ഫെബ് 14 വാലെന്റൈൻസ് ഡേ! രാവിലെ തന്നെ ആ കാര്യം അങ്ങോട്ട് മറന്നു.. പിന്നെ ഏകദേശം ഒരു 11 മണി ആയപ്പോഴാണ് ഓർത്തത് പ്രിയതമനെ വിഷ് ചെയ്തില്ലല്ലോ ന്ന്.. ഒന്ന് നെറ്റിൽ പരതിയപ്പോ രണ്ടു കരടികൾ കെട്ടി പിടിച്ചു നിൽക്കുന്ന പടം… കൊള്ളാം..” ഒപ്പം ഒരു കുറിപ്പും "ഹാപ്പി വാലെന്റൈൻസ് ഡേ റ്റു മൈ ഹസ്ബൻഡ്" അതുതന്നെ കാച്ചാം .. ജോലിക്കിടെ കോപ്പി, പേസ്റ്റ് ചെയ്തു വാട്ട്സാപ്പ് അയച്ചു വിട്ടു. ശ്ശോ..! ഇമേജ് ക്വാളിറ്റി പോരാ.. ആകെ മങ്ങൽ, ഠപ്പേന്ന് തന്നെ ഡിലീറ്റ് ചെയ്തു. വേണ്ട വേറെ നോക്കാം. ആ ഇന്റെർവല്ലിൽ അപ്പറത്തൂന്ന് മെസ്സേജ് വന്നു.... "വാട്ട് ഡിഡ് യു ഡിലീറ്റ്?” നശിപ്പിച്ചു…! പിന്നെ വയലറ്റ് കളർ ഒരെണ്ണം കിട്ടി-- വിതൗട്ട് കരടികൾ ഹാപ്പി വാലെന്റൈൻസ് ഡേ ടു മൈ വണ്ടർഫുൾ ഹസ്ബൻഡ്"
അത് സീൻ ആയതും, ഹ ഹ ഹ…! ഹാപ്പി വാലെന്റൈൻസ് ഡേ – ക്ക് റിപ്ലൈ കിട്ടി. ആ മൂന്ന് “ഹ ” ഒരു എക്സ്ട്രാ ഡെക്കറേഷൻ ആയി. അതോ എന്നെ ആക്കിയതാണോ? ( ഹെയ്, അങ്ങനെ ചെയ്യോ?).
ഇന്ന് ജിം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് അവിടത്തെ സൂംബാ ഇൻസ്ട്രക്ടർ ഞാനെന്തോ അപരാധം ചെയ്ത കണക്കു വിളിച്ചു കൂവിയത്. റോസ് എടുക്കൂ… റോസ് എടുക്കൂ. .. അപ്പോഴാണ് ഞാൻ ഒരു കുപ്പിയിൽ ഇട്ട, വെള്ളയും പിങ്കും കളർ ഉള്ള റോസാപ്പൂക്കൾ ശ്രദ്ധിച്ചത്. വാലെന്റൈൻസ് ഡേ ആയോണ്ട് അവിടെ റോസ് വിതരണം ഉണ്ട്. ഒരു ജർമൻകാരി എനിക്ക് ഒരു റോസാപ്പൂവും, കൂടെ തണ്ടും ഇലയും മുള്ളും ഒക്കെ ഉള്ള ഒരു കൊമ്പു തന്നെ കൊണ്ടുത്തന്നു. “ഡാങ്കെ” (thanks) പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.
സാജൂനു കൊടുത്തു ഞെട്ടിക്കാം.
കാറിൽ തിരിച്ചു വീട്ടിലേക്ക് പോകുമ്പോ ഞാൻ സ്പോട്ടിഫൈ (spotify) കണക്ട് ചെയ്തു പാട്ടു വച്ചു. “എന്നിലെ പുഞ്ചിരി നീയും… നിന്നിൽ പൂത്തൊരു ഞാനും..” അത് മുഴോൻ കേൾക്കാൻ സമ്മതിക്കാതെയാണ് “സാജൂ കോളിങ്” ഡിസ്പ്ലേ വന്നത്. നേരിട്ട് വിഷ് ചെയ്യാൻ ആവും. ഞാൻ ഊറി ചിരിച്ചു. “ഹാലോ…! രജിത സ്പീകിംഗ്”
മറുതലക്കൽ നിന്ന് ആകാംഷാസ്വരം .. ഇന്ന് മാളൂന് വല്ല പരിപാടി ഉണ്ടോ അറിയോ? വാലെന്റൈൻസ് ഡേ ആണ്.
അപ്പോ അതാണ് കാര്യം. ഒരു പെൺകുട്ടിയുടെ അച്ഛന്റെ ഉത്കണ്ഠ.
“ഹെയ്… അവൾക്കു പരിപാടി ഒന്നും ഇല്യ”
അമ്മായിയപ്പന്റെ ജന്മദിനം ആഘോഷിക്കാൻ പോയ അയൽക്കാരി ഫ്രാവ് ലുറ്സ് ഒരു ആഴ്ച ആയി സ്ഥലത്തില്ല. അവരുടെ പൂച്ച ഫ്ലെക്കൻ (flecken) അവിടെ വീട്ടു തടങ്കലിൽ ആണ്. ജയിൽ വാസം അനുഷ്ഠിക്കുന്ന അതിന്റെ പ്രാഥമിക കാര്യങ്ങളും ഭക്ഷണവും ഒക്കെ ആണ് മാളൂന്റെ ഇപ്പോഴത്തെ ഡ്യൂട്ടി. പേടിക്കണ്ട… ഞാൻ സമാശ്വസിപ്പിച്ചു. ആഹ്… അപ്പോ ഓക്കേ.
ഞാൻ പ്രതീക്ഷിച്ചതു ഒന്നും കേട്ടില്യ.
വീടെത്തിപ്പോ സാജു ജോലി കഴിഞ്ഞെത്തി കാർ പാർക്ക് ചെയ്തു നില്ക്കാണ്. കയ്യോടെ റോസ് (കൊമ്പു) അങ്ങോട്ട് കൊടുത്തേക്കാം. ഞാൻ കാറ് പാർക്ക് ചെയ്തു സാജുന്റെ അടുത്ത് പോയി മുള്ളില്ലാത്ത ഭാഗം നോക്കി ശ്രദ്ധിച്ചു പിടിച്ചു കൊടുത്തു.
“അയ്യോ… ഒരു കീച്ചാൽ മുള്ളു കൊണ്ടടി. ഇതെവിടെന്നു ഒപ്പിച്ചു. മേടിക്കുമ്പോ മുള്ളില്ലാത്ത ഒരു റോസ് മേടിച്ചൂടേ!”
ഞാൻ ഒന്നൂടെ പറഞ്ഞു, ഹ ഹ ഹ…!ഹാപ്പി വാലെന്റൈൻസ് ഡേ!