malayogam (2)

മാലയോഗം

തൃശൂർ വിമലയിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പിജി ക്കു ചേർന്ന കാലം. സാഹിത്യത്തിൽ വലിയ വാസന ഇണ്ടായിട്ടല്ല. പണ്ട് വിവാഹകമ്പോളത്തിൽ ഡോക്ടർ മാർക്കും എഞ്ചിനീയർ മാർക്കും ഒകെ ഒപ്പം പിടിച്ചു നിൽക്കാൻ ഉള്ള ഒരു പോംവഴി . വീട്ടിൽ ആണേൽ കല്യാണ ആലോചന യുടെ ബഹളം. പെണ്ണ് കാണൽ എന്ന ചടങ്ങു എത്തുമ്പോഴേക്കും മിക്കതും അലസിപ്പോകാറുമുണ്ട്. അത് കൊണ്ട് എന്നെ പ്രത്യക്ഷമായോ പരോക്ഷമായോ എന്നെ അത് വരെ ബാധിച്ചിട്ടില്ല.അങ്ങനെ ഒരു ദിനം ഗുരുവായൂർ അമ്പല ദർശനം കഴിഞ്ഞു ഇറങ്ങുമ്പോ അമ്മ യുടെ ഡയലോഗ് : ”ദേ വ്ടെ മാലയോഗം എന്ന ഒരു മാര്യേജ് ബ്യൂറോ ഉണ്ട്, അവടെ ഒന്ന് രജിസ്റ്റർ ചെയ്തിടാം, ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ"

അമ്മ എന്റെ കല്യാണത്തിന്റെ പകുതി റെസ്പോണ്സിബിലിറ്റി   നൈസ് ആയി ഗുരുവായൂരപ്പന്റെ തലയിലേക്ക് വച്ച് കൊടുത്തു. അങ്ങനെ കിഴക്കേ നടയിലെ മാര്യേജ് ബ്യൂറോ  ലക്ഷ്യമാക്കി ഞാനും അമ്മയും അച്ഛനും നീങ്ങി.അവിടെയുള്ള  അമ്മാവൻ ഞങ്ങള്‍ക്ക് ഒരു നാരങ്ങാ ജ്യൂസ് ഓർഡർ  ചെയ്തു.അതും കുടിച്ചോണ്ടു ഡീറ്റെയിൽസ് കമ്പ്യൂട്ടറിലേക്ക് കേറ്റുന്ന  പ്രക്രിയയിലേക്കു കടന്നു.

പേര് : രജിത എൻ , വയസ്സ് : 21, ഉയരം : 172  cm

അമ്മാവൻ ടൈപ്പ് ചെയ്യൽ നിർത്തി എന്നെ ഒന്ന് നോക്കി. ഉയരം കൂടുതൽ ആണലോ  കുട്ടിക്ക്…172 cm  എന്നൊക്കെ പറഞ്ഞ… പയ്യമാരെ കിട്ടാൻ ബുദ്ധിമുട്ടാകും. നമുക്ക് ഒരു 168 cm  ഇടാം.

അതെങ്ങനെ ശരിയാകും അമ്മെ? ഈ ബിയോഡേറ്റ  കണ്ടു 170 cm ഉള്ള ഒരാള്‍ വന്ന എന്ത് ചെയ്യും?  എന്റെ സംശയം അപ്പോ തന്നെ ദൂരീകരിക്കാൻ ഒരു ശ്രമം നടത്തി.

മിണ്ടാതിരി, അയാള്‍ പറയുന്നതിൽ  കാര്യം ണ്ടു, അമ്മ എന്നെ ശാസിച്ചു.

സൊ , “പുതുക്കിയ”  ഉയരം : 168 cm

അടുത്തതു വെരി ഇമ്പോര്ടന്റ്റ്  പാർട്ട് ആണ്.

നിറം : ?

അത് വരെ ഉത്തരം പറഞ്ഞു കൊണ്ടിരുന്ന അച്ഛൻ, അത്തവണ അമ്മക്ക് ചാൻസ് വിട്ടു കൊടുത്തു. രണ്ടാമത് ഒന്ന് ആലോചിക്കാതെ അമ്മ പറഞ്ഞു , : ഫെയർ

അമ്മക്ക് തന്‍കുഞ്ഞ്‌ പൊൻകുഞ്ഞാണല്ലോ. അത് കൊണ്ട് എനിക്ക് ആ ഉത്തരത്തിൽ അത്ഭുതം ഒന്നും തോന്നില്യ. പക്ഷെ ഇവിടെ പണിയാകും. ഉയരം കുറച്ചു വച്ചതു പോലെയാവില്യ . ഈ ചതി വയ്യ! ഇടപെട്ടേ പറ്റു. ലൈം ജ്യൂസ് കുടി കഴിഞ്ഞു “സ്ട്രോ” കൊണ്ട് കുപ്പി ചെരിച്ചും മറിച്ചും ബാക്കി തുള്ളി കൂടി വലിച്ചെടുക്കന്നതിൽ വ്യാപൃതയായിരുന്ന ഞാൻ  കുറച്ചു  ഉച്ചത്തിൽ തന്നെ വിളിച്ചു പറഞ്ഞു.

“ഞാൻ “വീറ്റിഷ് ആണ് “ഫെയർ” അല്ല ട്ടാ”

അതെന്തു കേൾക്കാത്ത ഒരു ഐറ്റം എന്ന മട്ടിൽ  അമ്മാവൻ എന്നെ നോക്കി.

ഞാൻ എണിറ്റു;

“അതായത് വീറ്റിഷ്,  ഫെയറിന്റെ അനുജത്തി ആയി വരും. ഗോതമ്പു നിറം” കാര്യങ്ങൾ മുഴുമിക്കാൻ അമ്മാവൻ സമ്മതിച്ചില്യ,

കുട്ടി അവിടെ ഇരിക്കു . “ഫെയർ”  അല്ലേൽ ബുദ്ധിമുട്ടാകും . കുട്ടിക്ക് ആണേൽ പ്രൊഫഷണൽ ഡിഗ്രി ഉം ഇല്യ. (പറയത്തക്ക സൗന്ദ്യര്യോം  ല്യ എന്ന് പറയാതെ പറഞ്ഞോ? ഉവ്വോ! ) അമ്മാവന്റെ ഡയലോഗ് ഇൽ  എന്റെ കോൺഫിഡൻസ് ഒകെ തകർന്നു തരിപ്പണമായി. കുടിച്ച നാരങ്ങാ വെള്ളം ഒകെ ആവിയായി പോകേം ചെയ്തു.

അവടന്നങ്ങോട്ടു അവരുടെ സ്വന്തം പ്രസിദ്ധീകരണം ആയ മാലയോഗം പബ്ലിക്കേഷന്റെ സ്ഥിരം വരിക്കാരായിരുന്നു ഞങ്ങൾ. മാലയോഗം പ്രസിദ്ധീകരണം വീട്ടിൽ കുമിഞ്ഞു  കൂടി. അങ്ങനെയിരിക്കെ എന്റെ ബിയോഡേറ്റ കണ്ടു ഒരു ആലോചന വന്നു. ഒരു ആയുർവേദ ഡോക്ടർ. ഒരു നിർബന്ധം ഉള്ളു  ട്ടാ. അവർക്കു കുട്ടി വെളുത്തിരിക്കണം. വധുവായി ഡോക്ടർ നെ വേണ്ട എന്ന് തീരുമാനിച്ച ആ മഹാമനസ്കൻ ഡോക്ടർ ഓട് ബഹുമാനം തോന്നി .നിങ്ങൾ ഒരു മാതൃക തന്നെ!
കുട്ടിനെ കാണാൻ ചെക്കൻ പരെന്റ്സ്നെ വിടുന്നുണ്ട്. വെളുപ്പുണ്ടേൽ മാത്രമേ ചെക്കൻ വരുന്നുളൂത്രെ.

അസ്സലായി.പണി പാളീലെ? ഇനി എന്തോ ചെയ്യും. ഞാനാണേൽ “ഫെയർ & ലവ് ലി” തേക്കുന്നവളല്ല.അതിൽ ഞാൻ ഖേദിക്കുന്നു.എന്നാൽ  ഈ സിറ്റുവേഷൻ ഈസി ആയി തരണം ചെയ്യാമായിരുന്നു. “ഫെയർ” ആയില്ലേലും മിനിമം ഒരു “ലവ് ലി” എങ്കിലും ആവാമായിരുന്നു.ഇതിപ്പോ കയ്യിലിരിപ്പ് മാത്രമേ ളു! “ഇത് പ്രശ്‍നം ആവും ട്ടാ  അമ്മെ. കാര്യം അങ്ങട് തുറന്നു പറഞ്ഞോളൂ.ഇതെല്ലാം ആ  മാലയോഗത്തിലെ  വിദ്വാന്റെ വിക്രിയ ആണ്നു.ഞാൻ അവരു വിചാരിക്കണ ആളല്ല നു!”

അമ്മക്ക് പക്ഷെ വല്യ മൈൻഡ് ഇല്യ.“വന്നു കണ്ടു പോട്ടെ ഒരു ഡോക്ടറോട് എങ്ങനാ ഫസ്റ്റ് സ്റ്റേജ് ഇൽ വേണ്ട പറയാ”

അതും ശരിയാ ! ഒത്താൽ ഭാവിയിൽ  എടപ്പാൾ കവലയിൽ ഒരു ആര്യവൈദ്യശാല ഇടാം. കമ്പൗണ്ടർ   അയി എനിക്കും  അവിടെ കൂടം .വരട്ടെ! Parents നെ വീഴ്ത്താൻ ഒരു “വിനയ വല” റെഡി ആക്കി ഞാനും  ഇരുന്നു.തീരെ നിറം കുറഞ്ഞ ഒരമ്മയും, വെളുവെളുത്ത അച്ഛനും കാണാൻ വന്നു. ചെക്കന്റെ  പിടിവാശിയുടെ  കാരണം അപ്പൊ  ഇതായിരുന്നു

ഞാൻ ചായയുമായി അവരുടെ  മുന്നിൽ പോയി. നാണം അഭിനയിച്ചു കാൽ കൊണ്ട് മുഴുത്ത ഒരു ചേന വരച്ചു ടീപ്പോയിൽ അമ്മ കൊണ്ട് വച്ച ലഡ്ഡു ഫോക്കസ് ചെയ്തു നിന്നു. ചോദ്യങ്ങക്കെല്ലാം വിനയത്തിന്റെ മേമ്പൊടി പൂശി ഉത്തരം പറഞ്ഞു ഇമ്പ്രെസ്സ് ചെയ്തു. ഇറങ്ങാൻ നേരം അവരുടെ ഡിമാൻഡ് ഒന്ന് അയഞ്ഞ പോലെ തോന്നായ്കയില്യ. എന്തായാലും എന്റെ പാർട്ട് ഒകെ ക്ലിയർ.

ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്യ. മോനോട് ചോദിച്ചു വിവരം പറയാം എന്ന് പറഞു അവർ പടിയിറങ്ങി.

റിസള്‍ട്ട് ഒരു ആഴ്ച കഴിഞ്ഞപ്പോ ഫോൺ കാൾ രൂപത്തിൽ വന്നു . കാൾ അറ്റൻഡ് ചെയ്ത അച്ഛന്റെ മുഖത്തെ ഭാവം നിരൂപിച്ചു  എടുക്കാൻ പറ്റാതെ ഞാനും അമ്മേം പാട് പെട്ടു.

അവസാനം കാൾ കഴിഞ്ഞു അച്ഛൻ പറഞ്ഞു : റിജെക്ടഡ്

“കാര്യം?” കോറസ് ആയി ഞാനും അമ്മേം ചോദിച്ചു

കുട്ടി നിറം പോരാ!

എന്തെ പോ ണ്ടായീ! ആര്യവൈദ്യശാലക്ക് ഇട്ട കല്ല് പുഴക്കി എടുക്കണ്ടെ ഇനിപോ. എന്റെ നിരാശക്കു അറുതി ഇല്യ. അമ്മ പക്ഷെ പെട്ടന്ന് റിക്കവർ ആയി.”സാരമില്യ, കാതു കുത്തിയവൻ പോയാൽ  കടുക്കെൻ ഇട്ടവൻ വരും അത്രേ ളു”അമ്മ സ്ഥിരം പഴഞ്ചൊല്ല് എടുത്തിട്ടു.

കുറച്ചു മാസങ്ങൾക്ക്  ശേഷം ഞങ്ങൾ ലോക്കലി അവൈലബിൾ ആയ ഗുരുവായൂരപ്പനെ വിട്ടു സ്റ്റേറ്റ് കടന്നു മലയുടെ മോളിൽ വസിക്കുന്ന മുരുകനെ കണ്ടു കാര്യം  പറയാൻ തീരുമാനിച്ചു.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ  പഴനിക്ക്  ട്രെയിൻ കാത്തു നില്‍ക്കുമ്പോ ആണ് അമ്മ എന്നെ തോണ്ടി ഒരു കാഴ്‌ച കാണിച്ചു തന്നത്. മ്മടെ  വെളുത്ത ഡോക്ടർ ഉം അയാളുടെ വെളുവെളുത്ത ഭാര്യയും കൂടെ അവിടെ സ്റ്റേഷനിൽ നില്കുന്നു, സകുടുംബം . അയാളെ നോക്കി ഞാൻ മനസ്സിൽ ചോദിച്ചു. ഓർമ്മയുണ്ടോ ഈ മുഖം!

മനസ്സിൽ അവർക്കു മംഗളം നേർന്നു ഞങൾ പഴനിയിലേക്ക് വണ്ടി കേറി.
ഹര ഹരോ ഹര !!