എനിക്ക് ആറാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വര്ഷം. അഞ്ചാം ക്ലാസ് വരെ കെ.എം.എം സ്കൂൾ (കുഞ്ഞു മുഹമ്മദ് മുസ്ല്യർ) പുത്തൻപള്ളിയിൽ ആയിരുന്നു പഠനം . ഇന്ന് ബുദ്ധിജീവികൾ മാത്രം അവകാശപ്പെട്ടിട്ടുള്ള തുണിസഞ്ചി തൂക്കി ആയിരുന്നു അന്നു ഞങ്ങൾ സ്കൂളിൽ പോയിരുന്നത്. ഉപയോഗം മൂലം അധികം വൈകാതെ തന്നെ ബാഗിൽ സാമാന്യം ഭേദപ്പെട്ട വലിപ്പത്തിൽ ഓട്ടകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതിലൂടെ വലയിൽ പെട്ട ചെറു മീനുകൾ രക്ഷപെടുന്ന പോലെ ചെറുവക സാധങ്ങൾ ആയ പെൻസിൽ പേന കട്ടർ റബര് എല്ലാം സ്ഥിരം ചാടി പോകാറുണ്ട്. പോരാത്തതിന് അസാധ്യ തിരക്കുള്ള ബസ് ൽ നിന്ന് നമ്മൾ ഇറങ്ങിയായാലും ബാഗ് നമ്മുടെ കൂടെ പോരാൻ മടിച്ചു സ്ഥിരം പിണങ്ങി നിൽക്കുന്നതും സ്ഥിരകാഴ്ചയാണ്.
“Bismillahir-Rahmanir-Rahim , Alhamdu lillahi Rabbil ‘Alamin” എന്ന പ്രാര്ഥനയോടു കൂടെ ഓരോ ദിവസം തുടങ്ങിയിരുന്നത് .ജീവിതത്തിൽ ആദ്യമായി മുഴുവൻ ചൊല്ലാൻ പഠിച്ച ഒരു പ്രാർത്ഥന അതായിരിന്നു.പുളിങ്ങാ അച്ചാര് കടിച്ചു വലിച്ചും , ഇരുപത്തിയഞ്ചു പൈസയുടെ മഞ്ഞ ഐസ് കഴിച്ചും , ഒപ്പനക്കു താളം ചവിട്ടിയും , സ്കൂൾ ലെ ഇക്കാരടെ കബഡിക്കു കയ്യടിച്ചും കൂടാതെ ഡെയിലി ടീച്ചർമാരുടെ മാരുടെ തല്ലു യാതൊരു ലുബ്ദമില്ലാതെ വേണ്ടുവോളം വാങ്ങി വീട്ടിൽ കൊടുന്നും ഹാപ്പി ആയി കഴിഞ്ഞു പോന്ന കാലം. അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടിൽ എന്തോ പൊകയുന്നത് ഞാനിറഞ്ഞത് .എന്റെ അച്ഛനും അമ്മയും കൂടെ എന്നെ സ്കൂൾ മാറ്റാനും ബോര്ഡിങ്ങിൽ നിർത്തി പഠിപ്പിക്കാനുള്ള “വെള്ളം” കാലക്കുകയാണ്.
അവരുടെ മോഹന വാഗ്ദാനങ്ങൾക്കു വഴങ്ങി ഹോസ്റ്റൽ പോകാം എന്ന് ഞാൻ സമ്മതിച്ചു, ഒറ്റ കരാറിൽ! ഞാൻ ഉറങ്ങാൻ കിടന്നിരുന് ചെറിയച്ഛൻ “Ras Al Khaimah” ഇൽ നു കൊണ്ട് വന്ന പതുപതുത്ത 6 x 4 വലുപ്പത്തിൽ സ്പെഷ്യൽ ഫീച്ചർ ഉള്ള കുതിച്ചു പൊങ്ങുന്ന സ്പോന്ജ് മെത്ത കൂടെ കൊണ്ട് പോകും. എന്റെ ഡ്രസ്സ് എല്ലാം ഒരു ഈച്ചക്കുഞ്ഞി പെട്ടിയിലും എന്നാൽ അംബാസിഡർ ന്റെ ഡിക്കിയിൽ ഒതുങ്ങാൻ വിസമ്മതിച്ച എന്റെ മെത്തയെ അച്ഛൻ നിഷ്കരുണം 5 + 3 = 8 ആയി മടക്കി കെട്ടി കാറിന്റെ മുകളിലും പ്രതിഷ്ഠിച്ചു . ഓടുന്ന കാറിന്റെ ഉള്ളിൽ നിന്ന് തല പൊറത്തിട്ടു ബെഡ് ന്റെ പൊസിഷൻ safe ആണോ എന്ന് ഞാൻ ഇടയ്ക്കിടെ ഉറപ്പു വരുത്തി.
വൈകാതെ ഗുരുവായൂർ എൽ എഫ് കോവെന്റ് ഗേൾസ് സ്കൂളിന്റെ അങ്കണത്തിൽ ഞാൻ വെള്ള അംബാസിഡർ അംബാസിഡർ കാറിൽ ‘സ്ലോ മോ’ ഇൽ വന്നിറങ്ങി .ജീവിതത്തിൽ ആദ്യമായി ഒരു കോൺവെന്റ് അന്തരീക്ഷത്തിൽ എത്തി പെട്ട ഞാൻ അവിടെത്തെ സിസ്റ്റർ മാരെ കൗതുകത്തോടെ നോക്കി നിന്നു. എന്നാൽ എന്റെ ശനിദശ തുടങ്ങി എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്യ. ഡോര്മിറ്ററിയിൽ കേറിയ ഞാൻ എന്റെ കയ്യിലെ 5+3 = 8 ആക്കിയ ബെഡ് നെ 6+6 =12 ആക്കി മടക്കി രണ്ടു ബെഞ്ച് കൂട്ടിയിട്ട വലിപ്പത്തിൽ ഉള്ള കട്ടിലിൽ ഫിറ്റ് ചെയ്തു . അങ്ങനെ ബെഡിന്റെ “സ്പ്രിങ് ഫങ്ക്ഷണാലിറ്റി” ഞാൻ മൾട്ടിപ്ലൈ ചെയ്തു.
കട്ടിലിൽ ഞെങ്ങിഞെരുങ്ങി മൂന്നടി ഉയരത്തിൽ വീർത്തു നിൽക്കുന്ന എന്റെ ബെഡ് മറ്റു കൂട്ടുകാരുടെ ശോഷിച്ച ക്വിൽറ്റിനെ നോക്കി അല്പം അഹങ്കാരത്തോടെ ഊറിച്ചിരിച്ചു, കൂടെ അഭിമാന പുളകിതയായി ഉടമസ്ഥയായ ഞാനും. പിറ്റേ ദിവസം അഞ്ചു മണിക്കുള്ള മണിമുഴക്കം കേട്ടാണ് ‘രൂപാന്തരം’ പ്രാപിച്ച എന്റെ ബെഡ് ഇൽ നിന്നും ഞാൻ കുതിച്ചു പൊങ്ങിയത് . ഇതെന്തു അത്യാപത്തു. വഴിയേ കാര്യം പിടി കിട്ടി . മോർണിംഗ് അലാറം ആണ് ആ കേട്ടത്. ഇനി പല്ലു തേച്ചു, കാപ്പി കുടിച്ചു പഠിക്കാൻ ഇരിക്കണം ത്രെ. പിന്നെ എനിക്ക്കു കിട്ടിയ സ്ലോട്ട് രാവിലെ ആറര മണിക്ക് കുളിക്കേം വേണം. വല്ലാത്ത ആചാരങ്ങൾ.
കറക്കം നിന്ന ഫാൻ നോക്കി കിടന്നു ഹോസ്റ്റൽ ന്റെ ചുറ്റളവിൽ തന്നെ വസിക്കുന്ന ഗുരുവായൂരപ്പനെ 92 ഇലെ ‘ബാലാമണി’ യായ ഞാൻ പുലർച്ചെ 5 നു ഹൈ പിച്ചിൽ വിളിച്ചു ഉണർത്തി …കൃഷ്ണാ… കൃഷ്ണാ… കൃഷ്ണാ!
അഞ്ചാം ക്ലാസ് ഇലെ വെക്കേഷന് നു വല്യമ്മയുടെ വീട്ടിൽ പോയപ്പോ ചില ശ്ലോകങ്ങൾ ഒകെ പഠിപ്പിച്ചിരുന്നു. അതിൽ എനിക്ക് ഗ്രാസ്പ് ചെയ്യാൻ പറ്റിയതും പഠിച്ചതും ആ സന്ദർഭത്തിൽ കറക്റ്റ് ഫിറ്റ് ആയി. ഫലം മുഴോൻ കിട്ടാൻ ശ്ലോകം പല്ലു തേക്കാതെ തന്നെ ഉരുവിട്ടു,
നരനായി ഇങ്ങനെ ജനിച്ചു ഭൂമിയിൽ
നരക വാരിധീ നടുവിൽ ഞാൻ
നരകത്തീനെന്നെ കരകയറ്റിടേണം
തിരു വൈക്കം വാഴും ശിവ ശംഭോ
താമസിയാതെ തന്നെ ഒരു ശ്ലോകം ഇവിടെ വില പോവില്യ എന്ന് മനസ്സിലായി. ഇത് സ്ഥലം വേറെ. കുറച്ചു ദിവസത്തെ പരിചയമെ ഉള്ളുവെങ്കിലും യേശുവിനെ തന്നെ പിടിക്കാം. പതിവായി ഞങ്ങടെ ക്ലാസ് സിസ്റ്റർ ഞങ്ങൾ കുട്ടികളെ ചാപ്പലിൽ പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നു. അവിടെത്തെ അലങ്കാരങ്ങളും , തണുത്ത മാർബിൾ നിലവും, വിശാലയമായ പള്ളിയും എല്ലാം അഞ്ചു മണിക്ക് “കുതിച്ചു പൊങ്ങുന്ന ” എനിക്ക് എല്ലാ അനുകൂല സാഹചര്യങ്ങളും പ്രദാനം ചെയ്തു. ആദ്യം മുട്ട് കുത്തിയും, ഇരുന്നും, പിന്നെ കമിഴ്ന്നു കിടന്നും ഞാൻ പള്ളിമേടയിൽ…ഉറങ്ങി , സോറി, പ്രാർത്ഥിച്ചു. പ്രാർത്ഥനക്കൊടുവിൽ എല്ലാരുടേം കൂടെ ഞാനും പറഞ്ഞു “ആമേൻ”.
ഹോസ്റ്റൽ ഭക്ഷണത്തിന്റെ കാര്യം അതിലേറെ പരുങ്ങലിൽ ആയിരുന്നു. ചിക്കൻ പോലെ ഇരിക്കുന്ന പോർക്ക് കറി ഇൽ നിന്നു ഉരുളക്കിഴങ്ങു മാത്രം എനിക്ക് കിട്ടി. സോർട് ചെയ്യേണ്ടത് ഉരുളക്കിഴങ്ങോ പോർക്കോ എന്നറിയാതെ മൈൻഡ് നോർമൽ സ്റ്റേറ്റിൽ നിന്ന് ഒരു കൺഫ്യൂസ്ഡ് സ്റ്റേറ്റിലേക്കു ബാക് ആൻഡ് ഫോർത് സഞ്ചരിച്ചു . ഇടനേരത്തു അവിടെന്നു കിട്ടിയിരുന്ന കറുത്ത ഒരു ഉണ്ട (പേരറിയില്യ ) കടിക്കാൻ ശ്രമിച്ചു എന്റെ അണപ്പല്ലിനു ചെറുതായി സ്ഥാനഭ്രംശം സംഭവിച്ചു. അതിനു ശേഷം റിസ്ക് എടുക്കാൻ നിന്നില്യ.വായിൽ ഇട്ട ഉണ്ടടെ സത്തു മുഴുവൻ വലിച്ചെടുത്തു ‘ഉണ്ട’ തുപ്പി കളഞ്ഞു.
നേരാവണ്ണം നാല് ശ്ലോകം വൃത്തിയായി ചൊല്ലാനറിയാത്ത ഞാൻ കണ്ണടച്ച് ഇളകിയ പല്ലു കടിച്ചു പിടിച്ചു കർത്താവിനോടു മുട്ടിപ്പായി പ്രാർത്ഥിച്ചു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
അങ്ങയുടെ നാമം പൂജിതമാകണമേ
അങ്ങയുടെ രാജ്യം വരണമേ
അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ
അടുത്ത വരി ഞാൻ അല്പം വേരിയേഷൻ വരുത്തി.
അന്നന്ന് വേണ്ടുന്ന ‘രുചിയുള്ള’ ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ…
പക്ഷെ കർത്താവും കൈവിട്ട മട്ടായിരുന്നു.വീണ്ടും ഞാൻ ഉരുളക്കിഴങ്ങുകൾ പെറുക്കി എടുത്തു . ഇനി ആരോടും ഫുഡ് ന്റെ പരാതി ആയി പോകുന്നില്യ എന്ന് തീരുമാനിച്ചു.
ആദ്യ ദിനങ്ങളിൽ പൂച്ചയെ പോലെ പതുങ്ങി ഇരുന്ന ഞാൻ അധ്യയന വര്ഷം പകുതിയായപ്പോഴേക്കും സിംഹക്കുട്ടിയെ പോലെ സട കുടഞ്ഞു എണിറ്റു. ഞങ്ങൾ ആറാംക്ലാസ്സുകാർ നൃത്തനൃത്യങ്ങൾ ഹോസ്റ്റൽ ഡേ ക്കു അവതരിപ്പിച്ചു. പഴയ ‘ബോബനും മോളിയും’ കഥകൾ കോപ്പി അടിച്ചു ഡ്രാമ കളിച്ചു ഷൈൻ ചെയ്തു, മറ്റു കുട്ടികളെ ചിരിപ്പിച്ചു കയ്യിലെടുത്തു . സിസ്റ്റർ മാരുടെ കണ്ണിലുണ്ണികൾ ആയി. ബോബൻ ആയും, മോളിയായും എന്തിനു ഉണ്ണികുട്ടനായും മിന്നി തിളങ്ങിയ ഞാൻ “അപ്പിഹിപ്പി ” എന്ന കഥാപാത്രത്തിന് “ബെസ്ററ് ആക്ടർ” അവാർഡ് നേടി എടുത്തു.
ലെവൽ ഒന്ന് വിജയകരമാക്കി പൂർത്തിയാക്കിയ ഞങൾ ആറാം ക്ലാസ്സുകാർ എന്റെ നേതൃത്വത്തിൽ ലെവൽ രണ്ടിലേക്കു കടന്നു . കൂട്ടത്തിൽ ഉയരം കൂടിയ ഞാൻ പവർ കട്ട് ഉള്ള ഒരു രാത്രി ഹോസ്റ്റലിലെ വരിവരിയായി പണിത കുളിമുറികളുടെ ഇടഭിത്തി ചാടി കടന്നു എല്ലാ വാതിലുകളും ഉള്ളിൽ നിന്നു പൂട്ടി. തിരിച്ചു സ്റ്റാർട്ടിങ് പോയിന്റ് ഇൽ എത്തി കൂട്ടുകാരെ വിളിച്ചു കൂട്ടി മ്മടെ ബാത്രൂം ഇൽ മൂന്നാലു പ്രേതങ്ങൾ കുളിക്കാൻ കേറിയ വിവരം സസന്തോഷം അറിയിച്ചു . കളി കാര്യമായി.പിള്ളേർ പേടിച്ചു കൂവി.എല്ലാം കൈ വിട്ടു. അന്നത്തെ പ്രാത്ഥനയും ദിനചര്യയും ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടന്ന സിസ്റ്റർമാർ ബഹളം കേട്ട് വെപ്രാളപ്പെട്ട് ഓടിയെത്തി. പിന്നെ ഒരു ഇടിയും മിന്നലും ആയിരുന്നു. കണ്ണിലുണ്ണികൾക്ക് സിസ്റ്ററുടെ ചൂരൽ കഷായം സേവിക്കേണ്ടതായി വന്നു. കൂട്ടത്തിൽ ഒരു ഔൺസ് കൂടുതൽ എനിക്കും കിട്ടി ബോധിച്ചു.
കണ്ണിലുണ്ണികൾ കണ്ണിലെ കരടായി മാറാൻ അധിക സമയം വേണ്ടി വന്നില്യ. അപ്പോഴേക്കും വർഷാവസാനം ആയി കഴിഞ്ഞിരുന്നു. അച്ഛൻ വീട്ടിലേക്കു കൂട്ടി കൊണ്ട് പോകുന്ന ദിവസം സിസ്റ്റർമാർ മത്സരിച്ചു അച്ഛന്റെ ഇടതും വലതും നിന്നു മകളുടെ ‘നന്മകൾ’ പറഞ്ഞു അദ്ദേഹത്തിന്റെ കര്ണപടലങ്ങൾക്കു അലോസരമുണ്ടാക്കി. അതോടു കൂടെ അച്ഛന്റെ മട്ടു മാറിയെങ്കിലും എന്റെ ചിരകാല മോഹം പൂവണിഞ്ഞു.ആറാം ക്ലാസ് ജയിക്കാണേൽ ഏഴാം ക്ലാസ് ഞാൻ എൽ എഫിൽ കാണില്യ എന്ന് ഏതാണ്ട് തീരുമാനം ആയി . സിസ്റ്റർമാരുടെ പെർഫോമൻസിനു ശേഷം തിരിച്ചു വീട്ടിലേക്കുള്ള പോക്കിൽ അച്ഛൻ മൗനവൃതം ആചരിച്ചു. എന്നാൽ കുന്നംകുളം എത്തിയപ്പോൾ എനിക്ക് സ്ഥിരം മേടിച്ചു തരാറുള്ള “താജ്മഹൽ” ന്റെ അച്ചു പതിപ്പിച്ച ഡയറി മിൽക്ക് മേടിച്ചു തരാൻ അച്ഛൻ മറന്നില്യ.