kummiyadi (2)

കുമ്മിയടി

ആദ്യമായി ഞാൻ സ്റ്റേജിൽ കേറുന്നത് നാലപ്പാട് സ്കൂൾ കാലഘട്ടത്തിൽ തന്നെ ആയിരുന്നു. ഞങ്ങൾ യു. കെ.ജി കാരെ മൊത്തം ഉൾപ്പെടുത്തി ഒരു ഡാൻസ് പരിപാടി ഇട്ടിരുന്നു . ഇതറിഞ്ഞ ഉടനെ 'അമ്മ എന്റെ കോസ്റ്റും ഡിസൈൻ ഏറ്റെടുത്തു ഒരു ബേബി പിങ്ക് തുണി എടുത്തു സ്ഥലത്തെ ഫാഷൻ ഗുരു ആയ ടൈലർ മോഹനനെ ഭദ്രമായി എലിപിച്ചു. മൂപ്പര് നല്ല കിടുക്കാച്ചി ഫാഷൻ- "X " പിന്നിലേക്ക് വരുന്ന മോഡൽ skirt ഇൽ ഇൻകോർപറേറ്റ് ചെയ്തു തയ്ച്ചു തന്നു. പ്രോഗ്രാമിന്റെ അന്ന് ഞങ്ങളുടെ മേക്കപ്പ് & കോസ്റ്റും കൈകാര്യം ചെയ്ത അമ്മിണി ടീച്ചർ അത് വരെ മാർക്കറ്റ് ഇൽ ഇറങ്ങീട്ടില്ലാത്ത എന്റെ ന്യൂലി ഡിസൈൻഡ് പിങ്ക് പാവാട വിത്ത് “X” തിരിച്ചു മറിച്ചും നോക്കി അവസാനം രണ്ടും കല്പിച്ചു X നാലാള് കാണട്ടെ എന്ന് സദുദ്യേശത്തോടെ മുന്നിലേക്ക് തന്നെ വരണ വിധം എന്നെ ധരിപ്പിച്ചു. 'ഒരു ഷോർട് വിസിറ്റ നു ഗ്രീൻ റൂം ലേക്ക് എത്തി നോക്കിയ എന്റെ 'അമ്മ നെഞ്ചത്ത് 'നോ എൻട്രി’ സൈൻ ഇട്ടു നിൽക്കുന്ന മകളെ കണ്ടു തലയിൽ കൈവച്ചു . സ്റ്റേജിൽ കേറിയപ്പോ കാണികളെയും, ലൈറ്റ് ഉം ഒക്കെ കണ്ടു പരിഭ്രമിച്ച ഞങൾ യു. കെ.ജി ക്കാർ ഇടയ്ക്കിടെ ആവശ്യത്തിന് ബ്രേക്ക് എടുത്തു നൃത്തം ചെയ്തു. അതായിരുന്നു എന്റെ കന്നി പെർഫോമൻസ് .

അടുത്ത പെർഫോമൻസിനു എനിക്ക് ഭാഗ്യം സിദ്ധിച്ചത് ഗുരുവായൂർ  എൽ.എഫ്  സ്കൂൾ ഹോസ്റ്റൽ ഇൽ  ആറാം ക്ലാസ്സിൽ  പഠിക്കുമ്പോഴായിരുന്നു. അന്നത്തെ ഹിറ്റ് ചിത്രം ആയ “മൈ ഡിയർ മുത്തച്ഛൻ” ഇലെ “ചെപ്പടികരനല്ല അല്ലല്ല, ഇന്ദ്രജാലങ്ങളില്ല ഇല്ലല്ലാ, കൺകെട്ട് വേലയല്ല ഒടിയല്ല…” എന്ന ഹിറ്റ് പാട്ടു ഹോസ്റ്റൽ ഡേ ക്ക് ഒരു മിന്നും  പെർഫോമൻസ് കാഴ്ച വച്ചു  . ഡാൻസ് ഇൽ വല്യ സ്കിൽസ് ഒന്നും ഇല്ലാത്ത ഞാൻ പല സ്ഥലത്തും സ്റ്റെപ്സ്  ഒകെ മറന്നു പോയെങ്കിലും എന്നെക്കാൾ ദയനീയ അവസ്ഥയിൽ ‘നർത്തകർ’ ഗ്രൂപ്പ് ൽ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു.

ഏഴാം ക്ലാസ്സിൽ  ഞാൻ വല്യമ്മയുടെ കൂടെ തൃശ്ശൂരിൽ  ആയിരുന്നു തുടർ പഠനം. പിന്നെ അവധിക്ക് മാത്രമായി വീട്ടിലേക്കുള്ള വരവ് . അങ്ങനെ ഒരു വേനലവധിയിൽ  നാട്ടിൽ അനിയനോടും കസിൻസ് നോടും കൂടെ കാറോടി, കണ്ട പറങ്കി മാവിൻ കൊമ്പത്തും,മാവിൻ കൊമ്പത്തും  വിരാജിച്ചിരുന്ന എന്നെ എന്റെ അമ്മ കലാമണ്ഡലത്തിലേക്കു മുതൽ കൂട്ടാൻ ഭരതനാട്യം പഠിക്കാൻ വിട്ടു . അങ്ങനെ “പതാക, ത്രിപാതക” ഇൽ തുടങ്ങി ” തെയും തത്ത  തെയും താഹ” ഇൽ എത്തിയപ്പോഴേക്കും വേനലവധി കഴിഞ്ഞു ഞാൻ തൃശ്ശൂർക്ക്  വണ്ടി കയറി. പോണ പോക്കിൽ എന്റെ അവധികാലം കുട്ടിച്ചോറാക്കിയ അമ്മയെ ചെറുതായൊന്നു  വിരട്ടി, ” ഇനി ഞാൻ എടപ്പാളിലേക്ക്  വരുന്ന പ്രശനം ഇല്യ. ഗുഡ് ബൈ!”

അതെ വർഷം 1994  സ്കൂൾ യുവജനോത്സവത്തിനു തിരുവാതിരക്കുള്ള കുട്ടികളുടെ പേര് കൊടുക്കാൻ ഉള്ള അറിയിപ്പ് കിട്ടി. എന്റെ കൂട്ടുകാരി ധന്യ യുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടാകാൻ ഞങ്ങൽ 8 ബി  പദ്ധതി  ഇട്ടു. ഡാൻസ്നു  ഞാനും ചേർന്നു. ഡാൻസിൽ  ചേർന്നാൽ  ആ പേരും പറഞ്ഞു ഞങളുടെ  ഇഷ്ടപ്രകാരം  മാത്‍സ്ഓ , ഫിസിക്സ്ഓ, ക്ലാസ്സ് കട്ട് ചെയ്തു പ്രാക്ടിസിനു പോകാം. അതായിരുന്നു എനിക്ക് തിരുവാതിരയിൽ  ഉള്ള  ഏക ഇന്റെരെസ്റ്റ്. പിന്നെ മ്മടെ കയ്യിൽ  “ത്രിപാതക, അർദ്ധപതാക ” ഒക്കെ  ഉണ്ടല്ലോ. അതൊക്കെ ഒന്ന്  പരീക്ഷിച്ചു കളയാം. പ്രാക്റ്റീസ് തുടങ്ങിയപ്പോഴേ എനിക്ക് കാര്യം പിടി കിട്ടി . ഇത് “തെയും തത്ത തെയും താഹ” യിൽ നിൽക്കണ കേസ് അല്ല . പക്ഷെ  മുന്നോട്ടു വച്ച കാൽ മുന്നോട്ടു തന്നെ.  പെർഫോമൻസ് നു  ഇടാൻ ഉള്ള പച്ച  ബ്ലൗസ് ഉം, ഇളക്കത്താലിയും, സെറ്റ് മുണ്ടും റെഡി . അങ്ങനെ ആ ദിവസം വന്നെത്തി.

ചെസ്റ്റ്  നമ്പർ  : 14 ഓൺ സ്റ്റേജ് .  മൈക്ക് അനൗൺസ്മെന്റ്  വന്നു.

എന്റെ ഹൃദയം പട പട ഇടിച്ചു. വേണ്ടെർണില്യ എന്ന് ഒന്നല്ല  ആയിരം വട്ടം തോന്നി പോയി. മണിച്ചിത്രത്താഴിലെ ശോഭന നെ പോലെ സ്കൂൾ വരാന്തയിലൂടെ  ഓടി ഓട്ടോ പിടിച്ചു വീട്ടിൽ പോകാൻ തോന്നി.

ഞങൾ നിലവിളക്കിനു ചുറ്റും വട്ടം ഇട്ടു നിന്നു, മ്യൂസിക് ഓൺ.

അങ്ഗനേ, ഞാനങ്ങു പോവതെങ്ങനെ?

അനു. ഇങ്ങനേകം മനോരാജ്യം,

എങ്ങനെയെന്നെല്ലാം കേൾ നീ.

ഞങൾ എല്ലാ അംഗനമാരും താളത്തിൽ നൃത്തം തുടങ്ങി.ഇത്തിരി അങ്ങട് കഴിഞ്ഞപ്പോഴേക്കും കൂട്ടത്തിലുള്ള  അനീഷ ചെറിയ ഒരു മിസ്റ്റേക്ക് വരുത്തി. അത് ഞാൻ കണ്ടു. “കണ്ടൂട്ടാ, ഞാൻ കണ്ടൂ” എന്ന് തല കൊണ്ട് ആക്ഷൻ കാണിച്ചു . “ഹെഡ് ആക്ഷൻസ് “കുറച്ചു കൂടുതൽ ആയി തന്നെ കയ്യീന്ന് ഇട്ടു. അത് കണ്ടു അനീഷ അടുത്ത വരിക്ക് വളരെ ആത്മാർത്ഥമായി  എന്നെ നോക്കി എക്സ്പ്രെഷൻ  ഇട്ടു കളിച്ചു.

…സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ,

മങ്ഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു?

അവളുടെ അവസ്ഥ  കണ്ടു എനിക്ക് ചിരി പൊട്ടി .എന്തായാലും വല്യ പരുക്കുകൾ ഇല്ലാതെ ഡാൻസ് മുന്നോട്ടു പോകുന്നുണ്ടായിരുന്നു. പാട്ടു പുരോഗമിച്ചു. എല്ലാരും കുമ്മിയടിക്ക്  മാനസികമായി റെഡി  ആയി. ഞാനും. കണക്കിൽ കണക്കായ എന്റെ കണക്കു പക്ഷെ അവിടെ ഇത്തിരി പിഴച്ചു . ഉദ്ദേശം മൂന്നേ മൂന്ന്   സെക്കൻഡ്‌സ് നേരത്തെ കുമ്മിയടിക്കാൻ  തുടങ്ങിയ   ഞാൻ  ചാടി ഇരുന്നുള്ള  ആ സ്റ്റെപ്  തന്നെ   ആദ്യം  അങ്ങട് ഇട്ടു. രണ്ടു കാലിൽ ഫ്ലോറിൽ  ലാൻഡ് ചെയ്ത ഞാൻ പോസ് മാറ്റി  രണ്ടു കയ്യും കൂടെ തറയിൽ വച്ച്  നാലുകാലിൽ  തിരിഞ്ഞൊന്ന് നോക്കിയപ്പോൾ  എല്ലാവരും  തൊട്ടു മുന്നിലത്തെ സ്റ്റെപ് ഇട്ടു താളം ചവിട്ടി നിൽക്കുന്നു . ഞാൻ മാത്രം നിലത്തു കുനിഞ്ഞിരുന്നും ബാക്കി അംഗനമാർ എല്ലാരും നിവർന്നു നിന്നും കളിക്കുന്നു.

ഹായ് ഇതെന്തു പൂരം!

എന്റെ കുമ്മിയടി ഇത്തിരി പെട്ടന്ന്   ആയി എന്ന തിരിച്ചറിവിൽ  റാംജിറാവു സ്പീകിംഗ് ഇൽ മത്തായിച്ചൻ മുണ്ടുരിഞ്ഞു പോയത്  തിരിച്ചറിയുന്ന  നിമിഷത്തിൽ ഇട്ട അതെ എക്സ്പ്രെഷൻ  ഇട്ടു ഞാൻ പതുക്കെ  എണിറ്റു വന്നു.അത് കണ്ടു എന്റെ  ഏറ്റോം അടുത്ത കൂട്ടുകാരിയും  ഗ്രൂപ്പ് ലീഡറും ഞങ്ങടെ ഡാൻസ് ഗുരുവും ആയ  ധന്യ എന്നെ നോക്കി  പല്ലിറുമ്മിയത്  ഞാൻ കണ്ടില്ല എന്ന് നടിച്ചു  . ഇത്തവണ പക്ഷെ  അനീഷ എന്നെ നോക്കി “ഹെഡ് ആക്ഷൻസ്”  സമൃദ്ധിയായി ഇടാൻ മറക്കേണ്ടായില്യ. കാണികളുടെ  പ്രതികരണം  അറിയാൻ പതിയെ ഊളിയിട്ടു സദസ്സിനെ നോക്കിയ ഞാൻ മുന്നിലെ നിരയിൽ  എന്റെ  വല്യമ്മ  താടിക്കു കൈ കൊടുത്തു  ഇരിക്കുന്ന ഹൃദയഭേദകമായ  കാഴ്ച കണ്ടു.

അങ്ങനെ ഇച്ചിരി  നേരത്തെ കുമ്മിയടിക്കാൻ തുടങി എന്ന കാരണത്താൽ ചെസ്ററ് നമ്പർ  പതിന്നാലു  , 8 ബി ക്കു കിട്ടണ്ടേ സമ്മാനവും സെര്ടിഫിക്കറ്ററും  തലനാരിഴക്ക് നഷ്ടമായി. സ്റ്റേജിൽ നിന്ന്  ഇറങ്ങീതും കൂട്ടുകാരികൾ എന്നെ തമിഴ് പടത്തിലെ നായകനെ തല്ലാൻ  വില്ലന്മാർ വളയണ പോലെ വളഞ്ഞു. പിന്നെ അങ്ങോട്ട് ശോഭന ഓടിയ ആ ഓട്ടം ഓടിയാലെ എനിക്ക് രക്ഷയുള്ളൂ എന്ന അവസ്ഥ ആയി. ദേവാസുരം സിനിമയിൽ  ഭാനുമതി ഡാൻസ് അവസാനിപ്പിച്ചു നീലകണ്ഠന് മുന്നിൽ  എടുത്ത ശപഥം പോലെ  വലിച്ചെറിയാൻ ചിലങ്ക ഇല്ലെങ്കിലും ഒരു ശപഥം ഞാനും തട്ടി കൂട്ടി. 

ഇനി ഒരിക്കലും ഡാൻസിന്  എന്നല്ല ഒരു ഐറ്റം ത്തിനും രജിത എൻ , 8 ബി   തട്ടേൽ  കേറുന്ന പ്രശ്നമില്ല.

ഇത് സത്യം! സത്യം! സത്യം!