ഡിഗ്രിക്കു സബ് ആയി ജേർണലിസം ഒക്കെ പഠിച്ചു ഇറങ്ങിയ ഞാൻ നേരെ പോയി ചേർന്നത് തൃശ്ശൂരിൽ IATA ട്രാവൽ ആൻഡ് ടൂറിസം കോഴ്സ്നു ആയിരുന്നു. രാവിലെ ഇട്ട പഠനം, ഉച്ചക്ക് ശേഷം ഭവൻസിൽ പി. ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ്, ഇതിന്റെ ഇടയിൽ കിട്ടുന്ന ബ്രേക്ക് ടൈം ഫലപ്രദമായി വിനിയോഗിക്കാൻ കമ്പ്യൂട്ടർ കോഴ്സ്നു ചേർന്ന് എക്‌സലിൽ റൗസ് ആൻഡ് കോളംസ് ഉണ്ടാക്കി അത് വലിച്ചു നീട്ടി അഡിഷനും മൾട്ടിപ്ലിക്കേഷനും ചെയ്തു പവർ പോയിന്റിൽ സ്വന്തം പേര് 3D ഡിസൈൻ ചെയ്തും നിർവൃതി കൊണ്ടു. കൂടാതെ ഈ പറഞ്ഞ ഇടങ്ങളിൽ എത്തി പെടാൻ തൃശൂർ റൗണ്ടും (ഒപ്പം വടക്കുംനാഥനെയും) ഞാൻ ഡെയിലി മിനിമം ഒരു മൂന്ന് റൌണ്ട് പ്രദിക്ഷണം വച്ച് അത് വഴി ദൈവപ്രീതി പിടിച്ചു പറ്റി. അങ്ങനെ ആകെ മൊത്തം തരികിട കളിച്ചു നടന്ന കാലം. ആയിടെ ആണ് വല്യച്ഛൻ ഒരു അഭിപ്രായം മുന്നോട്ടു വച്ചതു. "ഈ കുട്ടി ജേർണലിസം ഒക്കെ പഠിച്ചതല്ലേ ഇവിടെ ലോക്കൽ ചാനൽ ലിൽ ന്യൂസ് വായിക്കാൻ ട്രൈ ചെയ്താലോ?" ചാനൽ ന്റെ എംഡി വല്യച്ഛന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹത്തിന് അപ്പോൾ ശനി ദശ ആയിരിക്കണം.
എന്തായാലും ഐഡിയ തരക്കേടില്യ. ഒരു നിമിഷം ഞാൻ രാജേശ്വരി മോഹനെയും ഹേമലതയെയും അളകനന്ദയെയും മനസ്സിൽ കണ്ടു. ആ സ്ഥാനത്തു എന്നെ സ്വയം പ്രതിഷ്‌ടിച്ചു–രജിത നാരായണൻ. ഹായ് ! ആകെ ഒരു രോമാഞ്ചിഫിക്കേഷൻ. ഇത് ഞാൻ തകർക്കും. വല്യച്ഛൻ ഉടൻ തന്നെ ഫോൺ എടുത്തു ചാനൽ എം ടിയെ വിളിച്ചു വേണ്ട ഏർപ്പാട് ചെയ്തു. അടുത്ത ദിവസം മുതൽ ഡെയിലി അറ്റൻഡ് ചെയ്യേണ്ട കോഴ്സ് എല്ലാം കഴിഞ്ഞു ചാനൽ സ്റ്റുഡിയോയിൽ പോയി അവിടെത്തെ ന്യൂസ് റീഡർ ന്യൂസ് വായിക്കുന്നതും റെക്കോർഡ് ചെയ്യുന്നതും ഒക്കെ കണ്ടു പഠിക്കുക എന്ന പണി കൂടി എനിക്ക് കിട്ടി. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ എനിക്ക് അവിടം ബോറടിക്കാൻ തുടങ്ങി. ന്യൂസ് വായിക്കാൻ തിരക്കായി. ഇവര് വേഗം ഒന്ന് ഓക്കേ പറഞ്ഞിരുന്നേൽ പെട്ടന്ന് അങ്ങട് വായിച്ചു എല്ലാരേം വിജൃംഭിപ്പിക്കാമായിരുന്നു.
അങ്ങനെ ഒരീസം സ്റ്റുഡിയോയിൽ എത്തിയ ഞാൻ ന്യൂസ് റീഡിങ് ശ്രദ്ധിക്കാതെ വരിവരിയായി പോണ ഉറുമ്പുകളുടെ എണ്ണം എടുത്തു സമയം കൊല്ലുകയായിരുന്നു. അപ്പോഴാണ് എന്നെ താഴെ ഓഫീസിലേക്ക് വിളിപ്പിച്ചത്. പോയി നോകീപ്പോ എം ഡി അവിടെ ഉണ്ട്. റെഡി ആണേൽ പറയു, അടുത്ത ദിവസം രജിതയ്ക്കു വായിക്കം. കൊറേ ദിവസായിട്ട് ഞാൻ സ്റ്റുഡിയോയിൽ ചുറ്റിത്തിരിയാണല്ലോ എല്ലാം പഠിച്ചു കാണും എന്ന് എം ഡി തെറ്റിദ്ധരിച്ചു എന്ന് എനിക്ക് ബോധ്യമായി . അത് വരെ ബെഞ്ചിൽ ഇരുന്ന എനിക്ക് ജോബ് ഓഫർ കിട്ടി. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം! വീട്ടിൽ എത്തി സന്തോഷ വർത്താനം എല്ലാരേം അറിയിച്ചു. ഇനിയൊന്ന് വെടിപ്പായി പ്രാക്ടീസ് ചെയ്യണം. തീരുമാനിച്ചു! ചായയും മുറുക്കും സേവിച്ചു അന്നത്തെ മാതൃഭൂമി ദിനപത്രം കയ്യിലെടുത്തു ഞാൻ റൂമിലേക്ക് പോയി. നിലക്കണ്ണാടിയുടെ മുന്നിൽ നിലയുറപ്പിച്ചു. ലുക്ക് ഒക്കെ ഒന്ന് ശരിയാക്കി പത്രം എടുത്തു. രാജേശ്വരി മോഹനെ മനസ്സിൽ ധ്യാനിചു. ആദ്യത്തെ വരി കണ്ണാടി നോക്കി ഉരുവിട്ടു “നമസ്കാരം! പ്രധാന വാർത്തകൾ വായിക്കുന്നത് രജിത നാരായണൻ” സ്വാഭാവികത വരുത്താൻ കണ്ണ് ഒന്ന് ചിമ്മി , താടി ഒന്ന് വെട്ടിച്ചു (കറക്റ്റ് ആണ് വളരെ കറക്റ്റ് ആണ്) — ഇത് ഇത്രേം സിമ്പിൾ ആയിരുന്നോ?
വാർത്തകൾ തുടരുന്നു…
പിന്നെയുള്ള നിമിഷങ്ങൾ ചില തിരിച്ചറിവുകളുടേതായിരുന്നു. അത് വരെ ഞാൻ തിരിച്ചറിയാൻ വൈകിയ ചില സത്യങ്ങൾ ആ കണ്ണാടിക്കു മുന്നിൽ നിന്ന് ഞാൻ നിന്ന നില്പിൽ തിരിച്ചറിഞ്ഞു. എനിക്ക് മലയാളം കൂട്ടി വായിക്കാൻ ഒരു’വിമ്മിഷ്‌ടം’ അനുഭവപ്പെടുന്നുണ്ട്. നാക്ക് അങ്ങോട്ട് വഴങ്ങാത്ത പോലെ. “അഷരസ്ഫുടത” എന്ന ഒന്ന് എന്റെ നാലയലത്തു പോലും പോയ മട്ടില്യ. ഹേ ഭഗവാൻ! യെ ക്യാ പരീക്ഷ ഹെ! മാതൃഭൂമി കയ്യിൽ പിടിച്ചു ഞാൻ ഭഗവാനോട് ആരാഞ്ഞു. ജോബ് ഓഫർ കൈപറ്റി ജോലിക്കു കേറുന്നതിനു മുൻപ് രാജി കൊടുക്കേണ്ടി വരുമോ ?എന്നാൽ അങനെ സംഭവിക്കുന്ന ആദ്യത്തെ ഉദ്യോഗാര്ഥി എന്ന ക്രെഡിറ്റ് എനിക്കായിരിക്കും. തത്കാലം ജോയിൻ ഡെയ്റ്റ് ഒന്ന് എക്സ്റ്റെൻഡ് ചെയ്തു “പുടത” കൈവരിക്കാൻ നോക്കാം. വേറെ എന്ത് നിവൃത്തി ? നനഞു ഇറങ്ങി ഇനി കുളിച്ചു കയറുക തന്നെ. അങ്ങനെ ഞാൻ എന്റെ സ്റ്റുഡിയോ വിസിറ്റ് മുടങ്ങാതെ അനുവർത്തിച്ചു കൊണ്ടിരുന്നു. ഞാൻ ന്യൂസ് വായിക്കുന്ന ആ ദിനം അടുത്താണ് എന്ന ബോധ്യം വരികയും പേടി സ്വപ്നം കണ്ടു എന്നും രാത്രി ഞെട്ടി ഉണരുകയും ചെയ്തു. ജേർണലിസം ഡിഗ്രി എടുക്കാൻ തോന്നിയ നിമിഷത്തെ മനസ്സാ പഴിച്ചു.
ഒരു ദിവസം അങ്ങനെ ന്യൂസ് വായന കണ്ടു പഠിക്കാൻ പോയപ്പോ ആണ് ശ്രി വി ടി ബൽറാംനെ സ്റ്റുഡിയോ യിൽ കണ്ടത്. അന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം ചാനലിലെ ഒരു ന്യൂസ് റീഡർ കൂടെ ആയിരുന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നെകിലും വല്യ പരിചയം ഇല്യ. കാരണം അദ്ദേഹം കെ എസ് യു പ്രസ്‌ഥാനത്തിന്റെ സാരഥികളിൽ ഒരാളും പെൺകുട്ടികളുടെ ആരാധനപാത്രവും, ഡിഗ്രി കെമിസ്ട്രി ഫസ്റ്റ് റാങ്ക് ഹോൾഡറും ആയിരുന്നപ്പോ ഞാൻ അവിടെ കൊത്തങ്കല്ലു കളിച്ചു നടക്കുന്ന ഒരു പെൺകിടാവായിരുന്നു. പിന്നെ എഞ്ചിനീയറിംഗ് ഉം, ലോ ഒക്കെ തുടർന്നു പഠിച്ച ആളാണെന്നും ഞാൻ കേട്ടിട്ടുണ്ട്. കുറച്ചു മാസങ്ങൾക്കു മുന്നേ കൂട്ടുകാരൊത്തു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജേർണലിസം പി ജി എൻട്രൻസ് എക്സാം എഴുതാൻ പോയപ്പോൾ അവിടെ പരീക്ഷ പേപ്പർ ചോർന്നു എന്ന് പറഞ്ഞു സമരം ചെയ്തു പരീക്ഷ മുടക്കിയ സമരക്കാരിൽ മൂപ്പരും ഉണ്ടായിരുന്നു. അന്ന് ആ പരീക്ഷ എഴുതാൻ കഴിയാത്ത സങ്കടം പിന്നെ കൂട്ടുകാരൊത്തു പാരഗൺ ഹോട്ടലിൽ പോയി ഒരു കോഴി ബിരിയാണി കഴിച്ചാണ് കുറച്ചെങ്കിലും ശമിച്ചതു. ഈ ഫ്ലാഷ്ബാക്ക് ഓർത്താവണം എന്നെ സ്റ്റുഡിയോയിൽ കണ്ടതും ബൽറാം “ആ മനസ്സിലായി ” എന്ന് പറഞ്ഞത് .”ഉവ്വുവ് !!” ഞാനും ലാവിഷ് ആയി തല കുലുക്കി കൊടുത്തു. ബൽറാം ന്യൂസ് വായന കണ്ടു “അക്ഷരപുടതാ” കൈ വരുത്തേണ്ടിയിരുന്ന ഞാൻ അദ്ദേഹത്തിന്റെ ന്റെ ഭാവിയെ പറ്റി വ്യാകുലപ്പെട്ടു. ഇത്ര മിടുക്കനായ ഒരാള് എന്തിനാണ് ലോക്കൽ ചാനലിൽ വാർത്ത വായിച്ചു സമയം കളയുന്നെ എന്ന് കഷ്ടം വച്ച് ഇരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഇല്ലാത്ത കുണ്ഠിതം എനിക്കുണ്ടായി . കൂടാതെ ഞാൻ ഇപ്പൊ പെട്ടിരിക്കുന്ന ഊരാക്കുടുക്കിൽ വലുതാണെന്ന് തിരിച്ചറിഞ്ഞു “എന്തൊരു വിധിയിതോ” എന്ന വരിക്കു ഞാൻ തന്നെ ബി ജി എം ഇട്ടു.
എന്റെ സ്റ്റുഡിയോ സന്ദർശനം മുടങ്ങാതെ നടന്നു. അങ്ങനെ ഒരു ദിനം ബൽറാം എന്നെ വീണ്ടും കണ്ടപ്പോ ചോയ്ച്ചു “ഇത് വരെ പഠിച്ചില്ലേ? “ആ ചോദ്യം!! ആ ഒരൊറ്റ ചോദ്യം എന്റെ അന്തരാത്മാവിന്റെ ഉള്ളറകളിലേക്ക് ആണ് ആഞ്ഞു പതിച്ചത് . ആത്മാഭിമാനം വൃണപെട്ട ഞാൻ ചില കണക്കുകൂട്ടലുകൾ നടത്തി ഒരു ഉൾപ്രേരണയാൾ ഇരിപ്പിടത്തിൽ നിന്ന് ചാടി എണിറ്റു. ബാഗ് എടുത്തു , കുട എടുത്തു. ബൽറാമിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ കോണിപ്പടികൾ ശരവേഗത്തിൽ ഇറങ്ങി താഴെ ഓഫീസിൽ എത്തി. അവടെ നിൽക്കുന്ന പയ്യനെ വിരട്ടി ചോയ്ച്ചു. “എം ഡി അകത്തുണ്ടോ ?” വിറച്ചു പോയ പയ്യന്റെ ഉത്തരത്തിനു കാക്കാതെ റൂമിന്റെ വാതിൽ തള്ളി തുറന്നു ഇടിച്ചു കയറി എം ഡിയെയും വിറപ്പിക്കാൻ എനിക്ക് സാധിച്ചു. “റെഡി സർ, ഞാൻ വാർത്ത വായിക്കാൻ റെഡി “. (റിസ്ക് എടുക്കാൻ sir റെഡി ആണോ?) ഒരു ഉശിരിനു മറുകണ്ടം ചാടിയാൽ അടുത്ത ഉശിരിനു തിരിച്ചു ചാടാൻ പറ്റില്യനു കാരണവന്മാർ പറയുന്നത് വളരെ ശരിയാണ് കേട്ടോ . ആത്മവിശാസം വട്ടപൂജ്യമാണെങ്കിലും എടുത്തുചാട്ടം വേണ്ടുവോളം ഉണ്ട്. ഞാൻ വാർത്ത വായിക്കാൻ തയ്യാറെടുത്തു കഴിഞ്ഞന്നും സകല “കാക്കേം പൂച്ചയും” അറിയിച്ചു. കൂട്ടുകാരോട് മറക്കാതെ ടി വി വെക്കാനും പറഞ്ഞു തീയതി ഉം സമയവും അടക്കം പബ്ലിസിറ്റി കൊടുത്തു.നേരിട്ട് കണ്ടു പറയാൻ കഴിയാത്തവരെ ഫോൺ വിളിച്ചും അറീക്കയുണ്ടായി.
പിറ്റേ ദിവസം തമിഴ് ജനതയ്ക്ക് മൊത്തം ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഞാൻ ഒരു പളപള മിന്നുന്ന മഞ്ഞ സാരി ഉടുത്തു ജിൻജിനാക്കഡി ജാനകി ആയി വാർത്ത വായിക്കാൻ പോയി. താഴെ ഓഫീസിൽ നു എടുത്ത ഒരു കെട്ടു പേപ്പറും ആയി മുകളിലെ സ്റ്റുഡിയോയിലേക്ക് വളരെ ഭവ്യതയോടെ മന്ദം മന്ദം പ്രവേശിച്ചു . അവിടുള്ള ചേട്ടമ്മാരുടെ മുഖത്തു നിന്ന് ഒന്നെനിക് വായിച്ചെടുക്കാൻ പറ്റി. കിട്ടാൻ ഉള്ള പണി മഞ്ഞ സാരി ഉടുത്തും വരും! ഒരു ഇളഭ്യച്ചിരി ചിരിച്ചു ഞാൻ കസേരയിൽ ഇരുപ്പു ഉറപ്പിച്ചു.“സ്റ്റാർട്ട് , ക്യാമറ” പറഞ്ഞതും ഞാൻ തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിമണിയും പതിയെ പെറുക്കി എടുക്കാൻ തുടങ്ങി. മുന്നിലെ പേപ്പറിൽ കാണുന്ന ഭാഷ മലയാളം തന്നെ അല്ലയോ അതെയോ എന്നു വർണ്യത്തിലാശങ്കയാൽ ഉൽപ്റേക്ഷാഖ്യയലംകൃതി ആയി. തൃശ്ശിവപേരൂർക്ലിപ്തം, വിശുദ്ധനായ തോമാശ്ലീഹാ, വെള്ളാപ്പള്ളി നടേശൻ എന്ന ചില പദപ്രയോഗത്താൽ നാക്കുളുക്കി.ടേക്ക് ഉം റീടേക്ക് എടുത്തു.
കാമറമാൻ വലഞ്ഞു. പൊതുവെ സമാധാനപ്രിയനായ അദ്ദേഹം ചില ‘അനിഷ്‌ട’ പദപ്രയോഗങ്ങൾ നടത്തുന്നത് ഞാൻ കണ്ണാടി കൂടിലൂടെ കാണുകയുണ്ടായി . മണിക്കൂറുകൾ ഒന്നൊന്നായി പോയിക്കൊണ്ടിരുന്നു. തീരുമ്പോ തീരുമ്പോ എനിക്ക് വായിക്കാൻ വാർത്തകൾ കെട്ടുകെട്ടായി ഒരു കശ്മലനായ ചേട്ടൻ മേശപുറത്തു വന്നു കൊണ്ട് വച്ചേയിരുന്നു. വായന കഴിഞ്ഞു കഞ്ചാവടിച്ച കോഴി കണക്കു ബാഗും തൂക്കി വീട്ടിൽ പോകാൻ നേരത്തു അവിടെത്തെ ചേട്ടന്മാർ ചോതിച്ചു.”ഇനിയും ഇതു വഴി വരുമോ ?”
അങ്ങനെ എന്റെ വാർത്ത വായന എനിക്ക് മാത്രം അല്ല ചാനലിലെ ഓരോ ജീവനക്കാർക്കും മറക്കാനാവാത്ത ഒരു അനുഭൂതി ആയി എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. പിറ്റേ ദിവസം എങ്ങനെ കൂട്ടുകാരെ ഫേസ് ചെയ്യും എന്ന ഉത്കണ്ഠ ഉണ്ടായി. ആത്മഹത്യ ഒന്നിനും ഒരു പോംവഴി അല്ലലോ.ചാനലിന് തൃശൂർ ടൌൺ മാത്രം അല്ല അങ്ങ് ഇരിഞ്ഞാലക്കുട വരെയും,ഇങ്ങു ചാവക്കാട് , കുന്നംകുളം, ഗുരുവായൂർ ഒക്കെ റീച് ഉണ്ടായിരുന്നു എന്ന് വൈകിയ വേളയിൽ മനസ്സിലായി. അടുത്ത ദിവസങ്ങളിൽ പഠിച്ച കോളേജിൽ ഒന്ന് പോകേണ്ടി വന്നിരുന്നു .അവിടെത്തെ പുൽക്കൊടി അടക്കം എന്റെ വാർത്ത വായനയുടെ വിവരം അറിഞ്ഞിരിക്കുന്നു . അന്നൊക്കെ ഫീഡ്ബാക്ക് ഫോണിലൂടെ ആയതോണ്ട് ചാനലിലെ ഫോൺ ഒരാഴ്ച വിശ്രമം ഇല്ലാതെ അടിച്ചു . മലയാളം ഡിക്ഷണറിയിൽ ഇല്ലാത്ത കൊറേ പദങ്ങൾ പഠിച്ച ചാനൽ ജീവനക്കാർ പിന്നെ റിസിവർ കുറച്ചു ദിവസം മാറ്റി വച്ച് താത്കാലിക പരിഹാരം കണ്ടത്രേ. നല്ലവരായ ജനം ചാനൽ പൂട്ടിച്ചില്ല എന്ന് ഞാൻ ഇപ്പോഴും കൃതജ്ഞതയോടെ സ്മരിക്കുന്നു. അന്ന് സോഷ്യൽ മീഡിയ ഇത്രയും പ്രാബല്യത്തിൽ ഇല്ലാഞ്ഞത് കൊണ്ട് എനിക്ക് വൈറൽ ആവാൻ മാത്രം ‘ഭാഗ്യം’ സിദ്ധിച്ചില്യ.
ഇന്നത്തെ വാർത്തകൾ അവസാനിച്ചു. വായിച്ചതു – രജിത നാരായണൻ. നമസ്കരം!