പുതിയഒരെണ്ണം വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ക്ലബ് ഹൗസ്! അതില് ഇങ്ങനെ പണ്ട് ആൾകാർ ചായക്കടയിൽ പോയി ഇരുന്നു കഥ പറയുന്ന ഒരു ഫീൽ ആണ് നമുക്ക് കിട്ടാ എന്നും ഒരു ഫ്രണ്ടിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു പ്രലോഭിതയായ ഞാൻ നൂറു കൂട്ടം ആപ്പ് കാരണം തിങ്ങി മുട്ടിയിരിക്കുന്ന എന്റെ ഫോണിലേക്ക് “ക്ലബ് ഹൗസ്”- നെ കൂടെ ഇച്ചിരി സ്ഥലം കണ്ടെത്തി കൂട്ടികൊണ്ടു വന്നു. പതിയെ ക്ലബ് ഹൗസ്സിൽ എത്തിനോട്ടം നടത്തിയ ഞാൻ ആദ്യമായി ഐ റ്റി ഫീൽഡിൽ ജോലി കിട്ടിയ ഫ്രഷറിനെ പോലെ കുറച്ചീസം മിഴുങ്ങസ്യാന്നു ഇരിക്കേണ്ടായി. പിന്നെ പതിയെ ധൈര്യം സംഭരിച്ചു ഹെഡ്സെറ്റ് വച്ച് അല്പം “നൊസ്റ്റാൾജിയ” തേടി എത്തിപ്പെട്ടത് ഏതോ “ റഷ്യൻ ഭാഷാപോഷിണി” ഗ്രൂപ്പിൽ ആയിരുന്നു.
ഒരു കയ്യ് (hand raise) ഇങ്ങനെ പൊങ്ങി നില്ക്കണ കണ്ടു, അതെന്താ അങ്ങനെ ഒരുകയ്യെന്നു നിരീച്ചു അവ്ടൊന്നു ക്ലിക്ക് ചെയ്ത എനിക്ക് സ്പീക്കർ ആയി ഇൻവിറ്റേഷൻ കിട്ടിയതും “അടുത്ത തവണ ആവട്ടെ”എന്ന് വിനയപുരസ്സരം പറഞ്ഞു “ റഷ്യ ” വിട്ടു. നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ പോലീസുകാരെ പോലെ വീണ്ടും യാതൊരു ലക്ഷ്യബോധവും ഇല്ലാതെ ഹൗസിൽ അലഞ്ഞു നടന്നു. അതുവഴി പല ദേശങ്ങളും പല രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചു.
എനിക്ക് ജീവിതത്തിൽ പേടിയുള്ള രണ്ടു “പ” ആണ് .പ്രേതങ്ങളും പാമ്പുകളും. എന്നാലും “പ്രേതാനുഭവങ്ങൾ 18+” എന്ന ഗ്രൂപ്പ് എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ആളുകൾ അവരുടെ പ്രേതങ്ങളുമായുള്ള എക്സ്പീരിയൻസ് ഷെയർ ചെയ്യണ ക്ലബ് ആണ്. ഒരു പൊന്നാനിക്കാരനാണ് കഥ പറയുന്നത്. ഹ ! മ്മടെ നാട്ടുകാരൻ ആണലോ ..കേട്ട് കളയാം.. പരിചയം ഉള്ളസ്ഥലങ്ങളും വഴികളും സ്ഥാപനങ്ങളും…. പേര് കേട്ട് അങ്ങനെ നൊസ്റ്റു അടിച്ചു ഇങ്ങനെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.
പയ്യൻ സ്ഥിരം സ്റ്റോറി പൊക്കി കൊണ്ട് വന്നു. അതായതു സെക്കന്റ് ഷോ കണ്ടു വരുന്നു, വഴിയില് വെള്ള സാരി ഉടുത്ത ചേച്ചീനെ കാണുന്നു, ബോധം പോകുന്നു.. അങ്ങനെ. .. അങ്ങനെ… അങ്ങനെ….
പിന്നെ ഒരു ഷൊർണുർകാരൻ രംഗപ്രവേശം ചെയ്തു . അവൻ അവന്റെ ഗ്രാമവും, നടവഴിം എല്ലാ വിവരിക്കാൻ തുടങ്ങി:
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
ആ ഒരു ലൈനിൽ പോയി കാര്യങ്ങൾ …പദ്യം കേട്ട് ഒരു നിമിഷം സ്കൂൾ കാലഘട്ടത്തിലേക്ക് പോയ ഞാൻ, പദ്യം വൃത്തിയായി ചൊല്ലാതെ ടീച്ചറുടെ കയീന്നു അടികിട്ടിയത് ഓർത്തു സോഫ്റ്റ് ആയി ഒന്ന് “ഞെട്ടി”. അല്ലാതെ കഥാകാരന് എന്നെ ഞെട്ടിക്കാൻ പറ്റീല്യ. ബൈ ഡീഫോൾട്, ഗ്രൂപ്പിൽ മ്യുട്ട് ആയഞാൻ “കം റ്റു ദ പോയിന്റ്” എന്നൊരു നൂറു വട്ടം ഇങ്ങു മ്യൂനിച്ചിലെ എന്റെ വീട്ടിലെ കട്ടിലിൽ കിടന്ന് അപേക്ഷിച്ചു കൊണ്ടിരുന്നു.
രാത്രി എന്നും 9 മണിക്ക് “പ്രേതാനുഭവങ്ങൾ 18+” ഗ്രൂപ്പിൽ കേറി ‘ചില്ല് ഔട്ട്’ ചെയ്യാൻ ഞാൻ മുടക്കം വരുത്താറില്യ. അങ്ങനെയാണ് ഒരീസം ഒരുപാലക്കാരന്റെ അനുഭവം കേൾക്കാൻ ഇടയായത്. നല്ലഒരു ആമുഖം കൊടുത്ത് കക്ഷി കേൾവിക്കാരെ കയ്യിലെടുത്തു. ബാംഗളൂർ ഇൻഫോസിസിൽ ജോലി കിട്ടി ജോയിൻ ചെയ്ത അവൻ ജോലി കിട്ടിയതും 4 മാസം ലീവ് എടുത്തു പാലായിലെ അവന്റെ വീട്ടിൽ പെട്ടിയും കിടക്കേം ആയി എത്തി മലയാളീസിന്റെ പേര് കാത്തു. എന്നിട്ടു അവൻ മെഡിറ്റേഷൻ കോഴ്സിന് ചേർന്നു. ആദ്യം പത്ത് മിനിറ്റ് മെഡിറ്റേറ്റ് ചെയ്യാറുണ്ടർന്ന അവൻ അത് പിന്നെ നാൽപ്പതു മിനിറ്റും ഒരു മണിക്കൂറും ആയി അപ്ഗ്രേഡ് ചെയ്തു.
കേൾവിക്കാരെ അവൻ പാലായിലെ റബർ കാടിന്റെ നടുവിലെ അവന്റെ വീട്ടിലേക്കു കൊണ്ടുവന്നു. വീട്ടുകാരേം കൂട്ടുകാരേം പരിചയപ്പെടുത്തി. അവന്റെ ദിനചര്യ വിവരിച്ചു. രാത്രി പന്ത്രണ്ടിന് ഉറങ്ങുന്ന അവൻ ഏഴ് മണിക്കൂർ ഉറങ്ങി, രാവിലെ ആറിനും ഏഴിനും ഇടയ്ക്ക് എണീക്കും. അന്നത്തെ ദിവസം രാത്രി ഒൻപത് മണിക്ക് കിടന്നുറങ്ങിയ അവൻ കണക്കു പ്രകാരം രാവിലെ മൂന്നിന് എണിറ്റു. പിന്നെയാണ് പയ്യന് നട്ടപ്പാതിരക്കു മെഡിറ്റേഷൻ സ്‌കിൽസ് ഇമ്പ്രൂവ് ചെയ്യണം ന്ന് തോന്നീത്. ശങ്കരാടി ചേട്ടൻ പറഞ്ഞ പോലെ “നിശബ്ദം …. കൂരാകൂരിരുട്ട്…. ചീവീടുകളുടെ ശബ്ദം മാത്രം”. ഞാൻ എന്റെ രണ്ടു കാതും അവനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തു. അവൻ ഇടറിയ ശബ്ദത്തോടെ കഥ തുടർന്നു….
ബെഡിൽ നിന്ന് എണിറ്റ അവൻ കട്ടിലിൽ അഞ്ചു മിനിറ്റ് ഇരുന്നു. കയ്യും കാലും ഇടത്തോട്ടും വലത്തോട്ടും ആഞ്ഞു വീശി മെഡിറ്റേറ്റ് ചെയ്യാൻ ശരീരത്തെ സജ്ജമാക്കി. പതിയെ കട്ടിലിൽ നിന്ന് എണിറ്റു ലൈറ്റ് ഇടാൻ സ്വിച്ച് ലക്ഷ്യമാക്കി നടന്നു. ഞാൻ ശ്വാസം അടക്കി പിടിച്ചു കിടന്നു. ലൈറ്റ് ഇട്ടു തിരിഞ്ഞു ബെഡിലേക്കു നോക്കിയ അവൻ ആ കാഴ്ച കണ്ടു വിറച്ചു….!!അവൻ പറഞ്ഞത് കേട്ട് നീണ്ടു നിവർന്നു കിടന്നിരുന്ന ഞാൻ റൈറ്റ് ആംഗിൾ ഫോം ചെയ്തു ബെഡിൽ ഞെട്ടിത്തരിച്ചു എണീറ്റിരുന്നു. എന്റെ ഹൃദയം പട പട ഇടിച്ചു.
**********
മെഡിറ്റേഷൻ ചെയ്യാൻ രാത്രി എണിറ്റു സ്വിച്ച് ഇട്ടു തിരിഞ്ഞു ബെഡിലേക്കു നോക്കിയ പാലാക്കാരൻ കണ്ടത് , സ്വന്തം ബോഡി ബെഡിൽ കൂർക്കം വലിച്ചു ഉറങ്ങുന്നതാണ്. സ്വിച്ച് ഇട്ടതു മൂപ്പരുടെ ആത്മാവായിരുന്നത്രെ. ഒരു ആത്മാവിന് സ്വിച്ച് ഇട്ടു ലൈറ്റ് ഓൺ ആക്കാനുള്ള കെല്പുണ്ട് എന്നറിഞ്ഞു എന്റെ അന്തരാളം കോൾമയിർ കൊണ്ടു. സ്വന്തം ശരീരം കണ്ടു ഞെട്ടിയ പാലക്കാരന്റെ ആത്മാവ് തിരിച്ചു ശരീരത്തിലേക്ക് കയറാൻ തമ്പട്ടു കട്ടിലിനടുത്തു ചുറ്റിപറ്റി നിന്നു. പിന്നെ മെഡിറ്റേഷൻ പ്ലാൻ വേണ്ടന്നു വെച്ച് ബോഡിയുമായി അലൈൻ ചെയ്തു കിടന്നു.
പേടിച്ചു പണ്ടാരടങ്ങിയ ഞാൻ ഹെഡസെറ്റ് വലിച്ചു പറിച്ചു കളഞ്ഞു സുസ്മിത സെന്നിന് “മിസ് യൂണിവേഴ്‌സ്” കിട്ടിയപ്പോ ഇട്ട എക്സ് പ്രക്ഷൻ ഇട്ടു കിടക്കയിൽ എണിറ്റു ഇരുന്നു. ഫോൺ മാറ്റി വെച്ച് ഞാൻ മലയാള അക്ഷരം “ഗ” എന്ന ചിന്ഹത്തിൽ പുതപ്പു തല വഴി മൂടി കിടന്നു. എന്നിട്ടു പുതപ്പു വച്ചൊരു ദ്വാരം ഉണ്ടാക്കി മൂക്കിന്റെ അറ്റം മാത്രം പുറത്തേക്കു വച്ചു ആവശ്യമുള്ള ഓക്സിജൻ മാത്രം വലിച്ചെടുത്ത് എന്റെ സ്വന്തം ശരീരം ഭദ്രമാക്കി, ചെറുപ്പത്തിൽ പേടിസ്വപ്നം കാണാതിരിക്കാൻ ചൊല്ലിയിരുന്ന ശ്ലോകങ്ങൾ ഓർത്തെടുത്തു ചൊല്ലാൻ തുടങ്ങി.
കരാചരണ കൃതം വാ
കായജം കര്മജം വാ ,
ശ്രവണനയനജം വാ
മാനസം വാപരാധം
…….അർജുനൻ ഫൽഗുനൻ
പാർത്ഥൻ വിജയനും …
ഉറങ്ങാൻ വന്ന കെട്ടിയോൻ പതിവില്ലാതെ മുറിയിൽ നിന്ന് പ്രവഹിക്കുന്ന സംസ്‌കൃത ശ്ലോകങ്ങളുടെ സ്രോതസ്സറിയാതെ കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന തിയറി പ്രയോഗിച്ചു അലമാരയിലും കട്ടിനടിയിലും തപ്പുന്നത് പുതപ്പിനുള്ളിൽ നിന്ന് ഞാൻ അറിഞ്ഞു.
അൽപസമയത്തിന് ശേഷം പുറത്തു കാറ്റു വീശി മഴ തിമിർത്തു പെയ്തു, അന്തരീക്ഷം ഒന്നുടെ ഭീതിതമായ സാഹചര്യത്തിന് അനുകൂലമാക്കി. മഴ പെയ്തപ്പോഴാണ് ശുദ്ധവായു പ്രവാഹത്തിന് വേണ്ടി മുകളിലെ മുറിയിലെ എല്ലാ ജനലുകളും വാതിലുകളും ഞാൻ മലർക്കെ തുറന്നിട്ടിരിക്കുവാണെന്ന് ഓർത്തത്. ഒറ്റയ്ക്ക് പോയി അടക്കാൻ ധൈര്യം ഇല്ലാത്തോണ്ട് ഫസ്റ്റ് ഗിയറിട്ടു കൂർക്കം വലി തുടങ്ങിയ ഭർത്താവിനെ ഒന്ന് കുലുക്കി എണീപ്പിക്കാൻ ഒരു പാഴ്ശ്രമം നടത്തി.
“വരൂ , നമുക്ക് മുകളിലെ നില വരെ ഒന്ന് പോകാം. ജനവാതിലുകൾ തുറന്നു കിട്ടുന്നുണ്ടോ എന്ന് നോക്കാം . തുറന്നു കിടക്കുന്ന ജനാലകൾ അങ്ങ് അടച്ചേക്കാം. ഇല്ലെങ്കിൽ അതിരാവിലെ തൂപ്പും തുടപ്പുമായി പോകേണ്ടി വരുമ്പോ അത് ഒരു അസൗകര്യം ആയിരിക്കും“
ഞാൻ ക്ലബ് ഹൗസ് പ്രേതകഥ കേട്ട് ഭയചകിത ആണെന്നും അതുകൊണ്ടു ആപൽഘട്ടങ്ങളിൽ ഒപ്പം നില്കുന്നവനാണ് ഉത്തമ ഭർത്താവ് എന്നും വാദിച്ചു നോക്കി. പിന്നീട് കോണിപ്പടിയുടെ പകുതി വരെ എന്റെ കൂടെ വരാൻ ധൈര്യം ണ്ടോ എന്ന് വെല്ലു വിളിച്ചു. ഏറ്റില്യ! ഗിയറ് ടോപ്പിലേക്ക് മാറ്റി വണ്ടി വാളയാർ വിട്ടു.
എന്ന പിന്നെ അങ്ങനെ തന്നെ… !
എന്റെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത കുതിര കണക്കു പായാൻ തുടങ്ങി. മഴ നനയാതിരിക്കാൻ ഉടുപ്പിട്ട ജർമൻ പ്രേതങ്ങൾ കൂട്ടം കൂട്ടമായി ഞാൻ തുറന്നിട്ട അഴിയില്ലാത്ത ജനൽ വഴി എന്റെ വീടിന്റെ ആളില്ലാത്ത മുകൾനിലയിൽ തേരാപാരാ ‘ഹ ഹ ഹ ” അട്ടഹസിച്ചു വിരാചിക്കുന്ന കാഴ്ച ഞാൻ മനസ്സിൽ കണ്ടു. ഭജന നാലാം കട്ടയിൽ ഇട്ടു ഒരു പിടി പിടിച്ചു. നാലു പടി കൂടെ താഴെ ഇറങ്ങിയാൽ പ്രേതങ്ങൾക്കു എന്റെ മുറിയിൽ എത്തി വേണെമെങ്കിൽ എന്റെ കൊങ്ങക്ക് പിടിക്കാം. വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു റൂമിലേക്കുള്ള എൻട്രി ഞാൻ ബ്ലോക്ക് ചെയ്തു. ശ്ലോകം തുടർന്നു ചൊല്ലി കൊണ്ട് ഇടയ്ക്കു പാലക്കാരനേം പഴിച്ചു നിദ്രാദേവി കടാക്ഷിക്കാൻ കണ്ണടച്ച് കാത്തു കിടന്നു.
ശുഭം !