balakrishna (1)

നാലപ്പാട് ദിനങ്ങൾ

വർഷം1986. പ്രശസ്തമായ നാലപ്പാട് സ്കൂളിൽ ആണ് ഞാൻ ഹരിശ്രീ കുറിക്കുന്നത്. അതെ! ബാലാമണിമമ്മയുടെയും മാധവിക്കുട്ടിയുടെയും സ്വന്തം നാലപ്പാട് കൂടാതെ ഇയുള്ളവളുടെയും .എൽ.കെ.ജി യ്ക്കു വേണ്ട എന്ന് വച്ച് നേരിട്ട് എന്റെ അച്ഛൻ ശ്രീ നാരായണൻ എന്നെ യു.കെ.ജി യിൽ കൊണ്ട് ചേർത്തതെന്താണെന്ന് ഇത് വരെയും എനിക്ക് പിടി കിട്ടിയിട്ടില്ല. ബുദ്ധി ഉണ്ടാർന്ന കുട്ടി ആയോണ്ട് എൽ.കെ.ജി കരിക്കുലം ഞാൻ വീട്ടിൽ ഇരുന്നു തന്നെ കമ്പ്ലീറ്റലി കവർ ചെയ്തു എന്നാണ് അച്ഛന്റെ വാദം.എന്റെ കാലിബർ എനിക്ക് പൂർണ ബോധ്യമുള്ളതു കൊണ്ട് ആ വാദം തീർത്തും അസാധു ആക്കാനേ ഇപ്പൊ തത്കാലം നിവൃത്തിയുള്ളു.

നാലപ്പാട് ദിനങ്ങളെ കുറിച്ച് ഓർത്താൽ ആദ്യം മനസ്സിൽ വരുന്നത്  ഞങ്ങൾ അന്ന് താമസിച്ചിരുന്ന അച്ഛന്റെ നാടായ എരമംഗലം – നാലപ്പാട് ലേക്കുള്ള ബസ് യാത്രകൾ ആണ്. എരമംഗലത്തു നിന്ന് നാലപ്പാട് കിടക്കുന്ന പുന്നയൂർകുളത്തേക്കു  അധികമൊന്നും ദൂരമില്ലെങ്കിലും  മുഴത്തിനു ബസ് സ്റ്റോപ്സ് ഉള്ള ബസ് യാത്രകൾ വളരെ ദീർഘമുള്ളതായി അനുഭവപെട്ടു. എന്റെ വീടിനടുത്തുള്ള ചേച്ചിമാരുടെ കൂടെ എന്നെ സ്കൂൾ വരെ  സുരക്ഷിതമായി  എത്തിക്കാനും കൊണ്ട് വരാനും അച്ഛൻ ചട്ടം കെട്ടി. ചേച്ചിമാർ അവിടെ ഏതോ ഇന്സ്ടിട്യൂട്ടിൽ ടൈപ്പ് റൈറ്റിംഗ്   മറ്റോ പഠിക്കാൻ പോയിരുന്നതാണ്. എന്താണെന്നു വല്യ നിശ്ചയം പോരാ!

എന്തായാലും അവരുടെ സമയം ശരിയായിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. പാവാടയും ബ്ലൗസ് ഉം ഇട്ട ചേച്ചിമാരുടെ കൂടെ മെറൂൺ  ഫ്രോക്ക് ഉം, ടൈ ഉം, ഷൂ ഉം ഒകെ ഇട്ടു യു.കെ.ജി  യിലേക്ക്  നേരിട്ട് സ്ഥാന കയറ്റം കിട്ടിയ ഞാനും എന്നും രാവിലെ എരമംഗലം കവലയിൽ “ബാലകൃഷ്ണ” (ബസ്‌) വരുന്നതും കാത്തു നിന്നു .ഇടയ്ക്കു എന്റെ കണ്ണുകൾ അപ്രത്തെ പീടികയിലെ കുപ്പിയിൽ ഇട്ടു വെച്ച വെള്ള വട്ടത്തിൽ ഉള്ള ഗ്യാസ് മുട്ടായിയിലേക്കും പോകാൻ മറന്നില്ല . എന്റെ ടൈ ഇൽ നാലപ്പാട് ന്റെ ‘N എന്ന് എഴുതിയിരുന്നു. നാണക്കാരിയായ ആയ ഞാൻ പല ആപൽഘട്ടങ്ങളിലും ഇടയ്ക്കു വിശക്കുമ്പോഴും അതിന്റെ നൂല് വച്ച് തുന്നിയ “N” പല്ലും നഖവും ഉപയോഗിച്ച്  പണിതു കാലക്രമേണ N , ‘വി’ ആയും ‘ഐ’ ആയും രൂപാന്തരം പ്രാപിച്ചു.

എന്നെ സുരക്ഷിതയായി സ്കൂൾ കൊണ്ട് പോയി വരിക എന്ന അച്ഛൻ ചേച്ചിമാർക്കു കൊടുത്ത ടാസ്ക് നു പുറമെ എന്റെ  സ്കൂൾ ബാഗ്  കൂടെ ചുമക്കുക എന്ന അഡിഷണൽ ടാസ്ക് ഞാൻ അവരെ  ഏല്പിച്ചു. തിങ്ങി നിറഞ്ഞ ബസ് ഇൽ എന്റെ കാര്യം സുരക്ഷിതമാക്കാൻ ചേച്ചിമാർ പ്രത്യകം ശ്രദ്ധിച്ചിരുന്നു. സ്ഥിരമായി അവർ എന്നെ ഡ്രൈവറുടെ തൊട്ടു പിന്നിൽ എത്തിച്ചു പൊസിഷൻ സേഫ് ആക്കും . ഇറങ്ങാൻ നേരം അവരു വന്നു  അതെ പൊസിഷനിൽ ഞാൻ ഉണ്ടാകും . ബസ് ഓടിക്കുമ്പോ ഡ്രൈവറെ സസൂക്ഷ്മം നിരീക്ഷിക്കുക എന്നാതായിരുന്ന്നു എന്റെ തൊഴിൽ . ചുള്ളൻ സൈഡ് ഇൽ ഉള്ള ആ കാലൻ കുട കമ്പി (ഗിയര്) വലിക്കുന്നു, വളയം തിരിക്കുന്നു, കണ്ടക്ടർ ബെൽ  അടിക്കുമ്പോ  ദേ  ബ്രേക്ക് ആഞ്ഞു  ചവിട്ടുന്നു. ബസ് ഇൽ ഉള്ള ആബാല വൃദ്ധ ജനങ്ങൾ ഗിയര് ബോക്സ് ഇൽ വന്നു മൂക്കും കുത്തി  പൊത്തോ നു വീഴുന്നു. ആഹാ, എന്ത് മനോഹരമായ കാഴ്ച! അങ്ങനെ എന്റെ ആ ബസ് യാത്രകൾ ബഹു രസം ആക്കിയ ആ ഡ്രൈവർ പെട്ടന്ന് തന്നെ മ്മടെ ഹീറോ ആയി.

ഓരോ തിരിവ് തിരിയുമ്പോഴും ഡ്രൈവർ ഒന്ന് തയ്യാറെടുത്തു , ഒരു സൈഡ് ഒന്ന് ചെരിഞ്ഞു ആ വളയം അങ്ങട് തിരിക്കും.അപ്പോ ബസ് അങ്ങോട്ട് തിരിയും. കൂടാതെ ബസിൽ ഉള്ള ജനങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ വളയും. അങ്ങനെ ബസിലെ സകലമാന ജനങ്ങളെയും നിയന്ത്രിക്കാൻ കെൽപ്പുള്ള സൂപ്പർമാൻ ആയിരുന്നു മ്മടെ ഹീറോ! അടുത്ത പടിയായി ഞാൻ ബസ് ഓടിക്കണ മെക്കാനിസത്തെ കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി. എറെ കുറെ മനസ്സിലായെങ്കിലും എന്ത് കൊണ്ട് മ്മടെ ചങ്ങായി ഇടയ്ക്കിടെ ആ കാലൻ കുട കമ്പി പിടിച്ചു വലിക്കുന്നു എന്ന് എത്ര ആലോചിച്ചും  ഒരു എത്തും പിടിം കിട്ടില്യ.

ഫാസ്റ്റ് ഫോർവേഡ് – 2015, മ്യൂണിക്  ജർമ്മനി

എറെ കുറെ മ്മടെ ചേച്ചിമാരുടെ അതെ അവസ്ഥയിൽ പെട്ടത് എന്നെ കാർ ഓടിക്കാൻ പഠിപ്പിക്കാൻ  ഇറങ്ങി തീർച്ച ജർമൻ അമ്മാമ  ആയിരിക്കും. മുപ്പതു വയസ്സ് കഴിഞ്ഞു വണ്ടി ഒട്ടിക്കാൻ തുനിഞ്ഞിറങ്ങിയ  എന്നെ പഠിപ്പിച്ചെടുക്കൽ അത്ര എളുപ്പം ഉള്ള പണി ആയിരുന്നില്ല എന്ന് വെരി ചലഞ്ചിങ് ആയിരുന്നെന്നും അമ്മാമ വഴിയേ മനസ്സിലാക്കി . എന്തായാലും ആദ്യത്തെ രണ്ടു  ആഴ്ച  എനിക്ക് ഡ്രൈവിംഗ് സീറ്റിൽ  ഇരുന്നു കൊടുക്കുകയെ  വേണ്ടി വന്നുളൂ. വളയം തിരിക്കലും, ബ്രേക്ക് ആൻഡ് ആക്സിലറേറ്റർ ചവിട്ടലും, ഗിയര് മാറ്റലും  അമ്മാമ തന്നെ വെടിപ്പായി  ചെയ്തു. ശ്രീനിവാസൻ പറഞ്ഞ പോലെ “സ്റ്റഡി” ആയി കുറച്ചു വന്നപ്പോഴേക്കും മ്മടെ കുട്ടികാലത്തെ  ഹീറോ ടെ ഡ്രൈവിംഗ് സ്‌കിൽസ് ഞാൻ  ഓരോന്നായി പുറത്തു എടുത്തു. അതിൽ ഒന്നായിരുന്നു ലാസ്റ്  സെക്കന്റ് ഇൽ ബ്രേക്ക് ഇടുക. മുന്നിലെ വണ്ടിയെ തൊട്ടു തൊട്ടിലാ നു പറഞ്ഞു അങ്ങോട്ട് കൊണ്ട് നിർത്തും. അപ്പോ അപ്പുറത്തു  ഇരിക്കണ ജർമൻ അമ്മാമേടെ   മുഖം വിളറി വെളുക്കുന്നത് (അല്ല നീലിക്കുന്നത് ) പണ്ടേ സാഡിസ്റ് ആയ ഞാൻ കണ്ടാസ്വദിച്ചു.

അങ്ങനെ അമ്മാമ ടെ ജർമൻ ചീത്ത വിളി കേട്ട്  (മലയാളത്തിൽ ഞാൻ തിരിച്ചു മനസ്സൽ പറയുന്നുണ്ട്, നോട്ട് ദി പോയിന്റ് )  ഡ്രൈവിംഗ് പഠനം ഒച്ചിന്റെ പേസ് ഇൽ പുരോഗമിക്കുകയായിരുന്നു . ഒരു ദിവസം വണ്ടി ഓടിക്കുമ്പോ  അമ്മാമ ക്കു ഉൾവിളി  കിട്ടിയ പോലെ പറഞ്ഞു.

“Rajitha , jetzt links abbiegen” (ഇടത്തൂട്ടു തിരിക്കാൻ )

ആവാലോ. എന്നിലെ യു .കെ.ജി കാരി  ഉണർന്നു. ഞാൻ ഞെളിഞ്ഞിരുന്നു തയ്യാറെടുത്തു എന്നിട്ടു ശരീരം വലത്തോട്ട്  വളച്ചു അങ്ങോട്ട് വിശാലമാക്കി ഇടത്തോട്ട് തിരിച്ചു. അമ്മാമ ഞാൻ കാണിക്കുന്ന ഈ പരാക്രമം മനസ്സിലാക്കി വരുമ്പോഴേക്കും കാർ എന്റെ ലൈനിൽ  നു മാറി അപ്പുറത്തെയും  അതിന്റെ അപ്പുറത്തെയും  ലൈനിലെ വണ്ടികളോട് കുശലം പറഞ്ഞു  സ്വന്തം സ്ഥാനത്തു തിരിച്ചു എത്തി കഴിഞ്ഞിരുന്നു . വിജശ്രീലളിതയായി ഞാൻ  നോക്കിയപ്പോ വിറളി പിടിച്ചു അമ്മാമ അലറി .

“Rajitha, du fährst ein Auto, kein LKW” (നീ കാർ ആണ് ഓടിക്കണത് ഹെവി വെഹിക്കിൾ അല്ല എന്ന് )

പിന്നെ ഉള്ള മൂപ്പരുടെ ചീത്ത വിളി   ഒന്നും ഞാൻ ചെവി കൊടുക്കാൻ പോയില്യ.   മനസ്സിൽ അപ്പോൾ  “ബാലകൃഷ്ണ” ആയിരുന്നു, ആ യു.കെ.ജി കാരിയുടെ  ഹീറോ ആയിരുന്നു, ആ നാലപ്പാട് യാത്രയിൽ  ആയിരുന്നു.