Pink Photo Blog Post Instagram Post

വിനോദയാത്ര

ഞങ്ങള് ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ജേർണലിസം പഠിപ്പിക്കാൻ ഒരു പുതിയ സർ എത്തുന്നത്. "മഴയെത്തും മുൻപ്” സിനിമയിലെ മമ്മൂട്ടി കഥാപാത്രം ആയ നന്ദൻ മാഷിനെ പോലെ ഒരു തകർപ്പൻ എൻട്രി സാറും നടത്തി. സിനിമ നടൻ ബിജു മേനോന്റെ ലുക്ക് ഉണ്ടാർന്ന സർ കോളേജ് വരാന്തയിലൂടെ നടന്നു വരുമ്പോ "ഗുഡ് മോർണിംഗ്" പറയാൻ ശ്രീകൃഷ്ണയുടെ വരാന്തയിൽ പെമ്പിള്ളേര് ഉന്തും തള്ളും നടത്തി. സുന്ദരൻ, സുമുഖൻ, സുശീലൻ കൂടാതെ MCJ (മാസ്റ്റർ ഇൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ജേർണലിസം) ത്തിൽ ഒന്നാം റാങ്കുകാരനും ആയിരുന്നു തൃശ്ശൂര്കാരൻ ഫേവർ സർ.

ന്യൂസ് പിടിക്കാൻ പോയ സാജോ കിട്ടിയ വാർത്ത ചൂടോടെ  അറിയിക്കാൻ ശരവേഗത്തിൽ വരികയുണ്ടായി. അവന്റെ  വായീന് വീഴണത് കേൾക്കാൻ ഞങൾ കാതു കൂർപ്പിച്ചു ഇരുന്നു.

പുതുതായി വന്ന ജേർണലിസം  സർ നമ്മളെ പഠിപ്പിക്കും (കയ്യടി)

സാറിന്റെ വീക്നെസ് കോഴി  നിർത്തി പൊരിച്ചത് (കൂട്ട കയ്യടി)

സർ വിവാഹിതനാണ് (കയ്യടി….. ഇല്യ)

അവസാനത്തെ ആ പോയിന്റ്  കേട്ടതും അവടെ കൂട്ടം കൂടി നിന്ന  ഗേൾസ് ഇൽ ചിലർക്ക് സിനിമ നടൻ മാധവൻ മാരീഡ് ആണ് എന്ന് അറിഞ്ഞപോ ഉണ്ടായ നെഞ്ച് വേദന അനുഭവപെട്ടു. ആ വാർത്ത പക്ഷെ നമ്മള്  വിദഗ്ധമായി പൂഴ്ത്തി.

പിന്നെ ശ്രീകൃഷ്ണയുടെ  വരാന്തയിലും ക്ലാസ്സുകളിലും  മുറ്റത്തും അര മതിലിലും എല്ലാം  കുട്ടികൾ കൂട്ടം കൂടി  നിന്നും  ഇരുന്നും പുതുതായി വന്ന  ചുള്ളൻ സാറിനെ കുറിച്ച് വാതോരാതെ സംസാരിച്ചു.

സാറിന്റെ ആദ്യത്തെ ക്ലാസ്സിൽ ഇൻട്രൊഡക്ഷൻ റൗണ്ടിൽ   ഞാൻ എടപ്പാൾ നാണു പറഞ്ഞപ്പോ  സർ ഒന്ന് ആലോയിച്ചു നിന്നതും അടുത്തുള്ള ഒരു ലാൻഡ്മാർക് ചോയ്ച്ചപ്പോൾ ഞാൻ മുഴോനായി കിട്ടിക്കോട്ടെ വച്ച് ഒരു ലാൻഡ്മാർക് അങ്ങട് പറേണ്ടായി.

“ദേവലോകം ബാർ”

ഫ്രണ്ട്‌സ് എല്ലാരും ചിരി  തുടങ്ങീപ്പോ ആണ് നാക്ക് പിഴച്ചെന്ന് മനസ്സിലായത്. സാർ  പക്ഷെ  സ്പോർട്സ്മാൻസ്പിരിറ് ഇൽ   എടുത്തു എങ്കിലും പിനീട് ഏറെ കാലം സർ ആ ചോദ്യം ആയി അലഞ്ഞു.

“എന്നാലും രജിതയ്ക്ക്  എങ്ങനെ അത് മനസ്സിലായി?”

വൈകാതെ ഫങ്ക്ഷണൽ ഇംഗ്ലീഷ്കാരുടെ ഫേവറിറ്റ് ആയി മാറി ഫേവർ സർ. സാറിനു റാങ്കു കിട്ടിയത്  ക്ലാസ്സിൽ  കേറിട്ടൊന്നും  അല്ല എന്ന പോയിന്റ് ആണ് ഞങ്ങളെ സാറിലേക്കു ആകർഷിച്ച ഘടകം. നിങ്ങള്  ഇഷ്ടം പോലെ ക്ലാസ് കട്ട് ചെയ്തോ എന്ന് ഞങ്ങൾക്ക് തന്ന ഒരു മോറൽ സപ്പോർട്ടും കൂടെ ആയപ്പോ ഞങളുടെ റോൾ മോഡൽ ഇനി മുതൽ ഫേവർ സർ മതി  എന്ന് ഞങ്ങൾ ഫങ്ക്ഷനൽകാർ അങ്ങട് പരസ്യ പ്രസ്താവന നടത്തി.

സാറിന്റെ ജേർണലിസം ക്ലാസ് ചെന്നവസാനിക്കുന്നത്  എന്നും ഒരേഒരു ടോപിക്കിൽ ആയിരുന്നു.

“കോഴി പുരാണം മൂന്നാം  കാണ്ഡം”

വിവിധ ഇനം കോഴി രുചികൾ, ചിക്കൻ  65 ന്റെ സവിശേഷത മാത്രല്ല, കാട്ടുകോഴികളെ  പറ്റീം, കോഴിക്കോടിനെ പറ്റീം, കോഴിവസന്തയെ പറ്റിയും  ഞങ്ങളും സാറും കൂടെ ഡിബേറ്റുകൾ സംഘടിപ്പിച്ചു.

അങ്ങനെ ഇരിക്കെ ആണ് ഒരു വിനോദയാത്ര പോയാലോ  എന്ന ആലോചന ണ്ടായത്. നെല്ലിയാമ്പതിയ്ക്ക് . ഞങ്ങള്  ഫങ്ക്ഷണൽ ഇംഗ്ലീഷ് ഒറ്റയ്ക്ക്  കൂട്ടിയാൽ  കൂടില്യ. എണ്ണം  തികയില്യ. ലിറ്ററേച്ചർ ബാച്ച്നെ കൂടെ കൂട്ടേണ്ടി വരും. ഞങ്ങൾ രണ്ടു  ക്ലാസും തമ്മിൽ ഒരു ശീത സമരം നടക്കുന്നുണ്ടെങ്കിലും ടൂറിന്റെ കാര്യത്തിന് ഹെഡ് ഓഫ് ദി ഡിപ്പാർട്മെൻറ് രമണി സാർ  പച്ചക്കൊടി കാണിക്കണ വരെ നമ്മള് ഒത്തു നിക്കണമെന്നു ഏകകണ്ടേന തീരുമാനിച്ചു. ഫേവർ സാറിന്റെ കട്ട സപ്പോർട്ടോടെ ഞങൾ കരുക്കൾ ഓരോന്നായി  നീക്കി. ഗസ്റ്റ് ലെക്ചറ്റെർ  ആയി ഉണ്ടാർന്ന പൂനെയിൽ നിന്ന്  വിദ്യാഭ്യാസം കഴിഞ്ഞു വന്ന വെരി സ്മാർട്ട് ആൻഡ് ബ്യൂട്ടിഫുൾ ആയ  സപ്ന മിസ്സിനേം കൂടെ കൂട്ടി.

ഞാൻ, സജോ, സന്തോഷ്, ഹംന, രശ്മി, സിമി, സംഗീത, കൂടാതെ, ലിറ്ററേച്ചർ  ബാച്ചിൽ നിന്ന്  അഭിലാഷ് , മനോജ് , സഹീർ, ലക്ഷദ്വീപുകാരൻ  കോയ  അങ്ങനെ  എല്ലാ മിടുക്കരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളും ടൂറിനു ണ്ടു.ടൂർ പോകുമ്പോൾ  ആവശ്യം  വേണ്ട കാമറ അത്  പക്ഷെ  രണ്ടു പേരുടെ കയ്യിലെളു. സജോടെലും കോയടെലും. പത്തിരുപതു പേരും, രണ്ടു ടീച്ചർമാരും,  രണ്ടു കാമറ മുതാളിമാരും കൂടി നീല മിനി ബസിൽ നെല്ലിയാമ്പതിക്ക് തിരിച്ചു. ഞങ്ങള് ബസിൽ  “കുലുക്കിതക്കതെയ്” കളിച്ചു.

കോയ ഇടയ്ക്കിടെ കാമറ എടുത്തു ഫോട്ടോസ് എടുക്കാൻ തുടങ്ങി. കാമറ തോളിൽ തൂക്കി സാജോ അപ്പ്രത് ഇരിക്കിണ്ടു.

“നീ  ഫോട്ടോസ്  ഒന്നും  എടുക്കണില്ലേ സാജോ?”

ചന്ദ്രിക സോപ്പ് ഇട്ടു ഒന്ന് പതപ്പിക്കാൻ ഞാൻ ഒരു ശ്രമം നടത്തി. എന്റെ  ചോദ്യത്തിന്  നല്ല  ഇടിവെട്ട്  ഉത്തരം  ആണ് കിട്ടത്.

സജോ ആദ്യം കാമറടെ സാങ്കേതിക വശത്തെ പറ്റി ഒരു ക്ലാസ് എടുത്തു. ക്യാമെറയിൽ  ഫിലിം ഇടാനും പ്രോസസ്സ് ചെയ്യാനും ഒക്കെ മണീസ് ഇറക്കണമെന്നും

കാമറ അവൻ ഇങ്ങനെ  കഴുത്തിൽ തൂക്കി ഇടുന്നതു  ഒരു   ഫാഷൻ ആണെന്നും അല്ലാതെ  ഞങളുടെ  ഫോട്ടോ എടുക്കാനല്ലെന്നും  അവൻ  തീർത്തു പറഞ്ഞു.

അങ്ങനെ രണ്ടു ഫോട്ടോസ് നു വേണ്ടി “ശത്രുസേനയിലെ” കോയേനെ തന്നെ ആശ്രയിക്കേണ്ടി വന്നു.

ഞങ്ങള്  അങ്ങനെ  പ്രകൃതിരമണീയമായ  നെല്ലിയാമ്പതി എത്തി. തുറന്നിട്ട ബസിന്റെ കവാടത്തിലൂടെ ഞങ്ങൾ കെട്ടു പൊട്ടിച്ച പൈക്കിടാങ്ങളെ പോലെ നെല്ലിയാമ്പതി കാട്ടിലേക്ക്  എടുത്തു ചാടി. കാട്ടിലൂടെ അച്ചാലും പിച്ചാലും നടന്നു, തേയില തോട്ടത്തിൽ പോയി തേയില നുള്ളി, കാറ്റിനോടും കിളികളോടും കുശലം ചൊല്ലി, കാട്ടാറിൽ പോയി ചൂണ്ടയിട്ടു.  എല്ലാത്തിനും മുൻപന്തിയിൽ  ഫേവർ സർ ഉണ്ടായി. ഉച്ചയായി. ഞങ്ങള് പാക്ക് ചെയ്തു കൂടുന്ന വെജിറ്റബിൾ ബിരിയാണി കഴിച്ചു.

ബിരിയാണി അടിച്ചു ദിവാസ്വപ്നോം കണ്ടു  കിടന്ന  ആരുടെയോ തലേൽ ഉദിച്ച ബുദ്ധിയായിരുന്നു തിരിച്ചു മലമ്പുഴ  ഒന്ന്  പോയി കണ്ടാലോ  എന്ന് .ഐഡിയ ഒക്കെ  നന്ന്.  പക്ഷെ  പറഞ്ഞ സമയത്തു വീട്ടിൽ കേറിയില്ലേൽ ചില ഗേൾസിന്റെ വീട്ടിൽ എങ്കിലും ഒരു ആഭ്യന്തര കലഹം പൊട്ടി പൊറപ്പെട്ടേക്കാം. പ്ലാൻ പറഞ്ഞപ്പോ പലരും എതിർത്തെങ്കിലും മലമ്പുഴ ഗാർഡൻസ്  ലെ യക്ഷിയെ കണ്ടില്ലേല് ജീവിച്ചു ഇരിന്നിട്ടു കാര്യലത്രേ ! ഒരു തവണ  കണ്ടിട്ടുള്ളവർ അത് ശെരി വച്ചചു .എന്ന ഒന്ന് കണ്ടിട്ടെന്നെ കാര്യം.

രമണി സാറിനോട് ഫേവർ സർ സമാധാനം പറേം എന്ന “വിശ്വാസത്തിൽ” സപ്ന മിസ് ഓക്കേ പറഞ്ഞു.”വിശ്വാസം അതല്ലേ എല്ലാം “സഹീർ ആണ്  എന്നോട് രണ്ടു നാല് സ്റ്റോപ്പ് കഴിഞ്ഞ മലമ്പുഴ  ആയി എന്ന് ഗുണ്ടടിച്ചതു. സ്റ്റോപ്സ്  തമ്മിൽ  പത്തുമുപ്പതു കി.മി  ദൂരം ഉണ്ട് എന്നെ ഉള്ളു. എന്തായാലും  എല്ലാരും കൂടെ രണ്ടും കൽപ്പിച്ചു  മലമ്പുഴയിലേക്കു തിരിച്ചിട്ട ബസിൽ കേറി ഇരുന്നു.പോണ വഴി ബസ് ഇടക്ക് നിർത്തി ഒരു ഉറുപ്യ ഇട്ടു വിളിക്കണ ആ തൂങ്ങി നിൽകണ ചോന്ന ഫോണിൽ ഞങ്ങള് എല്ലാരും വീടുകളിലേക്കു വിളിച്ചു. പിക്ക് ചെയ്യാൻ പറഞ്ഞ  സ്റ്റോപ്പിലേക്ക്  അര മണിക്കൂർ മുന്നേ പൊറപ്പെട്ട വീട്ടുകാരോട് ഒരു മണിക്കൂർ കഴിഞ്ഞു പൊറപ്പെട്ടാൽ  മതീന്ന്  ഞങ്ങൾ മലമ്പുഴയിലേക്കു പോകാനെന്നും പറഞ്ഞേല്പിച്ചു.

എന്റെ അമ്മയാണ് ഫോൺ എടുത്തത് “എന്റെ രജി നീ എന്ത്……” മലമ്പുഴ ട്രിപ്പ് ആ ബാഹ്യ ശക്തി തുരങ്കം വെക്കാൻ ശ്രമം നടത്തുന്നത് മനസ്സിലാക്കി ഞാൻ ഫോൺ “ക്ടാക്ക് “എന്ന് വച്ചു. വീണ്ടും മണിക്കൂറുകളുടെ  യാത്രക്കൊടുവിൽ  മലമ്പുഴ  ഗാർഡൻസിൽ എത്തി. അവിടെത്തെ പൂങ്കാവനം  കണ്ടു  ഞങളുടെ കണ്ണും മനസ്സും നിറഞ്ഞു. ഞങ്ങൾ ലല്ലലം പാടി നടന്നു. അവസാനം അത് വരെ ഞങ്ങൾ അന്വേഷിച്ചു നടന്ന പാർട്ടിയെ കണ്ടു മുട്ടി.

ശില്പി  ശ്രീമാൻ കുഞ്ഞിരാമൻ ഉണ്ടാക്കി വച്ച  മേലോട്ട് നോക്കി ഇരിക്കുന്ന ഭീമകാരിയായ യക്ഷി. നിർവസ്ത്രയായ ‘കുമാരി’  യക്ഷിയുടെ കാൽച്ചോട്ടിൽ എത്തി  വിദ്യാർത്ഥികൂട്ടം അന്തം വിട്ടു വാ പൊളിച്ചു നിന്നു. ചിലർ വേണ്ടെർണില്യ വരേണ്ടർന്നില്യ എന്ന് പറഞ്ഞു തലേം താഴ്ത്തി  നിന്നു. ചിലര്  “ശേ ശ്ശു” പറഞ്ഞു  മൂക്കത്തു  വിരല്  വച്ചു.ചിലർ മന്ദം മന്ദം നടന്നു ഇടം കണ്ണാൽ വീക്ഷിച്ചു.

സഹീറും അഭിയും യക്ഷിയെ കണ്ടപ്പോ  തുടങ്ങിയ ചിരി  നിർത്താൻ വീണ്ടും രണ്ടു മണിക്കൂർ എടുത്തു.

ഗ്രൂപ്പ് മൊത്തം നീങ്ങി ഡാമിനെ ലക്‌ഷ്യം വെച്ച് പോകുമ്പോ ആണ് കൂട്ടത്തിൽ  ഒരാള്  മിസ്സിംഗ് ആണ് എന്ന്  അറിഞ്ഞത്. കാമറ മുതലാളി , സജോ !തിരിഞ്ഞു നോക്കുമ്പോ അവൻ യക്ഷിയുടെ ചുറ്റോറും പാഞ്ഞു നടന്നു അത് വരെ സേവ് ചെയ്തു വച്ച ഫിലിം എല്ലാം യക്ഷിക്ക് വേണ്ടി സമർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ അത് കണ്ടു എന്ന് മനസ്സിലാക്കി അവൻ എന്റെ ഒരു  പടം അവന്റെ കൊഡാക് ക്യാമറയിൽ യക്ഷിയുടെ ബാക്ക്ഗ്രൗണ്ട് വച്ചു എടുത്തു തരാം എന്ന് സമ്മതിച്ചു. ഞാൻ ഓക്കേ പറഞ്ഞു. അറ്റെൻഷൻ ആയി ചെരിഞ്ഞു നിന്നു  മുടി  ഒക്കെ ചെവിടെ ഇടയിൽ തിരുകി പല്ല് പൊറത്തു കാണിക്കാതെ പോസ് ചെയ്തു.

സൂര്യൻ  അസ്തമിച്ചു.തിരിച്ചു ഞങ്ങള്  ബസിൽ  കേറാൻ  സപ്ന മിസ്സിന്  നൂറ്റിനാല്പതുനാല്  പ്രഘ്യാപിക്കേണ്ടി വന്നു.വീട്ടിൽ  തിരിച്ചെത്തുംനു പറഞ്ഞ നേരമൊക്കെ എപ്പോഴേ കഴിഞ്ഞു.

ബസ് പട്ടാമ്പി എത്തി. ക്ലാസ്സ്മേറ്റ് സംഗീത ഇറങ്ങേണ്ട സ്ഥലം. അവളുടെ അച്ഛൻ സ്ഥലത്തില്ലാത്തതിനാൽ അമ്മേം കൂടെ രണ്ടു മൂന്ന് “ഗുസ്തിക്കാരായ” നാട്ടുകാരും കൂടി പട്ടാമ്പി കവലയിൽ  യൂദ്ധകാഹളം  മുഴക്കി നില്കനത് ഞങൾ  ബസിൽ നിന്ന് കണ്ടു.

സപ്ന മിസ്  സപ്പോർട്ടനു ‘ഫേവർ സർ നെ നോക്കിയപ്പോൾ “അർജുനന്റെ”  റോൾ സപ്ന മിസ്നു കൊടുത്തു ‘യുദ്ധഭൂമിയിലേക്കു’ പറഞ്ഞു വിട്ടു സർ  ശ്രീകൃഷ്ണന്റെ റോൾ   എടുത്ത്  “രഥത്തിൽ”  അമർന്നിരുന്നു. ഈ സമയം”കിളി” സന്തോഷ്   ഉള്ളിലേക്ക് വലിഞ്ഞു മുൻപിലെ സീറ്റിൽ പോയി ഒറക്കം നടിച്ചു ഇരുന്നു.

തല പൊറത്തിട്ടു  നോക്കിയ ഞങ്ങൾ വിദ്യാർഥികൾ കണ്ടത്  സപ്ന മിസ് അവരുടെ ‘പേരഗ്രാഫ്’ ചോദ്യങ്ങൾക്ക് എല്ലാം  വൺവേർഡ് ഉത്തരങ്ങൾ നൽകുന്നതാണ്. ശരിക്കും പെർഫോം ചെയ്യാൻ പറ്റാത്ത വ്യഥയിൽ മിസ് തലേം താഴ്ത്തി തിരിച്ചു ബസിൽ കേറി.

“എന്നാലും തല്ലു കിട്ടാതെ  ഒഴിവായല്ലോ.അങ്ങനെ ആശ്വസിച്ചൂടെ മിസ്സ്‌ ?”എന്ന്  സമാധാന വാക്ക് പറയാൻ പോയ വിദ്വാന് സപ്ന മിസ് ഇംഗ്ലീഷിൽ  ചീത്ത പറഞ്ഞു. എന്നിട്ടു ഞങ്ങൾക്ക് മുഖം തരാതെ വഴിയേ പോകുന്നോർക്ക് ദർശനം കൊടുത്തു മിസ് പ്രതിഷേധം രേഖപ്പെടുത്തി.

പട്ടാമ്പി സീൻ കഴിഞ്ഞപ്പോ അത് വരെ കൂൾ ആയി ഇരുന്ന ഫേവർ സർ   ഞങ്ങളിൽ നിന്ന് മറച്ചു വച്ച പല “രഹസ്യങ്ങളും” ഓരോന്നായി പൊർത്തു വിടാൻ തുടങ്ങീത്.

“വൈഫ് പ്രെഗ്നന്റ് ആണ്. വീട്ടിൽ നേരം  വൈകും എന്ന്  അറീച്ചിട്ടിടില്യ.പോ അവടെ  എന്തായോ എന്തോ കർത്താവെ”

ഒരു ആശ്വാസ വാക്ക് കേൾക്കാൻ കൊതിച്ച സാറിന്റെ വെന്തുരുകുന്ന ആ ഹൃദയത്തിലേക്ക് ഞങൾ രണ്ടു ബക്കറ്റ് ഓയിൽ കമിഴ്ത്തി.

“അല്ലേലും സർ, പ്രെഗ്‌നറ് ആയ വൈഫിനെ  വീട്ടിൽ ഇരുത്തി ഈ ടീനേജ്  പിള്ളേരുടെ കൂടെ ആർമാദിച്ചു നെല്ലിയാമ്പതിയും , യക്ഷിനേം ഒകെ കണ്ടു കറങ്ങി നടക്ക പറഞ്ഞ;

 “ഛേ …മോശായി…വളരെ മോശായി”

പിന്നെ തൃശൂർ എത്തുന്ന വരെ  ചിന്താമഗ്നനായി  തലേം താഴ്ത്തി  ഒരിരുപ്പായിരുന്നു മ്മടെ ഫേവർ മാഷ്.  നെല്ലിയാമ്പതിയിൽ നിന്നും യക്ഷിയിൽ നിന്നും ഒക്കെ ഊർജ്ജം കൊണ്ട “പാണ്ഡവകൗരവ സേന” പിറ്റേ ദിവസം “ശ്രീക്ഷ്ണയിൽ” പൂർവാധികം ഉണർവോടെ തിരിച്ചെത്തി. അടുത്ത “കുരുക്ഷേത്രയുദ്ധത്തിനു” കാരണം തേടി…!