കോമളം കാസിം കോയ തന്റെ പച്ച മാരുതി 800 ശ്രീകൃഷ്ണ കോളേജ് മതിലിനു അരികെ ചേർന്ന് നിൽക്കുന്ന വാക മരത്തിനു ചോട്ടിൽ കൊണ്ട് നിർത്തി. ഇന്ന് കോയ കുറച്ചധികം കുട്ടിക്കൂറ പൗഡർ വാരി പൂശിയിട്ടുണ്ട്. കോയയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു പ്രധാന ദിവസം ആണ്. ഇന്ന് ഫങ്ഷണൽ ഇംഗ്ലീഷ് ബാച്ച് അവരുടെ ഒരു ക്ലാസ് ഇവന്റിന് “ചീഫ് ഗസ്റ്റ്” ആയി തന്നെ ആണ് വിളിച്ചിരിക്കുന്നത്. അവരുടെ ക്ലാസ്സ്മേറ്റ് സുബ്രഹ്മണ്യൻറെ ജന്മദിനം ആണ് ഇന്ന്. ഒരു ചെറിയ കേക്ക് കട്ടിങ് പരിപാടി ഒക്കെ ഉണ്ട്. കോയ തന്റെ റെയ്ബാൻ ഗ്ലാസ് എടുത്തു മൂക്കത്തു ഫിറ്റ് ചെയ്ത് കോളേജ് അങ്കണത്തിലേക്കു കേറി. പോകുന്ന വഴി പെൺകുട്ടികൾ ഇടം കണ്ണിട്ടു തന്നെ നോക്കുന്നുണ്ടെന്നു കൂളിംഗ് ഗ്ലാസ്സിലൂടെ കണ്ട കോയ ദൃതപുളകിതനായി നെഞ്ചും വിരിച്ചു ഒന്നാം വർഷ ഇംഗ്ലീഷ് സാഹിത്യം ക്ലാസ് ലക്ഷ്യമാക്കി ശ്വാസം വിടാതെ നടന്നു.
ആരാണ് കോമളം കാസിം കോയ?
കാതങ്ങൾ അകലെയുള്ള അങ്ങ് ലക്ഷ്വദീപിൽനിന്ന് കപ്പൽ കയറി ഇങ്ങു ഗുരുവായൂരിൽ ശ്രീക്ഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ വന്നവൻ. സ്വന്തമായി മാരുതിയും ലൈസൻസും ഉള്ളവൻ. 1999 ബാച്ച് ഇംഗ്ലീഷ് സാഹിത്യം ഒന്നാം വർഷ വിദ്യാർത്ഥി. കൂളിംഗ് ഗ്ലാസ്സും, കയ്യിൽ ദുട്ടു, ജാക്കി ഷ്റോഫ്ന്റെ മുഖസാമ്യവും കൂടാതെ ശ്രീക്ഷ്ണയിലെ ഒട്ടു മിക്ക ആമ്പിള്ളേർടെ സ്വപ്നവും, എന്നാൽ അവകാശപ്പെടാൻ ഇല്ലാത്ത ഒന്ന് കൂടെ കോയക്ക് ഇണ്ടാർന്നു. നല്ല കിണ്ണംകാച്ചി ഒരു മീശ! ഇതിനു പുറമെ കാഴ്ചയിൽ പത്തിരുപ്പത്തെട്ടു വയസ്സു മതിപ്പും, തികഞ്ഞ വാഗ്മിയും, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാം എന്ന കിംവദന്തിയും കാസിമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. അങ്ങനെ കോയ ചീഫ് ഗസ്റ്റ് ആവാൻ എതിരാളികളില്ലാതെ ക്വാളിഫൈഡ് ആവുകയായിരുന്നു
ഇതേസമയം ഫങ്ഷണൽ ഇംഗ്ലീഷ് ക്ലാസ്സിലെ ഒരു പറ്റം പെൺകുട്ടികൾ ചേരി തിരിഞ്ഞു കൂലംകഷ ചർച്ചയിലായിരുന്നു.
“ഈ ബർത്ഡേ ആഘോഷ പരിപാടി ശരിയാവില്യ!! നോക്കണേ, മാസത്തിലെ മൂന്നാമത്തെ ബർത്ഡേ ആണ്. അതും പൈസ പിരിച്ചു കേക്ക് മേടിച്ച്!. ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ? ഓരോരോ പരിഷ്കാരങ്ങൾ, ഇതെല്ലാം മുളയിലേ നുള്ളണം”.
ബസ് യാത്രക്ക് തന്നെ ഒരു തുക എന്നും ചിലവാകും. ക്ലാസ്സിലെ കഞ്ചൂസുകൾ രജിതയും (നോം തന്നെ) ലിജിയും സഭ കൂടി ചർച്ചയിലാണ്. ഐക്യദാർഢ്യം പ്രഘ്യാപിച്ചു സബിയും സോണിയും. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം. ബർത്ഡേ കമ്മിറ്റി ഹംനയ്ക്കും രശ്മിയ്ക്കും ഒരു പൂട്ട് പൂട്ടിയെ പറ്റൂ. അല്ലെങ്കിൽ സാമ്പത്തിക ഭദ്രത ആകെ താറുമാറാകും. ഞങ്ങൾ ചട്ടം കൂടി.
ഫസ്റ്റ് ഇയർ ഫങ്ഷണൽ ഇംഗ്ലീഷ് ക്ലാസ്, പണ്ട് ശ്രീക്ഷ്ണയിലെ പൂട്ടി പോയ ലേഡീസ് ഹോസ്റ്റലിലെ ഒരു മുറിയിൽ ആയിരുന്നു. നടുമുറ്റം ഒക്കെ ഉള്ള ഒരു കെട്ടിടം, എൽ എച്ച് (ലേഡീസ് ഹോസ്റ്റൽ ) എന്ന ഓമന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ക്ലാസ്സിന് അറ്റാച്ഡ് ആയി പണ്ട് തരുണീമണികൾ യൂസ് ചെയ്തിരുന്ന ഒരു ശൗചാലയം (ഇന്ന് ഉപയോഗശൂന്യം) കൂടെ ഉണ്ട്. ക്ലാസ്സിൽ മുക്കാൽഭാഗവും പെൺകുട്ടികളായിരുന്നു. അവർ സമർഥരും, സൗന്ദര്യവതികളും, സർവോപരി സ്വഭാവഗുണ സമ്പന്നരും ആയതിനാൽ പുറമെ നിന്നും ബോയ്സ്, പ്രത്യേകിച്ച് സീനിയേഴ്സ് അവരോട് കൂട്ട് കൂടാനും മിണ്ടാനും മത്സരിച്ചു. ക്ലാസ്സിൽ നിന്ന് ടീച്ചർ പഠിപ്പിച്ചു മടുത്ത് ഇറങ്ങി പോയാൽ ഉടൻ പൊറത്തൂന്ന് പിന്നെ ഒരു തള്ളി കയറ്റമാണ്. ചെറിയ ക്ലാസ്റൂമിൽ പൊറത്തൂന്ന് വന്ന ഫാൻസ്സിനു സ്ഥലം തികയാത്തതുകൊണ്ട് ഞങ്ങളുടെ ക്ലാസ്സിലെ അംഗസംഖ്യ കുറവുള്ള ബോയ്സ് അവരുടെ സീറ്റ്സ് “സീനിയേഴ്സി “ന് ഇഷ്ടമില്ലെങ്കിലും കൊടുക്കാൻ നിർബന്ധിതരായി. എന്ത് പറയേണ്ടു, വേറെ എങ്ങോട്ടും പോകാൻ ഇടമില്ലാത്ത അവർ പിന്നെ ഉപയോഗശൂന്യമായ ശൗചാലയത്തിൽ ഒരാശ്വാസം കണ്ടെത്തി.
അവരുടെ ഇരിപ്പിടം പോയ ഫ്രസ്ട്രേഷൻ, അവർ ശൗചാലയത്തിന്റെ ചുമരിൽ ശക്തിയായി “ട്ടീഷ് ട്ടീഷ്” ഇടിച്ചു തീർത്തു. ആ വഴി ജിമ്മിൽ ചേരാതെ തന്നെ അവരുടെ കയ്യിലെ മസിലു പെരുത്ത് പെരുത്ത് വന്നു.
ഡും ഡും ഡും, എന്ന് ശൗചാലയത്തിൽ നിന്ന് പ്രവഹിക്കുന്ന ഇടിയൊച്ച കേട്ട് ഞങ്ങളുടെ സീനിയർ ഫാൻ ബോയ്സ് കാര്യം അന്വേഷിക്കുമ്പോ “ഹെയ് കാര്യാക്കണ്ട, ഞങ്ങടെ ക്ലാസ്സിലെ ആമ്പിള്ളേർ എല്ലാരും കിറുക്കന്മാരാണ്!” എന്ന് ഞങ്ങൾ ഗേൾസ് നിർദാക്ഷിണ്യം പറഞ്ഞു.
അങ്ങനെ ആ സമയം ആഗതമായി. പുറത്തു ഭയങ്കര ആരവം. ചീഫ് ഗസ്റ്റ് കാസിം കോയയെ ആനയിച്ചു ബർത്ഡേ കമ്മിറ്റി ഹംനയും രശ്മിയും ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് വരുന്ന വരവാണ്. റെയ്ബാൻ വച്ച കോയക്ക് എല്ലാരും വഴിമാറി കൊടുത്തു. കോയ തനിക്കു കിട്ടുന്ന ആദരവിൽ രോമാഞ്ച കഞ്ചുകനായി എല്ലാരേം നോക്കി വഴി നീളെ തലയാട്ടികൊണ്ടേയിരുന്നു.കേക്ക് ഉണ്ടെന്നറിഞ്ഞു ഒരു പറ്റം വിദ്യാർഥികൾ ക്ലാസ്സിന് മുന്നിൽ കൂട്ടം കൂടി. ആ സമയം മേശമേല് വച്ച കേക്കിനെ ഞാൻ മുജ്ജ്ന്മ പകയോടെ നോക്കി. കോയ ഞങ്ങളുടെ ക്ലാസ്സിലേക്ക് കേറി താല്കാലികമായി അറേഞ്ച് ചെയ്ത ചീഫ് ഗസ്റ്റ് ഇരിപ്പിടം, അതായത്, ടീച്ചറിന്റെ കസേരയിൽ കേറി നിവർന്ന് ഇരിന്നു. തന്റെ തന്നെ സമപ്രായക്കാരായ ഞങ്ങളെ നോക്കി കോളിനോസ് ചിരി ചിരിച്ചു.
“കാസിം കോയക്ക് ഇവിടെ എന്താ കാര്യം! ” കാസിമിന്റെ മീശയിലും റെയ്ബാൻ ഗ്ലാസ്സിലും അസൂയ പൂണ്ട ക്ലാസ്സ്മേറ്റ് ബോയ്സ് കുശുകുശുത്തു. തന്റെ ബർത്ഡേയ്ക്ക് കാസിം സ്റ്റാർ ആവുന്നത് കണ്ടു മൂഡോഫ് ആയി മൂലയിൽ ഇരുന്ന സുബ്രുനെ കേക്ക് കമ്മിറ്റിക്കാർ പിടിവലി നടത്തി മുന്നോട്ട് കൊണ്ടുവന്നു കയ്യിൽ കത്തി പിടിപ്പിച്ചു കേക്ക് മുറിക്കാൻ ആജ്ഞാപിച്ചു. ഈ പ്രഹസനത്തിന്റെ ഇടയിൽ ബാക്കി ഉള്ളോരു “ഹാപ്പി ബർത്ഡേ” കൂട്ടത്തോടെ കയ്യടിച്ചു പാടി. സുബ്രു കേക്ക് മുറിച്ചു .
ഇനി കോയേടെ ഊഴമാണ്. കോയ അധ്യക്ഷ പ്രസംഗത്തിന് എണീറ്റപ്പോ, ഉടൻ തന്നെ ഞാൻ “പ്രതിഷേധ” പ്രസംഗത്തിനും ഒരുമിച്ചു എണിറ്റു. സ്ക്രിപ്റ്റിൽ ഇല്ലാത്ത എന്റെ എൻട്രി കണ്ടു സംശയത്തോടെ കോയ ഇരിക്കണോ നിൽക്കണോ അതോ പോണോ എന്ന് ആലോചിച്ചു നില്കുമ്പോ ഞാൻ ഒട്ടും അമാന്തിക്കാതെ എന്റെ പരാതിക്കെട്ടഴിച്ചു.
“ഇനി ഇവിടെ ബർത്ഡേക്കു പൈസ പിരിവു നടത്താൻ പറ്റില്യ. സമ്മതിക്കില്യ ഞാൻ!“ എംടിയുടെ സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമായി ഞാൻ സ്വയം മാറുകയായിരുന്നു. എന്നിട്ട് ഒരു വല്യ അങ്കത്തിന് അങ്ങോട്ട് തുടക്കം കുറിച്ചു.
ഇതിപ്പോ ന്റെ മാത്രം അഭിപ്രായം അല്ലേയ്! പിന്തുണ ഉറപ്പിച്ചു കൂട്ടുകാരികളെ നോക്കിയപ്പോൾ എല്ലാരും കല്യാണപെണ്ണുങ്ങളെ പോലെ തലേം താഴ്തി ഇരിക്കുന്നു. എനിക്ക് അപായ സിഗ്നൽ കിട്ടി.
എന്താ രജിതേടെ പ്രശ്നം? ഇടയ്ക്കു കോയ ഇടപെട്ടു.
കൈ ഉയർത്തി തല വലത്തോട്ട് വെട്ടിച്ചു കണ്ണടച്ച് ഞാൻ അല്പം സെന്റി അടിച്ചു തുടർന്നു:
“മാരുതീ വരുന്ന കോയക്കു അത് ചോദിക്കാൻ അവകാശമില്യ. ഞങ്ങള് അങ്ങ് മലപ്പുറം ജില്ലേന്ന് ബസ് പിടിച്ചു വരുന്നവരാണ്. ഇങ്ങോട്ട് എത്താൻ ഒരുറുപ്യ ഇരുപത് പൈസ വേണം അങ്ങോട്ടും അത്രേന്നെ… അപ്പൊ കണക്കെത്ര?”
കോയ ഉത്തരം മുട്ടി കണ്ണ് മിഴിച്ചു നിന്നു.
അതുകണ്ട് ആവേശത്തിൽ ഞാൻ തുടർന്ന് പ്രസംഗിച്ചു “ഇവിടെ ഉള്ള “ലോക്കൽസിനെ” പോലെ 20 പൈസ കൊടുത്തല്ല വരണത്.” ആ ഡയലോഗിൽ ക്ലാസ് മുഴോൻ എന്റെ ശത്രുക്കളായി. അവരുടെ “ഈഗോ” ക്കു കാര്യമായ ക്ഷതം സംഭവിച്ചു കഴിഞ്ഞു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലാല്ലോ, (ലാലേട്ടൻ പറഞ്ഞിട്ടുണ്ട്)
ഇടം കണ്ണ് കൊണ്ട് ഞാൻ ബാക്കി ആമ്പിള്ളേരെ ഒന്ന് നോക്കി. അവര് കാക്ക മേലെ കാഷ്ടിച്ചാൽ ഇടുന്ന എക്പ്രഷൻ ഇട്ട് എന്റെ പെർഫോർമസ് നോക്കി നിൽക്കുകയായിരുന്നു.
അവർക്കു കാസിം കോയക്ക് കിട്ടുന്ന അറ്റെൻഷൻ ഇഷ്ടപെട്ടില്ലെങ്കിലും, ക്ലാസ്സിലെ “എച്ചിപ്പട്ടം ” എനിക്ക് തന്നെ തന്നു.അപ്പോഴേക്കും ക്ലാസ്സിലെ മുറുമുറുപ്പ് ഒരു വാഗ്വാദത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. പുറത്ത്, ഒരു പീസ് കേക്ക് കിട്ടാൻ സ്കോപ്പ് ഉണ്ടോന്ന് നോക്കി നിന്നവർക്ക് ക്ലാസ്സിലെ അടിപിടി കേക്കിനേക്കാളും മാധുര്യം പകർന്നു.
കോയ രണ്ടു കയ്യും പൊക്കി “സമാധാനത്തിന്റെ ” സിഗ്നൽ തുടരെ തുടരെ ഇട്ടുകൊണ്ടേയിരുന്നു.
ഇടയ്ക്കു ഞാൻ ഒരു ഐഡിയ പറയാം, എല്ലാരും ശാന്തരാകൂ എന്ന് പറഞ്ഞപ്പോ, “അതിഥി” എന്ന പരിഗണനയിൽ ഞങ്ങൾ ഫങ്ഷണൽ ഇംഗ്ലീഷുകാർ ഒരു നിമിഷം മാത്രം കോയക്കു കൊടുത്തു.
“അടുത്ത തവണ നമുക്ക് കേക്ക് വേണ്ട, പകരം ഒരു കിലോ നേന്ത്രപ്പഴം ആയാലോ? അത് മുറിച്ച് ഇനിയുള്ള ബർത്ഡേസ് എല്ലാം നമുക്ക് ആഘോഷമാക്കാം“. ജോസ് പ്രകാശിന്റെ എക്സ്പ്രെഷൻ ഇട്ടു കോയ വല്യ ഒരു ഐഡിയ പറഞ്ഞ പോലെ കയ്യും കെട്ടി നിന്നു. പക്ഷെ കാറ്റു കോയക്ക് എതിരെയും ശക്തിയായി വീശി. ഐഡിയ കേട്ട ഞങ്ങൾ ഫങ്ഷണൽ ഇംഗ്ലീഷുകാർ, ഇനി ഒരു നിമിഷം കോയയെ ഇവിടെ വച്ചോണ്ടിരിക്കാൻ പാടില്ല്യന്ന് ഒത്തൊരുമയോടെ തീരുമാനിച്ചു. അതുവരെ ശൗചാലയത്തിൽ ഉരുട്ടി പരത്തി എടുത്ത മസിൽ ഫങ്ഷണൽ ബോയ്സ് പുറത്തെടുത്തു. പിന്നെ അങ്ങോട്ട് ആൺ പെൺ ഭേദമന്യേ എല്ലാരുടേം കയ്യും മെയ്യും നാക്കും ഒരുപോലെ പോരാടി. ഇതെല്ലാം കണ്ടു ഞാൻ എന്തിന് ഈ ദിവസം ജനിച്ചു ദൈവമേ എന്ന് സ്വയം വിധിയെ പഴിച്ചു കൊണ്ട് ബർത്ഡേ ബോയ് സുബ്രു തലയ്ക്കു കൈ കൊടുത്ത് ഇരിപ്പുണ്ടാരുന്നു. സമാധാനപ്രിയരായ ഒന്നു രണ്ടു വിദ്യാർത്ഥിനികൾ മാത്രം അവന്റെ ബർത്ഡേയ്ക്കുണ്ടായ അനിഷ്ട സംഭവത്തിൽ അവനോട് മാപ്പപേക്ഷിച്ചു.
അപ്പോഴേക്കും കൂട്ടത്തല്ലിന്റെ ഇടയിൽ പെട്ട് ചളുങ്ങി കുടുങ്ങിയ ചീഫ് ഗസ്റ്റ് ശ്രീ കോമളം കോയ ആരുടെയോ തള്ളിന്റെ ബലത്തിൽ ക്ലാസ്സിന്റെ പുറത്തു പോയി ക്രാഷ് ലാൻഡ് ചെയ്തു. പിന്നെ മൂക്കിൽ നിന്ന് സ്ഥാനഭ്രംശം സംഭവിച്ച റെയ്ബാൻ പൂർവസ്ഥിതിയിൽ ആക്കി “ഈ പണിക്കു വരണ്ടായിരുന്നു “എന്ന് ഉരുവിട്ടു സ്വന്തം ക്ലാസ്സിലോട്ടു നടന്നു പോയി. ഇനി ഒരു ചീഫ് ഗസ്റ്റ് ആവാനുള്ള മോഹം കോയ ആ വരാന്തയിൽ ഉപേക്ഷിച്ചു. അന്നത്തെ പോരാട്ടം അവസാനിച്ചത് എല്ലാരും വീട്ടിൽ പോകാനുള്ള കൂട്ടമണി അടിച്ചപ്പോഴാണ്. അപ്പോഴും “ആര് സഹകരിച്ചില്ലേലും ഈ ക്ലാസ്സിലെ ഒരോർത്തരുടേം ബർത്ഡേ ഈ ഞാൻ നടത്തും” എന്ന് സന്തോഷ് എന്നെ വീണ്ടും വെല്ലു വിളിച്ചു. വിചാരിച്ച സപ്പോർട്ട് കിട്ടാതെ പദ്ധതി മൊത്തം ചീറ്റി പോയ സങ്കടത്തിൽ ഞാൻ ലിജിയെയും വലിച്ചു കരഞ്ഞു മൂക്കു പിഴിഞ്ഞ് കുന്നംകുളത്തേക്കുള്ള ഫസ്റ്റ് ബസ് കിട്ടാൻ പാഞ്ഞു.