പണ്ട് സ്കൂൾ കാലഘട്ടത്തിലെ കുമ്മിയടിയും അതിന്റെ ഭാഗമായി നടന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞു എനിക്ക് എടുക്കേണ്ടി വന്ന ശപഥം ഒഫീഷ്യൽ ആയി ബ്രേക്ക് ചെയ്യേണ്ടി വന്നത് 2019 ഇൽ ഞാൻ കേരളം സമാജം മ്യുണിക്ന്റെ കമ്മിറ്റിയിൽ കയറിയതോട് കൂടെ ആയിരുന്നു. 2017 ഇലെ KSM ജനറൽ ബോഡി മീറ്റിംഗ് നു സമാജം മെമ്പര്മാർക്ക് ഫ്രീ ലഞ്ച് ഉണ്ടെന്നു അറിഞ്ഞു പോയ ഞാൻ തിരിച്ചു വീട്ടിലെത്തിയത്ത് "കമ്മിറ്റീ ഭാരവാഹി " കിരീടം ചൂടി കൊണ്ടായിരുന്നു. പ്രസിഡന്റ് ഗിരി യുടെ നേതൃത്വത്തിൽ ഉള്ള 2017 / 2019 കമ്മിറ്റിയുടെ പരിഷ്കാരം കൊണ്ടു പൊറുതി മുട്ടിയ ഒരു പാവം കമ്മിറ്റി മെമ്പർ ആയിരുന്നു ഞാൻ.
1994 ലെ കുമ്മിയടിക്കു ശേഷം എനിക്ക് സ്റ്റേജ് എന്ന് പറയുന്നത് ചതുര്ഥിയായിരുന്നു. സ്പീച് കൊടുക്കുക ഡാൻസ് ചെയ്യുക ഇതൊന്നും എന്റെ അജണ്ടയിൽ വരുന്ന കാര്യങ്ങളെ അല്ല. എന്നാലും ഇടയ്ക്കിടെ ഞാൻ പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ ഒക്കെ “ഭടന്റെ” റോളിൽ മുഖ്യതിഥിക്ക് തെളിയിക്കാൻ വച്ച വിളക്കിൽ എന്ണ ഒഴിക്കാനോ, തിരി പിഴിയണോ, അതുമല്ലെങ്കിൽ ഇവരുടെ ഒകെ നടുക്ക് നിന്ന് “എനിക്ക് പേടിയൊന്നും ഇല്യ ട്ടാ” എന്ന ആറ്റിട്യൂട് ഇട്ടു ആഞ്ഞു കയ്യടിക്കാനും സിനിമ ഇലെ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ റോളിൽ മിന്നി മറഞ്ഞു.
അങ്ങനെ കമ്മിറ്റിയുടെ കാലാവധി കഴിയാറായി. 2019 ഇലെ ക്രിസ്മസ് പരിപാടിയോട് കൂടെ. രാത്രി പാതിരാ വരെ നീളുന്ന സ്കൈപ്പ് ചർച്ചയിൽ പ്രസിഡന്റ് ഞങ്ങൾ ‘സാദാ’ മെമ്പർമാർക്ക് പണി പകുത്തു കൊടുക്കുന്ന തിരക്കായിരുന്നു. ഞാനാണേൽ സ്കൈപ്പ് മ്യുട്ട് ആക്കി ഒറക്കം തൂങ്ങി ഇരുപ്പാണ്. അപ്പോഴാണ് “നന്ദി പ്രസംഗം” ഇത്തവണ രജിത ചെയ്യട്ടെ എന്ന ഇടിത്തീ തീരുമാനം ഞാൻ കേട്ടത്.
ഹെന്ത് ? ഇവർക്കെന്തറിയാം എന്നെ പറ്റി എന്റെ വിശ്വവിഘ്യാതമായ ശപഥത്തെ പറ്റി! പക്ഷെ എന്റെ പ്രതിഷേധം ടീം പക്ഷെ ശ്രദ്ധിക്കുന്ന മട്ടില്ല.അവർ അടുത്ത ടോപ്പിക്ക് എടുത്തു.
ഇതെന്താ ഇവർക്കു ചെവി കേൾക്കാൻ മേലെ?
അപ്പോഴാണ് അക്കിടി പറ്റീത് മനസ്സിലാകുന്നത്. ഞാൻ മ്യുട്ട് ആണ്!
എന്തായാലും നാളെ ആവട്ടെ പറഞ്ഞു നോക്കാം. പിറ്റേന് രാവിലെ എണീറ്റ ഉടനെ ഞാൻ മൊബൈൽ എടുത്തു എല്ലാ കമ്മിറ്റീ സുഹൃത്തുകൾക്കും ഒരേ മെസേജ് നിരത്തി വിട്ടു.
“എന്നെ ഇതിന്ന് ഒന്ന് ഒഴിവാക്കി തരണം. ഇത്രയും സ്ട്രെസ് താങ്ങാൻ ഈ ബോഡിക്കു കെൽപില്യ .എങ്ങാനും സ്റ്റേജിൽ വച്ച് ബോധം പോയാൽ അത് നിങ്ങൾക്കൊരു നാണക്കേടാവും.അതോണ്ട് എന്നെ ഒഴിവാക്കണം. പ്ളീസ്! : നിങ്ങളുടെ സ്വന്തം : രജിത”
റിപ്ലൈ ഓരോന്നായി വരാൻ തുടങ്ങി,
പ്രസിഡന്റ് ഗിരി :“ഓ പിന്നെ, രജിത അറിയാവുന്ന പോലെ അങ്ങ് പറഞ്ഞാൽ മതി. കുളമായാൽ ഞങ്ങൾ സഹിച്ചു”
സെക്രട്ടറി അതുൽ :“വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു ബോധം പോണത് ഒന്ന് കാണട്ടെ!”
മെമ്പർ ഗണേഷ് :“നിങ്ങള് ചെയ്യിൻ, നിങ്ങളെ കൊണ്ടു സാധിക്കും”
ഏറെ കുറെ പെട്ടു. മനുഷ്യന്റെ അവസ്ഥ പറഞ്ഞ മനസ്സിലാകാത്ത കാട്ടാള ഹൃദയത്തിന്റെ ഉടമകൾ.
എന്റെ ഏത് പ്രതിസന്ധി ഘട്ടത്തിലും പരിഹാര മാർഗം ആയി എത്താറുളള എന്റെ കൂടെ ജോലി ചെയ്യണ ജർമൻകാരിയോട് ഞാൻ കാര്യം അവതരിപ്പിച്ചു. മൂപ്പരാണ് “Dr Bach”ന്റെ ഹോമിയോ മരുന്ന് പറഞ്ഞു ചെയ്തത്. വെറും രണ്ടു തുള്ളി മതീത്രെ. ഈ റോഡ് മാർഗം അടച്ചിട്ട കണ്ടെയ്നർ ഇൽ കൊണ്ട് പോകുന്ന കുതിരകൾക്കു കൊടുക്കുന്ന സാധനം ആണത്രെ . അടങ്ങി നിൽക്കാൻ. അപ്പോ അത് വർക്ക് ആവുമായിരിക്കും. അന്നെന്നെ അപോതെക്കേയിൽ (മെഡിക്കൽ ഷോപ് )പോയി ഒരു കുപ്പി വാങ്ങി.ഈച്ചക്കുഞ്ഞി വലിപ്പമേ ഉള്ളു. 12€ (900 ഉറുപ്പിക ) എന്തേലും ആവട്ടെ!
മാനം ആണോ വലുത് യൂറോ ആണോ വലുത് ?
അടുത്ത പടി ഞാൻ എനിക്ക് പറ്റുന്ന വാക്കുകൾ വച്ച് ഒരു പ്രസംഗം റെഡി ആക്കി. കൊക്കിൽ ഒതുങ്ങാവുന്നതല്ലേ കൊത്താവൂ. അത് പ്രൂഫ് റീഡ് ചെയ്യാൻ പ്രിയ കൂട്ടുകാരി കൂട്ടുകാരിയും, ക്ലാസ്സ്മേറ്റ് ഉം ആയിരുന്ന ഹംനയ്ക്കു കൊടുത്തു. അവളു കുറച്ചു പൊടിപ്പും തൊങ്ങലും വച്ച് സംഭവം ഉഷാറാക്കി തന്നു.
“എല്ലാവര്ക്കും എന്റെ നമസ്കാരം. ഇന്നിവിടെ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം നിങ്ങൾക്ക് നന്ദി അപറയുക എന്നതാണ്” ഹംനെ, ഈ “നിക്ഷിപ്തം” പണി തരാൻ ചാൻസ് ണ്ടു ട്ടാ! ഞാൻ എന്റെ നന്ദി പ്രസംഗം ഊണിലും ഉറക്കത്തിലും കാണാതെ ഉരുവിട്ടു. ഓരോ തവണ പറയുമ്പോഴും “നിക്ഷിപ്തം” ത്തിന്റെ പൊസിഷൻ മാറി മാറി വരുന്നു. വേണ്ടായിരുന്നു ഈ സാഹിത്യം.
അങ്ങനെ ആ ദിനം സമാഗമമായി. രാവിലെ എണീറ്റ ഉടനെ രണ്ടു തുള്ളി Bach ഡ്രോപ്സ് വെള്ളം തൊടാതെ അടിച്ചു. പൊതുവെ ഹാളിൽ ഓടി നടക്കാറുള്ള ഞാൻ അന്ന് ഹാളിനു പുറത്തു കമ്മിറ്റീ ട്രീഷറർ ശുഭ യുടെ അടുത്ത് പോയി ഇരുന്നു പ്രസംഗം പലയാവർത്തി പ്രാക്ടീസ് ചെയ്തു. അപ്പോഴാണ് നിമിഷ പ്രസംഗത്തിന്റെ ആശാത്തി ആയ മെമ്പർ ഗുരുവായൂർകാരി ലത യൂടെ വരവ്. ലതയോടു എനിക്ക് നാട്ടുകാരി എന്ന ഒരു മമത ഉണ്ട്. ലത എന്റെ സ്പീച് പ്രാക്ടീസ് കേട്ട് സ്ക്രിപ്റ്റ് കുറച്ചു ഒന്ന് തിരുത്താൻ നോക്കി. എന്നാൽ ഊണിലും ഉറക്കത്തിലും ഉരുവിട്ട് പച്ചവെള്ളമാക്കിയ സ്ക്രിപ്റ്റ് ലെ ഒരു കുനിപ്പോ ദീർഘമോ മാറ്റാൻ ഞാൻ കൂട്ടാക്കിയില്ല.
എന്റെ അമിത വെപ്രാളം കണ്ടു ലത കുറച്ചു അധികം ചിരിച്ചില്ലേ?
എന്റെ മമതയുടെ അളവ് സെക്കന്റ് വെച്ചു കുറയുകയും ബിപി ലെവൽ ഷൂട്ട് അപ്പ് ചെയ്യുകയും ചെയ്തു. കയ്യിൽ ആരേം കാണിക്കാതെ മുറുക്കെ പിടിച്ച Bach ഡ്രോപ്സ് ആയി ഞാൻ ആളൊഴിഞ്ഞ ഒരു കോണിലേക്കു പോയി. ഒളിച്ചു കള്ളു കട്ട് കുടിച്ചു ചിറി തുടച്ചു വരണ ആൾക്കാരുടെ ഗതി ആയി എനിക്ക്. അത് പോലെ ഡ്രോപ്സ് എനിക്ക് വീണ്ടും വീണ്ടും സേവിക്കേണ്ടതായി വന്നു.
പ്രസംഗിക്കുമ്പോ ബോധം പോയാൽ തെളിക്കാൻ ഒരു കുപ്പി വെള്ളം റെഡി ആക്കി. Bach നെ മനസ്സിൽ ധ്യാനിച്ച് എന്റെ നമ്പർ വരണത് കാത്തു നിൽക്കുമ്പോഴാണ് ഒരു പിൻവിളി കേട്ടത് :”രജിത പൊളിക്കിൻ, ഞാൻ ഇവിടെ ണ്ടു”. നോക്കിപ്പോ ദേ നിൽക്കുന്നു , തൊട്ടു മുന്നത്തെ പ്രോഗ്രാം ആയ ഡ്രാമ യുടെ കോസ്റ്റുമിൽ പ്രസിഡന്റ് ഗിരി! എന്റെ മനസ്സിൽ രോഷം ഇരച്ചു പൊങ്ങി. “തട്ടേനു ഇറങ്ങട്ടെ” മുറുമുറുത്തു കൊണ്ട് ഞാൻ മൈക് എടുത്തു.
എന്തോ പന്തികേട് ഉണ്ടല്ലോ.ഒരു രണ്ടു മിനിറ്റ് വരെ നിറഞ്ഞു കവിഞ്ഞ ഹാൾ ഏറെ കുറെ കാലി. കണ്ണ് തിരുമ്മി ഒന്നുടെ സൂക്ഷിച്ചു നോക്കിപ്പോ കണ്ട കാഴ്ച !കൂട്ടം കൂട്ടം ആയി ആളോള് ഹാളിൽ നിന്ന് തിക്കും തിരക്കും കൂടി പൊറത്തേക്കു പായുന്നു.
അതിനു ഞാൻ തുടങ്ങിയില്ലലോ?
ഏതോ കശ്മലൻ ഫുഡ് റെഡിയായി എന്ന ന്യൂസ് പൊറത്തു വിട്ടേക്കുന്നു.
“കൂട്ടരേ! നിക്കിൻ. 13 euro മുടക്കിയുള്ള എന്റെ നന്ദി കൂടെ കേട്ടിട്ടു പോകാം” ആരോട് പറയാൻ. ആര് കേൾക്കാൻ!
എന്തായാലും Bach മുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് ഞാൻ കണ്ണടച്ച് തട്ടി വിട്ടു,
“എല്ലാവര്ക്കും എന്റെ നമസ്കാരം. ഇന്നിവിടെ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം നിങ്ങൾക്ക് നന്ദി പറയുക എന്നതാണ് ” അപ്പോഴേക്കും ഞാൻ “നിക്ഷിപ്തം ”ത്തെ കടിഞ്ഞാൺ ഇട്ടു കഴിഞ്ഞിരുന്നു.