്റ്റഡി ചെയ്തു . പതിയെ വണ്ടിയിൽ കേറി ഇരുന്നു. അഷ്‌റഫ് ഇക്കയുടെ “ഡെമോ” ഒന്നുടെ കണ്ണടച്ച് റീവൈൻഡ് ചെയ്തു.ഈശ്വര!
വണ്ടി സ്റ്റാർട്ട് ആക്കി. അക്കം മാറാതിരിക്കാൻ “8 —8 —8” എന്ന് ഉരുവിട്ട് വണ്ടി മുന്നോട്ടു എടുത്തു. കമ്പി ലക്ഷ്യമാക്കി മെല്ലെ നീങ്ങി. എല്ലാ കണ്ണുകളും എന്നിലേക്ക് നീങ്ങുന്നത് ഞാൻ അറിഞ്ഞു. പതിയെ ഞാൻ കമ്പി പ്രദക്ഷിണം വച്ച് 8 ഇട്ടു.
ഹാവൂ! ഇപ്പൊ ഒരു ആത്മവിശ്വാസം ഒക്കെ തോന്നുണ്ടു. ഇച്ചിരി കൂടെ സ്പീഡ് ആവാം. ഇത്തിരി സ്പീഡ് ഞാൻ കൂട്ടി. തൃശൂർ പൂരത്തിനുള്ള ജനം ചുറ്റും നില്പുണ്ട്. ഇനി തിരികെ അഷ്‌റഫ് ഇക്ക എന്ന ഫിനിഷിങ് പോയിന്റിൽ എത്തണം , വണ്ടി നിർത്തണം , കീ എടുക്കണം. ഇത്രയും സ്റെപ്സ് ബാക്കി ണ്ടു. വണ്ടി ഇടയ്ക്കു വച്ച് നിൽക്കാൻ പാടില്യ . അങ്ങനെചാ ടെസ്റ്റ് തോൽക്കും . ഒപ്പം മാനഹാനിയും ഫലം .
അല്ലാ!! വണ്ടി എങ്ങനെ നിർത്തും? M80 ഇൽ ഇരുന്നു ഞാൻ ഗാഢമായി ചിന്തിച്ചു.
പണ്ട് അനിയൻ വര്ഷങ്ങള്ക്കു മുന്നേ എന്നെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാൻ തുനിങ്ങത്തും അത് പാതി വഴിയിൽ ഉപേക്ഷിച്ചതിന്റേം ഫ്ലാഷ്ബാക്ക് ഒരു മിന്നായം പോലെ ഓര്മ വന്നു. ബ്രേക്ക് ഇടാൻ അറിയാതെ സ്കൂട്ടർ ഓടിക്കുന്ന എന്റെ പിന്നാലെ ഓടി അവൻ വണ്ടി വലിച്ചു നിർത്തി “ജീവിതം മടുത്തിട്ടാണ് ” എന്റെ 2 വീലർ പഠന സംരംഭം പാതി വഴിയിൽ ഉപേക്ഷിക്കപെട്ടത്. അതിനു ശേഷം പിന്നെ ഞാൻ ഇരിക്കണത് ഇക്കാന്റെ ഈ M80 പൊർതാനെന്നു ആ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു . എന്റെ നെഞ്ചിൽ കൊള്ളിയാൻ മിന്നി.
ശകടം നിർത്താൻ ഉള്ള ക്ലാസ് ഞാൻ മിസ് അക്കീകുന്നു. എന്റെ കണ്ണിൽ ഇരുട്ട് കേറി. ലൈസൻസ് എടുക്കാൻ പോയി M80 യുടെ മുകളിൽ ഇരുന്നു ധീരമൃതു വരിച്ച യുവതി എന്ന തലകെട്ടോടു കൂടെ നാളെത്തെ പത്രം ഇറങ്ങുമോ? എന്നെ നോക്കി ആകാംഷാഭരിതനായി കാത്തു നിൽക്കന ഇക്കയോട് ഉപയോഗസൂന്യമായ എന്റെ തല “ലെഫ്റ് & റൈറ്റ് “ ചലിപ്പിച്ചു ഒരു അപായ സിഗ്നൽ ഞാനിട്ടു . കാര്യം പിടി കിട്ടിയ ഇക്ക പിന്നെ ആകെ ലക്ക് കെട്ട മട്ടായിരുന്നു. ചേഷ്‌ടകൾ പലവിധം കാണിച്ചു കാണികളെ കൺഫ്യൂസ്ഡ് ആക്കി.
ആദ്യമായി “പടച്ചോനെ ” നീട്ടി വിളിച്ചു അവിടെ കൂടിയിരിക്കുന്ന ജനത്തിന്റെ ശ്രദ്ധ മുഴോനായും “മീൻ വണ്ടിയിൽ” വരുന്ന എനിക്ക് മേടിച്ചു തന്നു. “എട്ടിട്ട” ആ ദുർബല നിമിഷത്തിൽ കൂട്ടിയിട്ട സ്പീഡ് കുറക്കാൻ അറിയാതെ വരുന്ന എന്റെ മുന്നിലേക്ക് ജീവൻ തൃണവൽഗണിച്ചു എടുത്തു ചാടി .“കോഴിയെ കൂട്ടിലാക്കാൻ” നിക്കണ പോസ് ഇട്ടു വണ്ടി തടയാൻ ഒരു ശ്രമം നടത്തി. കയ്യും കാലും കൊണ്ട് എയർ ഇൽ ബ്രേക്ക് ഇട്ടു രണ്ടാം തവണ “ഡെമോ” ചെയ്തു. രണ്ടു കയ്യും മേലോട്ട് ഉയർത്തി “സ്റ്റോപ്പ് ” പറഞ്ഞു ട്രാഫിക് പോലീസ് കളിച്ചു.
“പാലം കുലുങ്ങിയാലും കുട്ടിമാൻ കുലുങ്ങുല” എന്ന ആറ്റിട്യൂട് ഇട്ടു വരുന്ന ഞാൻ ഫിനിഷിങ് പോയിന്റ് എത്തീതും ഓടി കൊണ്ടിരിക്കുന്ന വണ്ടി അതെ പടി ഹാൻഡ് ഓവർ ചെയ്തു പ്രണയ നൈരാശ്യം വന്ന കാമുകിയെ പോലെ തൊട്ടടുത്ത പുൽത്തകിടി ലക്ഷ്യമാക്കി ചാടി. സാരഥി പോയതറിയാതെ M80 അടുത്ത പറമ്പു ലക്‌ഷ്യം വച്ച് കുണുങ്ങി കുണുങ്ങി പോകാനതു ഞാൻ ഗ്രൗണ്ട് ഇൽ “കിടന്നു” കണ്ടു. പിന്നാലെ ഉടുമുണ്ട് കൂട്ടി പിടിച്ചു വണ്ടിക്കു പിന്നാലെ ശരം വിട്ടു പായുന്ന അഷ്‌റഫ് ഇക്കയും.
കൈമുട്ട് പൊട്ടിയ ഞാൻ പൊടി ഒക്കെ തട്ടി മേലോട്ട് നോക്കിയപ്പോ ഉണ്ടകണ്ണൻ മനാഫ് മുന്നിൽ ; “സർ വിളിക്കുന്നു”
ഞാൻ എണിറ്റു മനാഫിന്റെ കൂടെ ഞൊണ്ടി ഞൊണ്ടി പോകുമ്പോ M80 വീണ്ടെടുത്ത് അഷ്‌റഫ് ഇക്ക ആരെയൊക്കെയോ ചീത്ത വിളിച്ചു വരണത് കണ്ടു.
എന്റെ പെർഫോമൻസ് മൊത്തം കണ്ട RTO , മുന്നിൽ നിന്ന് പരുങ്ങുന്ന എന്നെ നോക്കി അർത്ഥഗർഭമായി ഒന്ന് ചിരിച്ചു. ശേഷം എനിക്ക് സീൽ വച്ചു തന്നു.
Practical test passed with flying colours. Eligible for road test.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ രണ്ടു മാസത്തെ അവധി കഴിഞ്ഞു തിരിച്ചു ജര്മനിയിലേക്കുള്ള ഫ്ലൈറ്റ് കേറി. ഫ്ലൈറ്റിൽ ഇരുന്നു ബോറടിച്ച ഞാൻ ബാഗിൽ കയ്യിട്ടു ഭദ്രമായി സൂക്ഷിച്ച എന്റെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പൊറത്തെടുത്തു . അതിൽ പതിപ്പിച്ച എന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഹാംബുർഗ് എയർപോർട്ടിൽ ഞങളുടെ വരവും പ്രതീക്ഷിച്ചു നിന്നിരുന്ന സാജുവിനെ ദൂരെ നിന്നെ കണ്ടതും ഞാൻ എന്റെ ലൈസൻസ് വീണ്ടും എടുത്തു ഉയർത്തി കാണിച്ചു. എന്നിട്ടു ഉറക്കെ വിളിച്ചു പറഞ്ഞു.
കിട്ടി ട്ടാ കിട്ടി. ഒരു വെടിക്ക് രണ്ടു പക്ഷി.