ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാലം ഏതെന്നു ചോദിച്ചാൽ ഒരു മിന്നൽ വേഗത്തിൽ മനസ്സ് കുന്നും മുകളിലെ ആ കലാലയത്തിന്റെ മുറ്റത്തു പോയി ഹാജർ വെക്കും.ഗുരുവായൂർ ശ്രീകൃഷ്ണ! പൊയ്മുഖം ഒട്ടുമേ ഇല്ലാതെ ഞാനായി എനിക്ക് നിൽക്കാൻ ലോകത്തിന്റെ ഏതു കോണിൽ നിന്നും ആ തിരുമുറ്റത്ത് തന്നെ എത്തണം. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ അഞ്ചു വർഷങ്ങൾ.
കോൺവെന്റ് ഗേൾസ് സ്കൂളിൽ നിന്നുള്ള ഒരു പറിച്ചു നടലായിരുന്നു ശ്രീകൃഷ്ണയിലേക്ക്. അത് കൊണ്ട് തന്നെ മിക്സഡ് കോളേജ് അന്തരീക്ഷം തീരെ പരിചയം ഇല്ലാത്തതു കൊണ്ടും, റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാനും കൂടി നവരസങ്ങളിലെ “കരുണം” അല്ലെങ്കിൽ സമാനമായ “ശോകം” “ശാന്തം” എന്നെ ഭാവങ്ങൾ മാത്രം മുഖത്തു വിരിയാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടും എങ്ങാനും റാഗിങ് ഇൽ പെട്ട് പോയാൽ രക്ഷപെടാൻ വേണ്ടി തൊട്ടടുത്ത ചുമരിലേക്കു സൂക്ഷിച്ചു നോക്കി കണ്ണിൽ നിന്നും വെള്ളം വരുത്തി പഞ്ച പാവമായി കരച്ചിൽ അഭിനയിച്ചു തടി തപ്പാനും മറന്നില്യ.
“പാവം ഡാ ആ കൊച്ചു പോ കരയും, അതിനെ വിട്ടേക്ക് ” എന്ന് പറയുന്ന ചേട്ടന് ഒരു സ്പെഷ്യൽ ചിരിയും പാസ് ആക്കി നമ്മള് സ്റ്റാൻഡ് വിടും.
എന്നാൽ അങ്കം കണ്ടും പയറ്റിയും തെളിഞ്ഞ ചേകവനെ പോലെ ആയിരുന്നു ഡിഗ്രി കുള്ള രണ്ടാം വരവ്. നടപ്പിലും എടുപ്പിലും ശ്രീകൃഷ്ണയിൽ പി ഡി സി പഠിച്ച ഞങളെ (എന്നെ ) റെസ്പക്ട് ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണ് എന്ന് ഡിഗ്രിക്കു പുതുതായി വന്ന കൂട്ടുകാർക്കു ഒരു കമ്പിയില്ലാ കമ്പി സന്ദേശം ഞാൻ കൊടുത്തു കൊണ്ടേ ഇരുന്നു. അധികം വിദ്യാർഥികൾ ഇല്ലാതെ പതിന്നാറു പേര് അടങ്ങുന്ന ഒരു ചെറിയ ക്ലാസ് ആയിരുന്നു ഫങ്ക്ഷണൽ ഇംഗ്ലീഷ് – 1999 -2002 ബാച്ച്. അതിലെ പ്രധാനികളായിരുന്നു, ആ കാലത്തേ കമ്പ്യൂട്ടർ പ്രോഗ്രാമിങ് അറിയായിരുന്ന “വെബ് ” സാജോ, നല്ല നേരം നോക്കി വിശ്രമ വേളകൾ ആന്ദകരമാക്കാൻ മാത്രം കോളേജ് ഇൽ വന്നിരുന്ന സകല സാഹിത്യ ക്യാമ്പ് യിലും കേറി ഇറങ്ങുന്ന കഥാകാരൻ റിയാസ്, നല്ല നടപ്പു ശീലിച്ച, പെമ്പിള്ളേർടെ ഇടയിൽ നല്ല പേര് ഉണ്ടായിരുന്ന, കാണാൻ കൊള്ളാം തന്നെ എന്ന അമിത ആത്മവിശ്വാസം പുലർത്തി പോന്ന പൂർണ സസ്യബുക്കായ സന്തോഷ്.
കൂട്ടത്തിൽ എന്റെ “ഇന്റലെക്ട് ലെവൽ “ആയി മാച്ച് ആയി പോയിരുന്നത് സാജോ ആയിരുന്നു. കയ്യിലിരിപ്പിനു കയ്യിലിപ്പു, തല്ലുകൊള്ളിത്തരത്തിനു തല്ലുകൊള്ളിത്തരം. മ്മക്ക് പറ്റിയ കമ്പനി തന്നെ! ഒരു ദിവസം എന്റെ ലഞ്ച്ബോക്സിൽ ‘അമ്മ സ്നേഹാധിക്യത്താൽ പൊരിച്ച ഒരു മത്തി കൂടെ ചോറിനു മേലെ ഡയഗോണൽ ആയി വച്ചിരുന്നു. ബോക്സ് തുറന്നു മത്തി കണ്ട സസ്യബുക്ക് സന്തോഷ് ഒരു പ്രത്യേക ആകൃതിയിൽ മുഖം കോട്ടി.
അവന്റെ ആ ജാഡ ഞങ്ങള്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവനിട്ടൊരു പണി കൊടുക്കാൻ ഞാനും സജോയും ചട്ടം കൂട്ടി.
അങ്ങനെ ഇരിക്കെ അന്ന് ഞാൻ കോളേജിൽ എത്തിയത് ഒരു ടൂൾ ബോക്സിലേക്കുള്ള ഐറ്റംസ് ആയായിരുന്നു . സേഫ്റ്റി പിൻ, കത്രിക, എല്ലാ സാമഗ്രികളും കൈവശം ഉണ്ട്. ഒരു തവണ എല്ലാവര്ക്കും “പവനായി” ദാസനും വിജയനും ഡിസ്പ്ലേ ചെയ്ത പോലെ ചെയ്തു ഭദ്രമായി ബാഗ് ഇൽ തന്നെ എടുത്തു വെച്ചു. സാജോ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു.
“എന്തിനാടേ കോപ്പേ നീ ഇതൊക്കെ കെട്ടി പെറുക്കി കൊടുന്നേക്കണേ “
കുറച്ചു കഴിഞ്ഞു സന്തോഷും റിയാസും രംഗപ്രവേശം ചെയ്തു. റിയാസ് ഞങളുടെ കൂടെ കൂടി അന്നത്തെ പരിപാടികളുടെ സ്കെച്ച് ഇടാൻ കൂടി. “മിസ്റ്റർ ക്ലീൻ” (സന്തോഷ് ) കുറച്ചു മാറി ഇരുന്നു. തലമുടി കൈകൊണ്ടു തിരിക്കാനും ചുരുട്ടാനും നീട്ടാനും തുടങ്ങി. സ്വന്തം മുടി അവൻ പിടിച്ചു തിരിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നം ഉണ്ടാകേണ്ട കാര്യം ഇല്യ. എന്നാലും വെറുതെ അവനവന്റെ പണി നോക്കി ഇരിക്കുന്നവരെ ചൊറിയൽ ആണ് ഞങ്ങടെ പ്രധാന വിനോദം.
“മുടിയിൽ നിന്ന് കയ്യെടുക്കട സന്തോഷേ” . സാജോ ഒന്ന് തോണ്ടി ഇട്ടു.
“ഇനി നീ മുടി പിടിച്ചു തിരിച്ചാൽ ആ മുടി ഞങ്ങളങ്ങു വെട്ടി കളയും, കേട്ടോടെയ്!” ഡെസ്കിൽ ഒരു തട്ട് തട്ടി ഞാനും ഒരു ഭീഷണി മുഴക്കി.
സന്തോഷിന്റെ മുഖത്തു വീണ്ടു ഞങ്ങൾക്ക് ബോധിക്കാത്ത ഒരു ഭാവം വിടർന്നു. “നിന്റെ കയ്യിൽ കത്രിക ഉണ്ടേൽ വെട്ടിക്കോ ഡി ” ഇത്തവണ അവനും വെറുതെ ഇരുന്നില്യ.
കേൾക്കേണ്ട താമസം “ബൗൺവിറ്റ” കുടിച്ച പിള്ളേരെ പോലെ ഞാനും സജോയും തുള്ളി ചാടി എണിറ്റു.”എടുക്കഡേയ് നിന്റെ ടൂൾസ് ഇൽ നു ആ കത്രിക” ആവേശം സഹിക്കാൻ വയ്യാതെ സാജോ എന്റെ ബാഗ് മൊത്തം തല കീഴായി മറിച്ചിട്ടു പരതാൻ തുടങ്ങി. ബുക്ക്സ് എല്ലാം തത്ത പരത്തിയ ചീട്ടു പോലെ ഡെസ്ക് യിലും ബെഞ്ചിലും നിലത്തും പരന്നു കിടന്നു. ഇത് കണ്ടു അപകടം മണത്ത സന്തോഷ് ക്ലാസ് ഇൽ നിന്ന് എസ്കേപ്പ് അടിക്കാൻ ഒരു ശ്രമം നടത്തി നോക്കി.
“റിയാസേ വിടരുത് അവനെ” തപ്പുന്ന ഇടയിൽ ഞാൻ വിളിച്ചു പറഞ്ഞു .
“എവിടടെയ് പുല്ലേ നിന്റെ കത്രിക” സജോയ്ക്കു ഹാലിളകി.
കത്രിക എടുത്തു വന്നപ്പോഴേക്കും ദൃഢഗാത്രനായ റിയാസിന്റെ കരവലയത്തിൽ സന്തോഷ് സുരക്ഷിതനായിരുന്നു. ഞാനും സജോയും സ്ലോ മോയിൽ സിബിഐ ഡയറി കുറിപ്പിലെ BGM ഇട്ടു സന്തോഷിനെ ലക്ഷ്യമാക്കി നീങ്ങി. ശേഷം റിയാസും സജോയും കൂടെ സന്തോഷിന്റെ രണ്ടു കയ്യും പിടിയ്ച്ചു കോറ്റേഷൻ ഏറ്റെടുത്ത ടീംനെ പോലെ അലറി .
“വെട്ട് രജിത, വെട്ട്!”
കോട്ടയം പുഷ്പനാഥന്റെ നോവലിലെ യക്ഷിയെ പോലെ രൂപാന്തരം പ്രാപിച്ചു ഞാൻ സന്തോഷിന്റെ മുന്നിൽ കത്രിക കറക്കി നിവർന്നു നിന്നു . സന്തോഷ് ആലില പോലെ വിറച്ചു.“അരുതേ അരുതേ” എന്ന് കേണു. ഒന്ന് കൈ കൂപ്പാൻ പോലും ആകാതെ നിലവിളിച്ചു. അതിന്റെ അലയൊലി ശ്രീകൃഷ്ണ യുടെ ചുമരുകളിൽ പ്രതിധ്വനിച്ചു.എന്നിട്ടും മനസ്സലിയാതെ ഞാൻ അവന്റെ തലയിലൂടെ കത്രിക പുഞ്ചപ്പാടത്തിലൂടെ ഓടുന്ന ട്രാക്ടർ കണക്കെ തലങ്ങും വിലങ്ങും പായിച്ചു. എല്ലാം കഴിഞ്ഞു സ്വന്തം മുടി കയ്യിൽ വച്ച് പരിശോധിക്കുന്ന സന്തോഷിനു കണ്ഠത്തിൽ നിന്നു രണ്ടക്ഷരം മാത്രം റിപീറ്റ് അടിച്ചു വന്നു.
“ദുഷ്ട”
ആ സമയം ഞാനും റിയാസും സജോയും “ആനന്ദ നടനം ആടിനാൽ” എന്ന പാട്ടിനു ചുവടു വെച്ചു.
കുറച്ചു ദിവസങ്ങൾക്കു ശേഷം അന്നത്തെ ഹെഡ് ഓഫ് ദി ഡിപ്പാർട്മന്റ് ഞങ്ങടെ ക്ലാസ്സിലെ പിള്ളേരുടെ കയ്യിലിരിപ്പ് കാരണം ഞങ്ങളെയെല്ലാം ഗെറ്റ് ഔട്ട് അടിച്ചു പ്യൂണിനെ വിളിച്ചു ക്ലാസ് പൂട്ടി. പരെന്റ്സ്നെ വിളിച്ചു വന്നിട്ടു കേറിയാൽ മതിയെന്നും പറഞ്ഞു . ഞാൻ അമ്മയെ സോപ്പ് ഇട്ടു കൊടുന്നു . സാജോ അയൽവക്കത്തെ ചേട്ടനെ അവന്റെ അങ്കിൾ ആയി താത്കാലിക തസ്തികയിൽ നിയമിച്ചു. റിയാസ് പിന്നെ അതെ പറ്റി തല പുകയ്ക്കാനേ പോയില്യ. ക്ലാസ്സിലെ ബെഞ്ച് ഇല്ലേൽ ഞാൻ മുറ്റത്തെ അരമതിലിൽ ഇരിക്കും എന്ന ഒരു “സോഷ്യലിസ്റ്റ് ” നടപടി കൈകൊണ്ടു.
അവസാനം ആ ദിനം വന്നെത്തി. സന്തോഷ് അതാ സലൂൺ പോയി മുടിയെല്ലാം വെട്ടി കളഞ്ഞു, ന്യൂ ലുക്ക് ഇൽ ചെറിയമ്മ ആയി വന്നിരിക്കുന്നു.
എന്റെ ഹൃദയം പടപടാ ഇടിച്ചു.
“ദൈവമേ നമ്മുടെ നേരെ തന്നെയാണ് ട്ടാ സാജോ അവൻ വരുന്നേ..” അശുവായ ഞാൻ പതിയെ റിയാസിന്റെ പിന്നിൽ ഒളിക്കാൻ ഒരു ശ്രമം നടത്തി. ചെറിയമ്മ വനിതാ പോലീസ് സ്റ്റൈലിൽ ഞങളെ മൊത്തം ഒന്ന് വീക്ഷിച്ചു. ഉടനെ സന്തോഷ് ചൂളി ഇരിക്കുന്ന എന്നെ കണ്ടു പിടിച്ചു ചെറിയമ്മക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു.
“ദേ ഇരിക്കുന്നു ചെറിയമ്മേ, രജിത! എന്റെ മുടി വെട്ടി ഈ പരുവം ആക്കിയവൾ”
ഭൂമി രണ്ടായി പിളർന്നു സീത ദേവിയെ പോലെ പാതാളത്തിലേക്കു ഡൈവ് ചെയ്യാൻ ഒരു ആശ തോന്നി.കൂട്ടുകാരുടെ മുന്നിൽ വച്ച് എന്നെ അപമാനിച്ച സന്തോഷിനെ ഒരു പാഠം പഠിപ്പിക്കാൻ അടുത്തതെന്താ വഴി എന്ന് ആലോയിച്ചു ചിന്താവിഷ്ടയായ ഇരിക്കുന്ന എന്നെ കൂട്ടുകക്ഷിയായ റിയാസ് വന്നു സമാശ്വസിപ്പിച്ചു.
സാരമില്യ രജിത, അല്ലേലും സന്തോഷ് ഒരു “——-” (ശേഷം ഭാഗം പ്രസിദ്ധീകരണ യോഗ്യമല്ല )