രണ്ടു മൂന്നു വർഷം മുന്നേ ആണ് ഞങ്ങളുടെ മ്യൂണിക്കിലെ വീട്ടിലെ ഗാർഡനിലുള്ള ആപ്പിൾ മരത്തിൽ നല്ലോണം ആപ്പിൾ ഉണ്ടായത്. മരം തീരെ ശോഷിച്ചതാണെങ്കിലും ഇലയെക്കാൾ കൂടുതൽ ആപ്പ്ൾസ് ഉണ്ടായിരുന്നു. ഒരു പത്തഞ്ഞൂറെണ്ണമെങ്കിലും ചുരുങ്ങീത് കാണും എന്ന് പറഞ്ഞാ തീരെ അതിശയോക്തിയില്ല എന്ന് നിങ്ങള് മനസ്സിലാക്കണം.
വീട്ടിൽ ആർക്കും ആപ്പിളിനോട് വല്യ പ്രതിപത്തി ഇല്യ. അതോണ്ട് അതിങ്ങനെ പക്ഷികൾ കഴിക്കണതും, വീണു പോണതും നമ്മള് ഒട്ടും മനസ്താപം ഇല്ലാതെ തന്നെ നോക്കികണ്ടു നാള് പോക്കി. വഴിപോക്കർ എല്ലാരും ഈ ആപ്പിൾ മരത്തിലെ ആപ്പിൾ നോക്കി മതി മറന്നു നിൽക്ക പതിവായി. വളരെ കുറച്ചു പേർ മാത്രം ഒരു ആപ്പിൾ ചോദിക്കാൻ ധൈര്യപ്പെട്ടു.
എന്നാ പിന്നെ ഇത് അയൽക്കാർക്ക് വീതിച്ചു കൊടുത്തൂടെ എന്ന് മോള് ചോയ്ച്ചപ്പോ ശരിയാണല്ലോ ആർക്കെങ്കിലും ഉപകരിക്കട്ടെ എന്ന് ഞങ്ങൾക്കും തോന്നി. നിന്നെ പോലെ നിന്റെ അയല്കാരനേം സ്നേഹിക്കുക എന്നാണാലോ. അത് ആപ്പിൾ വഴി ആവട്ടെ. പിന്നെ അവര് വല്ല ആപ്പിൾ “കുഹനോ” ( കേക്ക് ) പുഡ്ഡിങ്ങോ, വൈനോ, മറ്റോ ഉണ്ടാക്കട്ടെ. അത് നമ്മൾക്കും കൊണ്ട് തരട്ടെ. അങ്ങനേം ആവാലോ.. ഒരു വിരോധോല്യ!
ഒട്ടും ഉപേക്ഷ കാണിക്കാതെ നീട്ടി വലിച്ചു ഒരു മെയിൽ വിട്ടു.
‘അൻ ‘അലെ ബിവോനർ ഉൻഡ് ബിവോനറിന്നെൻ ദേർ അഡോൾഫ് – ഹക്കൻബെർഗ് സ്‌ട്രാസെ (ജർമൻ ആണ് )
(“അഡോൾഫ് – ഹക്കൻബെർഗ് സ്‌ട്രാസെ” യിലെ എല്ലാ ഗ്രാമനിവാസികൾക്കും )
ഞങ്ങളുടെ ആപ്പിൾ അസൂയാവഹമായി കായ്ച്ചു നില്കണത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. “അയൽക്കാരെ സ്നേഹിക്കുന്ന മലയാളി” എന്ന ആശയത്തിന്റെ ഭാഗമായി മോഹവില കിട്ടാവുന്ന ആപ്പ്ൾസ് ഞങ്ങൾ മൊത്തം “കോസ്റ്റൻലോസ്” ( ഫ്രീ ) ആയി വിതരണം ചെയ്യാൻ തീരുമാനിച്ച കാര്യം സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു.അതിനാൽ ഉടൻ തന്നെ നിങ്ങളുടെ വിഹിതം സ്വന്തമാക്കുക. ആപ്പിൾ പറിക്കാൻ ഉതകുന്ന ആയുധങ്ങളും മറ്റു സാമഗ്രികളും നിങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുവരേണ്ടതാണ്.
മിത് ഫ്രോയേണ്ടലീഷേൻ ഗ്രുസ്സൻ (സ്നേഹാദരങ്ങളോടെ )
ഫാമിലി അടയാപുരത്തു / നാരായണൻ
മെയിൽ കിട്ടിയ പടി അഡോൾഫ് ഹക്കൻബെർഗ് സ്സ്‌ട്രാസെയിലെ ജർമൻകാരും, ഫ്രഞ്ചുകാരും, ഡച്ചുകാരും ഉൾപ്പെട്ട ഒരു വൻ സംഘം കൊട്ടേം ചാക്കും, തോട്ടിയും, വടിയുമായി ആപ്പിൾ മരം ലക്ഷ്യമാക്കി നടന്നു നീങ്ങി. ജാഥ ഗാർഡനിൽ ഒത്തു കൂടി. ആപ്പിൾ മരത്തിന്റെ കൊമ്പുകളും ചില്ലകളും നോക്കി ആപ്പിളിന്റെ എണ്ണം എടുത്തു, ഓരോ രാജ്യക്കാരും തുല്യമായി വീതിച്ച ശേഷം മരത്തിനു ചുറ്റും “ആയുധങ്ങളേന്തി” വളഞ്ഞു നിന്നു. പിന്നെ നടന്ന ആപ്പിൾ “പ്ലകിങ്” മത്സര പരാക്രമത്തിൽ എല്ലാ രാജ്യക്കാരും കൈ മെയ്യ് മറന്നു വാശിയോടെ പങ്കെടുത്തു.
നോക്കി നോക്കി നിൽക്കെ ചുകന്നു പൂത്തു നിന്ന ആപ്പിൾ മരം നിമിഷങ്ങൾക്കുള്ളിൽ “മൊട്ടക്കുന്നു” പരുവമാകുന്നത് ഞങ്ങൾ ആപ്പിൾ ഉടമകൾ നിസ്സഹായതയോടെ നോക്കി നിന്നു. വിരലിൽ എണ്ണാവുന്ന ഇലകൾ മാത്രം ബാക്കി വച്ച് നല്ലവരായ ഗ്രാമ നിവാസികൾ വരിവരിയായി സ്ഥലം വിട്ടു. എന്നിരുന്നാലും സന്തോഷാധിക്യത്താൽ എല്ലാരുടേം മുഖം “ആപ്പിൾ” പോലെ തുടുത്തിരുന്നു. ചാക്ക് നിറയെ ആപ്പിൾ തലേല് വച്ച് പോകുന്ന ഫ്രാവ് ലൂട്സ് ( ലേഡി ലൂട്സ് ) പോകണ വഴി ശകുന്തളയുടെ കാലിൽ മുള്ളു കൊണ്ടകണക്കു തിരിഞ്ഞു ഞങ്ങളെ നോക്കി “ഹാ ഹാ ഹാ ” എന്ന കക്ഷിയുടെ സ്വതസിദ്ധമായ ആ രാക്ഷസ ചിരി അങ്ങോട്ട് ചിരിച്ചു. എന്നിട്ടു മന്ദം മന്ദം വീട് ലക്ഷ്യമാക്കി നീങ്ങി.
പിന്നെ ഞങ്ങൾ വൈകീട്ടത്തെ “കാലിച്ചായ” അടിക്കുമ്പോ ഗ്രാമവാസികൾ ആപ്പിൾ കേക്കും, ആപ്പിൾ വൈനും, ആപ്പിൾ “സ്ട്രൂഡലും” (ആപ്പിൾ പൈ ) മാറി മാറി സേവിച്ചു.
***************
കഴിഞ്ഞ വർഷം കാലാവസ്ഥ ചതിച്ചപ്പോ ഒരെണ്ണം പോലും ഉണ്ടായില്യ. ഈ വർഷം അന്നത്തെ അത്ര ഇല്ലെങ്കിലും തരക്കേടില്ലാതെ ഉണ്ടായിട്ടുണ്ട് . അതുകണ്ടു മോഹിച്ചാണ് ഫ്രാവ് ലൂട്സ് “ചന്ദ്രിക” സോപ്പ് ഒന്ന് വാങ്ങിയത്. എന്നിട്ടു ജോലി കഴിഞ്ഞു ‘കോട്ടി’ട്ടു വരുന്ന സാജുനെ വഴിയിൽ വച്ച് പിടി കൂടി.
“എൻഷുൽഡിഗുങ് സായു” (എക്ക്യൂസ് മി സാജു), ഇത്തവണ നിങ്ങളുടെ ആപ്പിൾ മുഴുവൻ ഞങ്ങൾ എടുത്തോളാം, മറ്റാരും അറിയണ്ട ”ഫ്രാവ് ലൂട്സ് ചിരിച്ചു “ഹാ ഹാ ഹാ”
“എന്തായാലും നോക്കാം. ഞങ്ങളുടെ പരെന്റ്സ് ഇന്ത്യയിൽ നിന്ന് അടുത്താഴ്ച എത്തും. അവര് ഈ നിറഞ്ഞു നിക്കുന്ന ആപ്പിൾ മരം ഒന്ന് കണ്ടോട്ടെ അത് കഴിഞ്ഞു നിങ്ങൾക്ക് ഇഷ്ടം പോലെ പൊട്ടിച്ചോണ്ടു പോകാം”
സാജു ഉറപ്പു കൊടുത്തു. ഫ്രാവ് ലുട്സ് സന്തോഷത്തോടെ തലകുലുക്കി. ” ഫീലെനൻ ലീബൻ ടാങ്ക് ” ( കലശലായ നന്ദി) അറീച്ചു.
***************
നാട്ടിൽ നിന്ന് വന്ന മൂവർ സംഘം വന്നയുടനെ ബാഗും പെട്ടിയും ഒക്കെ ലിവിങ് റൂമിൽ ഇട്ടു നേരെ ഓടിയത് ആപ്പിൾ മരത്തിന്റെ ചോട്ടിലേക്കായിരുന്നു.
എന്താ ഈ കാണണത്… ? ആപ്പിൾ അല്ലെ!
എന്റെ അമ്മ തന്നെ ഉത്ഘാടനം നിർവഹിച്ചു. നല്ല ഒരു ആപ്പിൾ നോക്കി പറിച്ചു, കൈ കൊണ്ട് ഒന്ന് തുടച്ചെന്നു വരുത്തി ആദ്യത്തെ ബൈറ്റ് എടുത്തു.
(അല്പം പുളിച്ചൊ..?) എന്തായാലും അമ്മ തിടുക്കത്തിൽ അച്ഛന് ഒരു പീസ് നീട്ടി.
“ഹൌ അസ്സല് ആപ്പിൾ ഉണ്ണ്യേട്ടാ, ഇതൊന്നു കഴിച്ചു നോക്കു”
അമ്മായിയമ്മയ്ക്കും കിട്ടി അമ്മയുടെ വക ഒരു കഷ്ണം ആപ്പിൾ: “ദേ നോക്കുന്നെ നമ്മളുടെ നാട്ടില് കിട്ടണ പോലെ അല്ല. അസ്സല് ടേസ്റ്റ്”
ഇതെല്ലാം കണ്ട് അപ്രത്തെ വീട്ടിൽ ആപ്പിൾ വൈൻ ഉണ്ടാക്കാൻ കുപ്പി കഴുകി വെയിലത്ത് ഉണക്കാൻ വച്ച ലൂട്സ് പ്രതീക്ഷയോടെ ചുരിദാർ ഇട്ട ടീമ്സിനെ വേലിക്കരികിൽ നിന്ന് ചാഞ്ഞും ചെരിഞ്ഞും വീക്ഷിക്കുണ്ടായി.
അങ്ങനെ അന്ന് മുതൽ മൂവർ സംഘത്തിന്റെ മെനുവിൽ ആപ്പിൾ ഒരു അഭിവാജ്യഘടകം ആയി. ആപ്പിൾ മരത്തിന്റെ താഴെ ആളനക്കം കേട്ടാൽ ഉടനെ വെപ്രാളപ്പെട്ട് ഫ്രാവ് ലൂട്സും മുറ്റത്തേക്കിറങ്ങി നോക്കി നിൽക്കൽ പതിവാക്കി. ദിവസം പ്രതി എണ്ണം കുറഞ്ഞു വരുന്ന ആപ്പിൾ മരത്തിലേക്ക് നോക്കി അവർ നെടുവീർപ്പിട്ടു.
അവരുടെ പരുങ്ങലിൽ പന്തികേട് തോന്നിയ അമ്മ ഒരൂസം ചോതിച്ചു,
“എന്തോ കൊഴപ്പം ഉണ്ടല്ലോ, എന്തിനാണ് ആയമ്മ ഞാൻ ആപ്പിൾ കഴിക്കുമ്പോ എന്നെ നോക്കി ചിരിക്കുന്നെ?”
അപ്പോഴാണ് അമ്മ കഥ അറിയുന്നത്’. നമ്മള് ആപ്പ്ൾസ് “അയൽക്കാർ തമ്മിലുള്ള സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ” ഫ്രാവ് ലൂട്സ്നു കരാർ കൊടുത്തെന്ന് കേട്ടപ്പോ അമ്മ നെഞ്ചത്ത് കൈ വച്ചു ’ശുദ്ധഅസംബന്ധം’ എന്ന് വിധിയെഴുതി.
“എന്റെ കുട്ടിയെ, നാട്ടിൽ ഇതിന്റെ വില എന്താന്നറിയോ!
ആപ്പിൾ ആസ്വദിക്കുന്നതിന്റെ കൂടെ അമ്മ പഴഞ്ചൊല്ല് ഉരുവിട്ടു ” ആൻ ആപ്പിൾ എ ഡേ കീപ്സ് ദ ഡോക്ടർ എവേ ” എന്നാണ്.
അമ്മ വീണ്ടും മേലോട്ട് നോക്കി “ആകെ മൊത്തം ടോട്ടൽ” ഒന്ന് ആപ്പിളിന്റെ എണ്ണം എടുത്തു. കണക്കു കൂട്ടിയപ്പോൾ മൂവർ സംഘം ഒത്തൊരുമിച്ചാൽ തിരിച്ചു പോകുന്ന വരെ “ആൻ ആപ്പിൾ എ ഡേ” വച്ച് കഴിക്കാൻ ഉള്ളതേ ഉള്ളൂ.
“അതോണ്ട് ഇത് മൊത്തം ഞങ്ങള് കരാറ് എടുത്തേക്കണു. പൊറത്തേക്കു കൊടുക്കണ്ട”.
അമ്മ നയം വ്യക്തമാക്കി. ബാക്കി രണ്ടു പേരും “അങ്ങനെ തന്നെ” എന്ന് പറഞ്ഞു അത് ശരിവച്ചു.
മാനസേശ്വരീ – മാപ്പു തരൂ
മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍
മാപ്പു തരൂ – മാപ്പു തരൂ
എന്ന മലയാളം പാട്ട് വേലിക്കല് നിൽക്കണ നമ്മുടെ “മാനസേശ്വരീ” ഫ്രാവ് ലൂട്സിനു വേണ്ടി ഞങ്ങള് ഡെഡിക്കേറ്റ് ചെയ്തു.
പിന്നെ ഉള്ള ദിവസങ്ങളിൽ ആപ്പിൾ അച്ചാർ, ആപ്പിൾ ഉപ്പിലിട്ടത്, ആപ്പിൾ ഉലത്തീത്, ആപ്പിൾ പുളിശ്ശേരി എന്നിങ്ങനെ പല രൂപത്തിൽ തീൻമേശ വിഭവസമൃദ്ധമായി.